ഒരേ വീട്ടില്‍ സംഭവിക്കുന്ന തുടര്‍ ആത്മഹത്യകളിലെ നിഗൂഢത അന്വേഷിക്കുകയാണ് മമ്മൂട്ടിയുടെ കഥാപാത്രം.
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്‍ത 'ദി പ്രീസ്റ്റി'ന്‍റെ രണ്ടാമത്തെ ടീസര്‍ പുറത്തെത്തി. ചിത്രത്തിന്‍റെ സസ്‍പെന്‍സ് സ്വഭാവം വെളിപ്പെടുത്തുന്നതാണ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍. ഫാ. ബെനഡിക്റ്റ് എന്ന മമ്മൂട്ടിയുടെ നായക കഥാപാത്രത്തെ പരിചയപ്പെടുത്തുന്നുണ്ട് ടീസറില്‍. ഒരേ വീട്ടില്‍ സംഭവിക്കുന്ന തുടര്‍ ആത്മഹത്യകളിലെ നിഗൂഢത അന്വേഷിക്കുകയാണ് മമ്മൂട്ടിയുടെ കഥാപാത്രം.
മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയത്തേ വാര്‍ത്താപ്രാധാന്യം നേടിയ സിനിമയാണ് ഇത്. ചിത്രത്തിന്‍റെ സെന്‍സറിംഗ് നടപടികള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. സംവിധായകന്‍റെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു. മാര്‍ച്ച് നാലിന് റിലീസ്.
