മാര്‍ട്ടിന്‍ സ്‌കോര്‍സെസെയുടെ ഏറ്റവും പുതിയ ചിത്രം 'ദി ഐറിഷ്മാന്റെ' ട്രെയ്‌ലര്‍ പുറത്തെത്തി. റോബര്‍ട്ട് ഡി നീറോയും അല്‍ പച്ചീനോയും ജോ പാസ്‌കിയുമൊക്കെ അണിനിരക്കുന്ന ചിത്രം ഏറെക്കാലമായി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്ന പ്രോജക്ട് ആണ്. ഐബിറ്റി (ഇന്റര്‍നാഷണല്‍ ബ്രദര്‍ഹുഡ് ഓഫ് ടീംസ്റ്റേഴ്‌സ്) പ്രസിഡന്റ് ആയിരുന്ന, 62-ാം വയസ്സില്‍ കാണാതായ ജിമ്മി ഹോഫയുടെയും പില്‍ക്കാലത്ത് ഹോഫയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഫ്രാങ്ക് ഷീരന്റെയും കഥയാണ് സ്‌കോര്‍സെസെ സിനിമയാക്കിയിരിക്കുന്നത്.

കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിലൂടെ പ്രായം കുറച്ചാണ് (ഡിജിറ്റലി ഡി-ഏജ്) ചിത്രത്തിനുവേണ്ടി ഡി നീറോയും അല്‍ പച്ചീനോയും സ്‌ക്രീനില്‍ എത്തുന്നത്. ഷീരന്റെ ചെറുപ്പം അവതരിപ്പിക്കുന്നതിനായാണ് ഡി നീറോയുടെ ഡി-ഏജിംഗ്. കാണാതാവുമ്പോള്‍ 62 വയസ്സുണ്ടായിരുന്ന ജിമ്മി ഹോഫയെ വിശ്വസനീയമാക്കാനാണ് സ്‌കോര്‍സെസെ പച്ചീനോയെയും ഡി-ഏജ് ചെയ്തിരിക്കുന്നത്.