ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാന്‍ ഏര്‍പ്പെടുത്തിയ ആകാശവിലക്ക് കാരണം ഒരുദിവസം എയർ ഇന്ത്യയ്ക്കുണ്ടാകുന്നത് 13 ലക്ഷം രൂപയുടെ അധികച്ചെലവെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭയിൽ  കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനങ്ങൾ വഴിതിരിച്ചുവിടുന്നതോടെ ചെലവ് 22 ലക്ഷമായി വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്ത്യൻ വിമാനങ്ങൾ മറ്റുപാതകളെയാണ് അന്താരാഷ്ട്ര സർവീസുകൾക്കായി ആശ്രയിക്കുന്നത്. പാക്ക് നടപടിക്കുപിന്നാലെ പാക്കിസ്ഥാനി വിമാനങ്ങൾക്ക് ഇന്ത്യയും ആകാശവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതോടെ തായ്‍ലാൻഡ്, മലേഷ്യ എന്നിവിടങ്ങളിലേക്കുള്ള പാകിസ്ഥാന്‍റെ വിമാനസർവീസും തടസപ്പെട്ടിരിക്കുകയാണ്. 

ഫെബ്രുവരിയിലെ ബാലാകോട്ട് ആക്രമണത്തിനുശേഷമാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ ആകാശവിലക്ക് പ്രഖ്യാപിച്ചത്. അതിർത്തിയിലെ വ്യോമതാവളങ്ങളിൽനിന്ന് യുദ്ധവിമാനങ്ങൾ പിൻവലിക്കാതെ ഇന്ത്യൻ വിമാനങ്ങൾക്കുള്ള ഈ വിലക്ക് നീക്കില്ലെന്ന് കഴിഞ്ഞ ദിവസം പാക്ക് വ്യോമയാനസെക്രട്ടറി ഷാരൂഖ് നുസ്രത്ത് പറഞ്ഞിരുന്നു.