ജേക്കബ് ഗ്രിഗറി, അനുപമ പരമേശ്വരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷംസു സായ്‍ബാ സംവിധാനം ചെയ്യുന്ന 'മണിയറയിലെ അശോകന്‍' എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. വേഫെയറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ചിത്രം ഡയറക്ട് ഒടിടി റിലീസ് ആണ്. തിരുവോണദിനത്തില്‍ നെറ്റ്ഫ്ളിക്സിലൂടെയാണ് റിലീസ്. ജേക്കബ് ഗ്രിഗറിയുടെ ഇതുവരെ കാണാത്തതരം കഥാപാത്രവും അഭിനയമുഹൂര്‍ത്തങ്ങളുമാവും ചിത്രത്തിലേത് എന്ന് പ്രതീക്ഷ തരുന്നതാണ് ട്രെയ്‍ലര്‍.

ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിനീത് കൃഷ്ണന്‍റേതാണ് തിരക്കഥ. സജാദ് കാക്കു ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. ശ്രീഹരി കെ നായർ സംഗീതം. ഷിയാസ് അമ്മദ്കോയയുടേതാണ് വരികൾ. മലയാളത്തിലെ രണ്ടാമത്തെ ഡയറക്ട് ഒടിടി റിലീസ് ആണ് മണിയറയിലെ അശോകന്‍. ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും ആണ് മലയാളത്തിലെ ആദ്യ ഡയറക്ട് ഒടിടി റിലീസ്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. മഹേഷ് നാരായണന്‍റെ ഫഹദ് ചിത്രം 'സി യു സൂണും' ഓണത്തിനുള്ള ഡയറക്ട് ഒടിടി റിലീസ് ആണ്. ആമസോണ്‍ പ്രൈമിലൂടെ സെപ്റ്റംബര്‍ ഒന്നിനാണ് ഈ ചിത്രം എത്തുക.