Asianet News MalayalamAsianet News Malayalam

കൊല്ലെടാ, തല്ലെടാ സംഘങ്ങള്‍ക്കെതിരെ പൊലീസിന്‍റെ കിടിലന്‍ ആപ്പ്!

യാത്രാവേളകളിൽ പൊതുജനങ്ങൾക്ക് അനുഭവപ്പെടുന്ന ദുരിതങ്ങള്‍ക്ക് പരിഹാരവുമായി കൊച്ചി സിറ്റി പൊലീസ്. യാത്രക്കിടയിലെ പ്രശ്‍നങ്ങള്‍ അടിയന്തിരമായി പൊലീസിനെ അറിയിക്കാന്‍ മൊബൈല്‍ ആപ്പ്.

Qkopy mobile application for travelers by Kochi City Police
Author
Kochi, First Published Apr 25, 2019, 12:15 PM IST

കൊച്ചി: യാത്രികരേ നിങ്ങള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. കാശും മുടക്കി ബസ് മുതലാളിയുടെ ഗുണ്ടകളുടെ അക്രമത്തിന് ഇരിയാകുന്ന ഗതികേട് ഇനി നിങ്ങള്‍ക്ക് ഉണ്ടാവില്ല. യാത്രാവേളകളിൽ പൊതുജനങ്ങൾക്ക് അനുഭവപ്പെടുന്ന ദുരിതങ്ങള്‍ക്ക് പരിഹാരവുമായി കൊച്ചി സിറ്റി പൊലീസ് എത്തിയിരിക്കുകയാണ്. യാത്രക്കിടയിലെ പ്രശ്‍നങ്ങള്‍ അടിയന്തിരമായി പൊലീസിനെ അറിയിക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പുമായാണ് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.

‘ക്യുകോപ്പി’ (Qkopy) എന്നാണ് പൊലീസിന്‍റെ ഈ ആപ്പിന്റെ പേര്. പോലീസിൽ അറിയിക്കണം എന്ന് തോന്നുന്ന രഹസ്യ സ്വഭാവമുള്ളതും അല്ലാത്തതുമായ വിവരങ്ങൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് ഈ ആപ്പ് നിങ്ങളെ സഹായിക്കും. 

യാത്രാവേളകളിൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും പോലീസിന്റെ അടിയന്തര സഹായത്തിനും പോലീസിന് ജനങ്ങളിലേക്ക് എത്തിക്കേണ്ട നിർദേശങ്ങൾ വേഗത്തിൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും ആപ്പ് ഉപയോഗിക്കാം.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ് ഈ ആപ്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കും കുട്ടികൾക്കും യാത്രാവേളയിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ പോലീസിൽ അറിയിക്കാൻ ആപ്പ് പ്രയോജനകരമായിരിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ എസ്. സുരേന്ദ്രൻ പറഞ്ഞു. യാത്ര ചെയ്യുന്ന വാഹനത്തിന്റെ നമ്പറും ലൊക്കേഷൻ അടക്കമുള്ള വിവരങ്ങളും ഉടനടി ആപ്പ് വഴി പോലീസിൽ എത്തിക്കാൻ സാധിക്കും.

കൊച്ചിയിലെ ഗതാഗതക്കുരുക്ക് തത്സമയം അറിയാനുള്ള സംവിധാനവും ഈ ആപ്പിലുണ്ട്. എവിടെയൊക്കെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി വഴി തിരിച്ചുവിട്ടിട്ടുള്ളത്, അപകടങ്ങളോ മറ്റെന്തെങ്കിലും മൂലം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും ആപ്പ് അറിയിക്കും.

കൊച്ചി സിറ്റിപൊലീസിന്‍റെ അലര്‍ട്ട് നമ്പറായ 94979155555 സേവ് ചെയ്‍ത ശേഷം പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം. ക്യൂആര്‍ കോഡ് ഉപയോഗിച്ചും ആപ്പില്‍ പ്രവേശിക്കാം . കേരള സ്റ്റാർട്ടപ്പ് മിഷനിലെ സ്റ്റാർട്ടപ്പ് ആയ ക്യുകോപ്പി ഓൺലൈൻ സർവീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

: http://qk.gl/kochicitypo-l-ice എന്ന ലിങ്കിൽ നിന്ന് കൊച്ചി സിറ്റി പോലീസിന്റെ ക്യുകോപ്പി ആപ്പ് ലഭിക്കും.
 

Follow Us:
Download App:
  • android
  • ios