'ബാഹുബലി 2'നു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധയിലുള്ള സിനിമയാണ് 'ആര്‍ആര്‍ആര്‍'. താരബാഹുല്യമുള്ള ചിത്രത്തില്‍ രാം ചരണിന്‍റെ കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്ന മറ്റൊരു പ്രധാന കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് വീഡിയോയും അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഹൈദരാബാദിന്‍റെ മോചനത്തിനായി അസഫ് ജഹി രാജവംശത്തിനെതിരെ പോരാടിയ ഗോത്ര നേതാവ് കോമരം ഭീം ആയാണ് ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തില്‍ എത്തുന്നത്. ഭീമിന്‍റെ 119-ാം ജന്മവാര്‍ഷിക ദിനത്തിലാണ് കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ആര്‍ആര്‍ആര്‍ ടീം പുറത്തുവിട്ടിരിക്കുന്നത്.

തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ കൂടാതെ മറ്റു ചില ഇന്ത്യന്‍ ഭാഷാപതിപ്പുകളും ചിത്രത്തിന് ഉണ്ടാവും. 450 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ കാന്‍വാസിന്‍റെ വലുപ്പത്തെക്കുറിച്ച് സൂചന നല്‍കുന്നതാണ് ദൈര്‍ഘ്യം കുറഞ്ഞതെങ്കിലും പുറത്തെത്തിയ വീഡിയോ. കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം നിര്‍ത്തിവച്ചിരുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഈ മാസമാണ് പുനരാരംഭിച്ചത്. ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് താരം അലിയ ഭട്ട് അടുത്ത മാസം ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്യും. മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അജയ് ദേവ്ഗണും ഒളിവിയ മോറിസും വരാനിരിക്കുന്ന ഷെഡ്യൂളുകളില്‍ ജോയിന്‍ ചെയ്യുമെന്നാണ് അണിയറക്കാര്‍ പറയുന്നത്. അടുത്ത വര്‍ഷത്തേക്കാണ് ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.