ഉണ്ണി ആറിന്‍റെ കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്‍ത് ദുല്‍ഖര്‍ നായകനായി 2015ല്‍ പുറത്തെത്തിയ ചിത്രമാണ് 'ചാര്‍ലി'. തീയേറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രത്തിന്‍റെ മറാത്തി റീമേക്ക് നേരത്തെ പ്രദര്‍ശനത്തിനെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ തമിഴ് റീമേക്കും റിലീസിന് ഒരുങ്ങുന്നു. 'മാര' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. 

മലയാളത്തില്‍ ദുല്‍ഖറും പാര്‍വ്വതിയും അവതരിപ്പിച്ച കഥാപാത്രങ്ങളായി എത്തുന്നത് മാധവനും ശ്രദ്ധ ശ്രീനാഥുമാണ്. അപര്‍ണ ഗോപിനാഥിന്‍റെ കഥാപാത്രമായി ശിവദയും കല്‍പ്പനയ്ക്കു പകരം അഭിരാമിയും എത്തുന്നു. മാലാ പാര്‍വ്വതി, സീമ, കിഷോര്‍, അലക്സാണ്ടര്‍ ബാബു, മൗലി എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'കല്‍ക്കി' എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധ നേടിയ ദിലീപ് കുമാറിന്‍റെ ഫീച്ചര്‍ ഫിലിം അരങ്ങേറ്റമാണ് ചിത്രം. പ്രമോദ് ഫിലിംസിന്‍റെ ബാനറില്‍ പ്രതീക് ചക്രവര്‍ത്തിയും ശ്രുതി നല്ലപ്പയും നിര്‍മ്മിക്കുന്ന ചിത്രം ഡയറക്ട് ഒടിടി റിലീസ് ആണ്. ആമസോണ്‍ പ്രൈമിലൂടെ ജനുവരി എട്ടിന് പ്രേക്ഷകരിലേക്കെത്തും.