മമ്മൂട്ടി നായകനാവുന്ന 'ദി പ്രീസ്റ്റി'ന്‍റെ കഴിഞ്ഞ ദിവസം പുറത്തെത്തിയ പുതിയ ടീസറിനെക്കുറിച്ച് യുട്യൂബ് ഇന്ത്യയുടെ ട്വീറ്റ്. ഫെബ്രുവരി 27ന് പുറത്തെത്തിയ ടീസറിനു താഴെ ദുല്‍ഖര്‍ സല്‍മാന്‍ കമന്‍റ് ചെയ്‍തിരുന്നു. "എന്തൊരു ടീസറാണ് ഇത്! എല്ലാവരെയും പോലെ ഞാനും ആവേശഭരിതനാണ്. ഈ ത്രില്ലര്‍ ബിഗ് സ്ക്രീനില്‍ കാണാനായി ഇനി കാത്തിരിക്കാന്‍ വയ്യ. പ്രീസ്റ്റിന്‍റെ മുഴുവന്‍ അണിയറക്കാര്‍ക്കും ആശംസകള്‍" എന്നായിരുന്നു ദുല്‍ഖറിന്‍റെ കമന്‍റ്.

17,000ല്‍ അധികം ലൈക്കുകളും അഞ്ഞൂറിലേറെ റിപ്ലൈകളുമാണ് ദുല്‍ഖറിന്‍റെ കമന്‍റിന് ലഭിച്ചത്. ഈ കമന്‍റിന്‍റെ സ്ക്രീന്‍ഷോട്ട് ആണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ യുട്യൂബ് ഇന്ത്യ പങ്കുവച്ചത്. ഒപ്പം ഇങ്ങനെയും കുറിച്ചു- "ദുല്‍ഖറിന്‍റെ അതേ വികാരം".  ട്വീറ്റിനും വലിയ പ്രതികരണമാണ് ട്വിറ്ററില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

അതേസമയം ചിത്രത്തിന്‍റെ റിലീസ് വീണ്ടും നീട്ടിയിരിക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ പല വിദേശരാജ്യങ്ങളിലും തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാലും കേരളത്തിലെ തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോ സാധ്യമല്ലാത്തതിനാലും റിലീസ് മാറ്റുകയാണെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ആദ്യം ഫെബ്രുവരി നാലിന് റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്ന ചിത്രം പിന്നീട് ഈ മാസം നാലിലേക്ക് മാറ്റിയിരുന്നു. ആ തീയതിയാണ് ഇപ്പോള്‍ വീണ്ടും മാറ്റിയിരിക്കുന്നത്.

മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയത്തേ വാര്‍ത്താപ്രാധാന്യം നേടിയ സിനിമയാണ് ഇത്. സംവിധായകന്‍റെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു.