ലോകമെമ്പാടും കുട്ടികളെയും മുതിര്‍ന്നവരെയും ഒരേപോലെ ടെലിവിഷനു മുന്നില്‍ പിടിച്ചിരുത്തിയിട്ടുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് ടോമും ജെറിയും. ഇപ്പോഴിതാ ഇരുവരുടെയും അവസാനിക്കാത്ത പോരിന്‍റെ ഒരു പുതിയ കഥ സിനിമാരൂപത്തില്‍ പ്രേക്ഷകരിലേക്ക് എത്തുന്നു. ലൈവ് ആക്ഷന്‍/ അനിമേഷന്‍ രൂപത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‍സ് പിക്ചേഴ്സ് പുറത്തുവിട്ടു.

ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു മുന്തിയ ഹോട്ടലാണ് ടോം-ജെറി 'യുദ്ധ'ത്തിന്‍റെ പുതിയ പശ്ചാത്തലമാവുന്നത്. ഹോട്ടലില്‍ ഒരു ആഡംബര വിവാഹം നടക്കാനിരിക്കുന്നതിന് മുന്‍പ് അവിടേക്ക് എത്തുകയാണ് ജെറി. 'എലിശല്യം' രൂക്ഷമായതോടെ ജെറിയെ തുരത്താനായി ടോമിനെ അവിടേക്ക് എത്തിക്കുകയാണ് ഇവന്‍റ് പ്ലാനര്‍. തുടര്‍ന്ന് സ്വാഭാവികമായും ഇരുവര്‍ക്കുമിടയില്‍ പൊടിപാറുന്ന യുദ്ധം ആരംഭിക്കുന്നു. 

വില്യം ഹന്നയും ജോസഫ് ബാര്‍ബറയും സൃഷ്ടിച്ച കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ടിം സ്റ്റോറി ആണ്. രചന കെവിന്‍ കോസ്റ്റെല്ലോ. ഇതാദ്യമായല്ല ടോമും ജെറിയും സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നത്. 13 സിനിമകള്‍ ഇതിനുമുന്‍പ് ഈ കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി ഉണ്ടായിട്ടുണ്ട്. അതേസമയം 1992ല്‍ പുറത്തെത്തിയ 'ടോം ആന്‍ഡ് ജെറി: ദി മൂവി'യാണ് അത്തരത്തിലെ അവസാനചിത്രം. അതായത് മൂന്ന് 29 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ടോം ആന്‍ഡ് ജെറി ചിത്രം തീയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നത്. 2021 മാര്‍ച്ച് 5 ആണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്ന റിലീസ് തീയ്യതി.