അര്‍ജുന്‍ അശോകന്‍, സംയുക്ത മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാജി അസീസ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം 'വൂള്‍ഫി'ന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ജി ആര്‍ ഇന്ദുഗോപന്‍റെ 'ചെന്നായ' എന്ന ചെറുകഥയെ ആസ്‍പദമാക്കിയാണ് ചിത്രം. ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നതും ഇന്ദുഗോപന്‍ തന്നെ. 

ഷൈന്‍ ടോം ചാക്കോയും ജാഫര്‍ ഇടുക്കിയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് നിര്‍മ്മാണം. ഫൈസ് സിദ്ദിഖ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. കലാസംവിധാനം ജ്യോതിഷ് ശങ്കര്‍. പ്രോജക്റ്റ് ഡിസൈനര്‍ അനൂട്ടന്‍ വര്‍ഗീസ്. വരികള്‍ ഹരിനാരായണന്‍. വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്‍ണന്‍. ചമയം രഞ്ജിത്ത് മണലിപ്പറമ്പില്‍. ഡയറക്റ്റ് ടെലിവിഷന്‍ പ്രീമിയര്‍ ആയി സീ കേരളത്തിലൂടെ റിലീസ് ചെയ്യപ്പെടുന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോം ആയ സീ5ലും പ്രദര്‍ശനത്തിനെത്തും.