അജു വര്‍ഗീസ് നായകനാവുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രെയിലര്‍ എത്തി. 'കമല' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രില്ലറാണെന്ന് ട്രെയിലറില്‍ തന്നെ വ്യക്തമാണ്. ഡ്രീംസ് ആന്റ് ബിയോണ്ട്‌സിന്റെ ബാനറിലാണ് നിര്‍മ്മാണം. ചിത്രത്തിൽ അനൂപ് മേനോൻ, രുഹാനി ശർമ്മ, ബിജു സോപാനം തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

'പ്രേതം 2'ന് ശേഷമെത്തുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രമാണിത്. 'ഒരു മനോഹരമായ പസില്‍, 36 മണിക്കൂറുകള്‍' എന്നാണ് അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ തന്നെ ചിത്രത്തിന്റെ വിശേഷണമായി നല്‍കിയിരുന്നത്. ട്രെയിലറിലും വിശേഷണം ആവര്‍ത്തിക്കുന്നു. 

തിരക്കഥ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നായകവേഷത്തില്‍ ആരെ അഭിനയിപ്പിക്കണമെന്ന് ആലോചിച്ചതെന്നും നിലവിലെ എല്ലാ നായക നടന്മാരെക്കുറിച്ചും ആലോചിച്ചെന്നും രഞ്ജിത്ത് ശങ്കര്‍ നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.. 'സാധാരണവും അതേസമയം വിഭിന്ന സ്വഭാവവുമുള്ള ഒരു കഥാപാത്രമാണ് ഇതെന്നും ശങ്കര്‍ പറഞ്ഞിരുന്നു. നിര്‍മാണ സംരഭമായ ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം പുതിയ വേഷത്തിലെത്തുകയാണ്  അജു വര്‍ഗീസ്.