കണ്ണപ്പ ജൂണ്‍ 27ന് തിയറ്ററുകളില്‍ എത്തും.
കേരളത്തിലടക്കം ചർച്ചയായി മാറിയ മോഹൻലാലിന്റെ തെലുങ്ക് ചിത്രം കണ്ണപ്പയുടെ ട്രെയിലർ റിലീസ് ചെയ്തു. ദൈവം ഇല്ലെന്ന് വിശ്വസിച്ചിരുന്നൊരാൾ ശിവ ഭക്തനായി മാറുന്ന കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഭക്തിക്കൊപ്പം മാസും ആക്ഷനും നിറച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നത്. വിഷ്ണു മഞ്ചു നായകനായി എത്തുന്ന ചിത്രത്തിൽ അക്ഷയ് കുമാർ, പ്രഭാസ്, മോഹൻലാൽ തുടങ്ങിയ പ്രമുഖ താരങ്ങളാണ് അണിനിരന്നിരിക്കുന്നത്.
വിഷ്ണു മഞ്ജു, മോഹൻ ബാബു , മുകേഷ് റിഷി, പ്രഭുദേവ, ശരത് കുമാർ തുടങ്ങി സിനിമയിലെ താരങ്ങളും അണിയറപ്രവർത്തകരും മലയാള സിനിമാ മേഖലയിലെ ക്ഷണിക്കപ്പെട്ട അതിഥികളും ഇന്ന് നടന്ന ട്രെയിലര്‍ ലോഞ്ചിനായി കൊച്ചിയില്‍ എത്തിയിരുന്നു. മോഹന്‍ലാലും ചടങ്ങില്‍ എത്തിയിരുന്നു.
മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന കണ്ണപ്പ ജൂണ്‍ 27ന് തിയറ്ററുകളില്‍ എത്തും. ആന്‍റണി പെരുമ്പാവൂരിന്‍റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് സിനിമാസ് ആണ് കണ്ണപ്പ കേരളത്തില്‍ വിതരണം ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം 150-200 കോടിയാണ് കണ്ണപ്പയുടെ ബജറ്റ്. മുകേഷ് കുമാർ സിംഗ് ആണ് സംവിധാനം. ചിത്രത്തിൽ പ്രഭാസും മോഹൻലാലും പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചതെന്ന് നേരത്തെ വിഷ്ണു മഞ്ചു വെളിപ്പെടുത്തിയിരുന്നു.
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമാണ് കണ്ണപ്പ. ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രത്തിൽ പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻ ബാബു, മോഹൻലാൽ തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്. 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിലാണ് നിർമ്മാണം. കിരാത എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ കണ്ണപ്പയിൽ അവതരിപ്പിക്കുന്നത്. രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയിൽ വരുന്നത്.



