ഏഷ്യാനെറ്റിന്‍റെ ഇത്തവണത്തെ പ്രത്യേക ഓണപ്പരിപാടിയിലെ സവിശേഷ സാന്നിധ്യം മോഹന്‍ലാല്‍ ആണ്. 'ലാലോണം നല്ലോണം' എന്ന് പേരിട്ടിരിക്കുന്ന മൂന്ന് മണിക്കൂര്‍ വിനോദവിരുന്നില്‍ വ്യത്യസ്തതരം കലാവിഭവങ്ങളുണ്ട്. ഇപ്പോഴിതാ പരിപാടിയുടെ ട്രെയ്‍ലര്‍ പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ പുറത്തുവിട്ടിരിക്കുന്നത്.

മോഹന്‍ലാല്‍ രാവണനും കുംഭകര്‍ണ്ണനും വിഭീഷണനുമായി വേഷപ്പകര്‍ച്ച നടത്തുന്ന നാടകം ലങ്കാലക്ഷ്മി, പ്രശസ്ത ഗായകരായ സിതാര, സച്ചിൻ വാരിയർ, നജിം അർഷാദ്, നേഹ വേണുഗോപാൽ, നിഷാദ്, രേഷ്മ എന്നിവർക്കൊപ്പം മോഹൻലാലും പ്രയാഗ മാർട്ടിനും ആര്യ ദയാലും ചേർന്നൊരുക്കുന്ന അന്താക്ഷരി, മോഹൻലാൽ, ഹണി റോസ്, പ്രയാഗ മാർട്ടിൻ, അനുശ്രീ, ദുര്‍ഗ, നിഖില വിമൽ, രചന നാരായണൻകുട്ടി എന്നിവർ ഒന്നിക്കുന്ന നൃത്തം, പ്രശസ്ത മെന്‍റലിസ്റ്റ് ആദിയും മോഹൻലാലും ചേർന്ന് അവതരിപ്പിക്കുന്ന ഷോ, നിത്യഹരിതഗാനങ്ങളാൽ ഒരുക്കിയ സംഗീതവിരുന്ന് ഇവയെല്ലാം ഉള്‍പ്പെട്ട വിനോദ വിരുന്നാണ് 'ലാലോണം നല്ലോണം'.