ഹോളിവുഡ് ചിത്രങ്ങളില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പുയര്‍ത്തിയ ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം 'ടെനറ്റി'ന്‍റെ പുതിയ ട്രെയ്‍ലര്‍ പുറത്തെത്തി. ചൈനീസ് പ്രേക്ഷകരെ അഭിസംബോധന ചെയ്‍ത് ക്രിസ്റ്റഫര്‍ നോളന്‍ തന്നെ ട്രെയ്‍ലറിന് മുന്നോടിയായി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ബിഗ് സ്ക്രീനിനുവേണ്ടി തന്നെ നിര്‍മ്മിക്കപ്പെട്ട ചിത്രമാണിതെന്നും കഴിയാവുന്നത്ര വലിയ സ്കെയിലിലാണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. ബിഗ് സ്ക്രീനില്‍ ഇമ്മേഴ്‍സീവ് ആക്ഷനാണ് നിങ്ങളെ കാത്തിരിക്കുന്നതെന്നും. 

ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്തോനേഷ്യ, ഇറ്റലി, കൊറിയ, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍, യുകെ അടക്കം എഴുതിലേറെ രാജ്യങ്ങളില്‍ ഈ മാസം വിവിധ തീയ്യതികളിലായി ചിത്രം തീയേറ്ററുകളിലെത്തും. എന്നാല്‍ ചൈന, റഷ്യ, യുഎസ് എന്നീ വമ്പന്‍ മാര്‍ക്കറ്റുകളില്‍ സെപ്റ്റംബര്‍ ആദ്യമാണ് ചിത്രം എത്തുക. അമേരിക്കന്‍ ആഭ്യന്തര വിപണി കഴിഞ്ഞാല്‍ ഹോളിവുഡ് ചിത്രങ്ങള്‍ക്ക് ഏറ്റവും വലിയ കളക്ഷന്‍ ലഭിക്കുന്നത് ചൈനയിലാണ് എന്നതിനാല്‍ ചൈനീസ് റിലീസിന് വലിയ പ്രാധാന്യമാണ് ഹോളിവുഡ് നിര്‍മ്മാതാക്കള്‍ നല്‍കിവരുന്നത്. കൊവിഡ് പശ്ചാത്തലത്തിലുള്ള അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ടെനറ്റ് റിലീസിനുള്ള അനുമതി ചൈനീസ് സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ചിത്രം എത്തുന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.