ജൂലൈ 25 ന് ജിയോ ഹോട്ട്സ്റ്റാറില്‍
പൃഥ്വിരാജിന്‍റേതായി അടുത്ത് പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്ന ചിത്രം ഹിന്ദിയില്‍ നിന്നാണ്. കയോസ് ഇറാനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് സര്‍സമീന്‍ എന്നാണ്. കജോളും സെയ്ഫ് അലി ഖാന്‍റെ മകന്‍ ഇബ്രാഹിം അലി ഖാനുമാണ് ചിത്രത്തില്‍ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൈനികോദ്യോഗസ്ഥനാണ് പൃഥ്വിരാജിന്‍റെ കഥാപാത്രം. അച്ഛന്‍- മകന്‍ സംഘര്‍ഷം പ്രമേയമാക്കുന്ന ചിത്രത്തില്‍ സൈനികോദ്യോഗസ്ഥനായ അച്ഛന്‍റെ വഴി വിട്ട് തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുകയാണ് മകന്‍. ഇത് ആ കുടുംബത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളും അതിനെ അവര്‍ എങ്ങനെ നേരിടുന്നു എന്നതുമാണ് ചിത്രം പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തിയിട്ടുണ്ട്.
പുറത്തെത്തിയിരിക്കുന്ന 2.13 മിനിറ്റ് ട്രെയ്‍ലറില്‍ പ്ലോട്ട് എന്താണെന്നത് കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. അച്ഛനും മകനുമിടയിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍ നീറുന്ന അമ്മയുടെ റോളാണ് കജോളിന്. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് എത്തുക. ജൂലൈ 25 നാണ് സ്ട്രീമിംഗ് ആരംഭിക്കുക. മികച്ച പ്രതികരണങ്ങളാണ് സിനിമാപ്രേമികളില്‍ നിന്ന് ട്രെയ്‍ലറിന് ലഭിക്കുന്നത്. ഇബ്രാഹിം അലി ഖാന്‍ നായകനാവുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. നെറ്റ്ഫ്ലിക്സ് ഒറിജിനല്‍ ആയിരുന്ന നദാനിയാന്‍ ആയിരുന്നു ഇബ്രാഹിമിന്‍റെ അരങ്ങേറ്റ ചിത്രം. ടീന്‍ റൊമാന്‍റിക് കോമഡി ചിത്രമായിരുന്ന നദാനിയാനില്‍ നിന്ന് തികച്ചും വ്യത്യസ്യസ്തമാണ് ഇബ്രാഹിമിന്‍റെ അഭിനയമെന്നാണ് ട്രെയ്‍ലറിന് താഴെയുള്ള അഭിനന്ദന കമന്‍റുകള്‍. ഒപ്പം പൃഥ്വിരാജിനും കജോളിനും കൈയടി ലഭിക്കുന്നുണ്ട്.
ധര്‍മ്മ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സൗമില്‍ ശുക്ലയും അരുണ്‍ സിംഗും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

