Asianet News MalayalamAsianet News Malayalam

നമ്പി നാരായണനായി മാധവന്‍; 'റോക്കട്രി' ട്രെയ്‍ലര്‍

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായാണ് ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്

rocketry tamil trailer
Author
Thiruvananthapuram, First Published Apr 1, 2021, 6:34 PM IST

വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറയുന്ന 'റോക്കട്രി ദി നമ്പി ഇഫക്റ്റ്' എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. 100 കോടിക്ക് മുകളില്‍ ബജറ്റ് ഉള്ള ചിത്രത്തില്‍ നമ്പി നാരായണനെ അവതരിപ്പിക്കുന്നത് മാധവനാണ്. ചിത്രത്തിന്‍റെ രചനയും സംവിധാനവും അദ്ദേഹം തന്നെ. ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കടന്നുവരുന്നത്. 

വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയും എത്തുന്നുണ്ട്. ഹിന്ദിയില്‍ ഷാരുഖ് ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ തമിഴില്‍ സൂര്യ ആയിരിക്കും ചെയ്യുക. സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്‍റെ നായികയായി എത്തുന്നത്. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇരുവരും സിനിമയില്‍ ഒന്നിക്കുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായാണ് ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. ആറ് രാജ്യങ്ങളിലധികം ഷൂട്ടിംഗ് നടന്ന ചിത്രം കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടിയിരുന്നതാണ്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീട്ടുകയായിരുന്നു. മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്‍റെ കോ-ഡയറക്ടര്‍ ആണ്. ശ്രീഷ റായ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ബിജിത്ത് ബാല. സംഗീതം സാം സി എസ്. പിആര്‍ഒ ആതിര ദില്‍ജിത്ത്. ട്രൈ കളര്‍ ഫിലിംസ്, വര്‍ഗീസ് മൂലന്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ മാധവനും ഡോ. വര്‍ഗീസ് മൂലനും ചേര്‍ന്നാണ് നിര്‍മ്മാണം. 

Follow Us:
Download App:
  • android
  • ios