റിലീസിന് ആറു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ വിജയ് നായകനാവുന്ന 'മാസ്റ്ററി'ന്‍റെ പുതിയ പ്രൊമോ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. 19 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സംഘട്ടന രംഗങ്ങളും വിജയ്‍യുടെ സംഭാഷണശകലവുമുണ്ട്. കഴിഞ്ഞ മാസം പുറത്തെത്തിയ ചിത്രത്തിന്‍റെ ടീസറിന് യുട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വലിയ പ്രതികരണം ലഭിച്ചിരുന്നു.

കൊവിഡ് ആരംഭിച്ചതിനുശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ വന്‍ റിലീസ് ആണ് 'മാസ്റ്റര്‍'. ഏപ്രില്‍ 9ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് സാഹചര്യത്തില്‍ വൈകുകയായിരുന്നു. 'കൈതി'ക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റിലീസ് നീണ്ട സാഹചര്യത്തില്‍ ഒടിടി റിലീസിന് സമ്മര്‍ദ്ദമുണ്ടായെങ്കിലും തീയേറ്റര്‍ റിലീസ് എന്ന തീരുമാനത്തില്‍ നിര്‍മ്മാതാവ് ഉറച്ചുനില്‍ക്കുകയായിരുന്നു. 'വിജയ് ദി മാസ്റ്റര്‍' എന്ന പേരിലെത്തുന്ന ഹിന്ദി മൊഴിമാറ്റ പതിപ്പിനും വന്‍ റിലീസ് ആണ് വിതരണക്കാര്‍ പ്ലാന്‍ ചെയ്യുന്നത്. 

അതേസമയം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ കേരളത്തിലെ തീയേറ്ററുകള്‍ തുറക്കാനാവില്ലെന്ന് ഫിലിം ചേംബര്‍ നിലപാട് എടുത്തതോടെ മാസ്റ്ററിന്‍റെ കേരള റിലീസ് പ്രതിസന്ധിയിലായി. വിനോദ നികുതി ഒഴിവാക്കണമെന്നും പ്രദര്‍ശന സമയങ്ങള്‍ മാറ്റണമെന്നുമാണ് ഫിലിം ചേംബറിന്‍റെ ആവശ്യം. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്റർ തുറക്കാനാകില്ലെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മാസ്റ്ററിന്‍റെ കേരളത്തിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിരുന്നു. ട്രാവന്‍കൂര്‍ ഏരിയയിലെ വിതരണാവകാശം നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസിനും കൊച്ചിന്‍-മലബാര്‍ ഏരിയയുടെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ്.