ടോളിവുഡ് ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയ ചിത്രമായിരുന്നു അനുഷ്‍ക ഷെട്ടി നായികയായി എത്തിയ ഹൊറര്‍ ത്രില്ലര്‍ ചിത്രം 'ഭാഗമതി' (2018). ഇപ്പോഴിതാ ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് പ്രേക്ഷകരിലേക്ക് എത്താനുള്ള തയ്യാറെടുപ്പുകളിലാണ്. തെലുങ്ക് ഒറിജിനലിന്‍റെ സംവിധായകന്‍ ജി അശോക് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആദ്യം പേരിട്ടത് 'ദുര്‍ഗാവതി' എന്നായിരുന്നെങ്കില്‍ പേര് പിന്നീട് 'ദുര്‍ഗാമതി' എന്ന് മാറ്റി. ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തിയിരിക്കുകയാണ്.

ഡയറക്ട് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലറിന് പക്ഷേ മോശം അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നു ലഭിക്കുന്നത്. തെലുങ്കില്‍ അനുഷ്ക അവതരിപ്പിച്ച കഥാപാത്രത്തെ ഹിന്ദി റീമേക്കില്‍ ഭൂമി പട്നേക്കര്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്. അനുഷ്കയുടെ പ്രകടനത്തിന് അടുത്തെത്താന്‍ ഭൂമിയ്ക്ക് കഴിയുന്നില്ലെന്നും സംഭാഷണങ്ങളിലുള്‍പ്പെടെ ആ ഗാംഭീര്യം അനുഭവപ്പെടുന്നില്ലെന്നും തുടങ്ങിയാണ് ഭൂരിഭാഗം കമന്‍റുകളും. തെന്നിന്ത്യന്‍ സിനിമകളുടെ റീമേക്കുകളല്ലാതെ ഒറിജിനല്‍ കണ്ടന്‍റ് കണ്ടെത്താന്‍ ശ്രമിക്കൂ എന്ന് ബോളിവുഡിനുള്ള ഉപദേശവും യുട്യൂബ് കമന്‍റ് ബോക്സില്‍ ചിലര്‍ കുറിയ്ക്കുന്നുണ്ട്.

നടന്‍ അക്ഷയ് കുമാറിനൊപ്പം ഭൂഷന്‍ കുമാര്‍, കൃഷന്‍ കുമാര്‍, വിക്രം മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അര്‍ഷാദ് വര്‍സി, ജിഷു സെന്‍ഗുപ്ത, മാഹി ഗില്‍, കരണ്‍ കപാഡിയ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഡിസംബര്‍ 11ന് റിലീസ്.