ജനുവരി 12 ന് തിയറ്ററുകളിലെത്തിയ വീര സിംഹ റെഡ്ഡി ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെട്ട ചിത്രമാണ്

സമീപകാലം വരെ മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലെ സിനിമാപ്രേമികള്‍ക്കിടയില്‍ ട്രോള്‍ മെറ്റീരിയല്‍ ആയിരുന്നു തെലുങ്ക് താരം നന്ദമുറി ബാലകൃഷ്ണയുടെ സിനിമകളിലെ രംഗങ്ങള്‍. ട്രോള്‍ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ പുതിയ ചിത്രങ്ങള്‍ വലിയ സാമ്പത്തിക വിജയമാണ് നേടുന്നത്. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹത്തിന് കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ലഭിച്ചത്. അഖണ്ഡ ആയിരുന്നു ചിത്രം. പിന്നാലെ ഈ വര്‍ഷം പുറത്തെത്തിയ വീര സിംഹ റെഡ്ഡി ആദ്യ നാല് ദിനങ്ങളില്‍ തന്നെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. മാസ്, ആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളുമൊക്കെയാണ് ബാലയ്യ ചിത്രങ്ങളുടെ മുഖമുദ്ര. എന്നാല്‍ ബാലയ്യക്ക് വൈകാരിക രംഗങ്ങളും വഴങ്ങുമെന്ന് തെളിയിക്കുകയാണ് വീര സിംഹ റെഡ്ഡിയുടെ പുതുതായി പുറത്തെത്തിയ ടീസര്‍. ഇമോഷണല്‍ ടീസര്‍ എന്ന വിശേഷണത്തോടെയാണ് അണിയറക്കാര്‍ ചിത്രത്തിന്‍റെ പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.

ജനുവരി 12 ന് തിയറ്ററുകളിലെത്തിയ വീര സിംഹ റെഡ്ഡി ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെട്ട ചിത്രമാണ്. ഗോപിചന്ദ് മലിനേനി ആണ് രചനയും സംവിധാനവും. തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ മൈത്രി മൂവി മേക്കേഴ്സ് ആണ് നിര്‍മ്മാണം. ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘഓഷ്, മുരളി ശര്‍മ്മ തുടങ്ങിയവരും താരനിരയിലുണ്ട്. അതേസമയം ബാലയ്യയുടെ കരിയറിലെ രണ്ടാമത്തെ 100 കോടി ക്ലബ്ബ് ആണ് ഇത്. കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ അഖണ്ഡയാണ് ബാലകൃഷ്ണയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം. 

ALSO READ : 'എന്തൊരു മമ്മൂട്ടി'! തിയറ്റര്‍ റിലീസിലും മികച്ച പ്രതികരണവുമായി നന്‍പകല്‍ നേരത്ത് മയക്കം

Veera Simha Reddy Emotional Teaser | Nandamuri Balakrishna | Gopichand Malineni | Thaman S