സീ കേരളത്തിലൂടെ ഡയറക്ട് ടെലിവിഷന്‍ പ്രീമിയര്‍ ആയി ഏപ്രിലില്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തും

വിഷ്‍ണു ഉണ്ണികൃഷ്‍ണനും സാനിയ ഇയ്യപ്പനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കൃഷ്‍ണന്‍കുട്ടി പണിതുടങ്ങി' എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് സൂരജ് ടോം ആണ്. 'പാ.വ', 'എന്‍റെ മെഴുതിരി അത്താഴങ്ങള്‍' എന്നിവയാണ് സൂരജ് ടോം മുന്‍പ് സംവിധാനം ചെയ്‍ത ചിത്രങ്ങള്‍.

ആനന്ദ് മധുസൂദനന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പെപ്പര്‍കോണ്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ നോബിള്‍ ജോസ് ആണ്. സംഗീത സംവിധാനവും ആനന്ദ് മധുസൂദനന്‍ ആണ്. ഛായാഗ്രഹണം ജിത്തു ദാമോദര്‍. എഡിറ്റിംഗ് കിരണ്‍ ദാസ്. അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് എസ്. 

വിജിലേഷ്, സന്തോഷ് ദാമോദര്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ജോയ് ജോണ്‍ ആന്‍റണി, ജോമോന്‍ കെ ജോണ്‍, ടോമി കുമ്പിടിക്കാരന്‍, അഭിജ ശിവകല, ഷെറിന്‍, ബേബി ശ്രീലക്ഷ്‍മി, ബേബി ഇസ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീ കേരളത്തിലൂടെ ഡയറക്ട് ടെലിവിഷന്‍ പ്രീമിയര്‍ ആയി ഏപ്രിലില്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. സീ നെറ്റ്‍വര്‍ക്കിന്‍റെ തന്നെ ഒടിടി പ്ലാറ്റ്ഫോം ആയ സീ5ലും ചിത്രം ലഭ്യമായിരിക്കും.