87 വർഷമായി കടൽ കാണാൻ ആഗ്രഹിച്ചിരുന്നൊരു മുത്തശ്ശി. ആ സ്വപ്നം നിറവേറ്റി കൊച്ചുമകൾ. മറ്റുള്ളവരെ പരിചരിക്കാനായി ജീവിതം മാറ്റിവെച്ച മുത്തശ്ശി ആദ്യമായി കടൽ കാണുന്നതിന്റെ ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
നമ്മുടെ വീട്ടിലെ മുതിർന്ന ആളുകളുടെ മോഹങ്ങൾ ചിലപ്പോൾ കേൾക്കുമ്പോൾ വളരെ ചെറുതെന്ന് തോന്നിയേക്കും. എന്നാൽ, അതവരിലുണ്ടാക്കുന്ന സന്തോഷം വളരെ വളരെ വലുതായിരിക്കും. അതുപോലെ, അതിമനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കാലങ്ങളായി മനസിൽ വച്ചിരിക്കുന്ന മുത്തശ്ശിയുടെ മോഹം നിറവേറ്റിക്കൊടുത്തതിനെ കുറിച്ച് ഒരു കൊച്ചുമകളാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. @hersheyy_vibes എന്ന യൂസറാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
'മറ്റുള്ളവരെ പരിചരിക്കാനായി മാത്രം തന്റെ ജീവിതത്തിലെ 87 വർഷങ്ങൾ മാറ്റിവെച്ച എന്റെ മുത്തശ്ശിക്ക് പക്ഷേ ഒരു തവണ പോലും കടൽ കാണാൻ കഴിഞ്ഞിരുന്നില്ല... എന്നാൽ ഇന്ന് ഞങ്ങൾ അത് തിരുത്തിക്കുറിച്ചു. നിങ്ങളുടെ മുത്തശ്ശനും മുത്തശ്ശിയും ഇപ്പോഴും നിങ്ങൾക്കൊപ്പമുണ്ടെങ്കിൽ, അവരെയും കൂട്ടി പുറത്തുപോവുക... ഒരുമിച്ച് സുന്ദരമായ ഓർമ്മകൾ സമ്മാനിക്കുക' എന്നാണ് വീഡിയോ ഷെയർ ചെയ്തുകൊണ്ട് യുവതി കുറിച്ചിരിക്കുന്നത്.
വീഡിയോയിൽ, കൊച്ചുമകൾ തന്റെ മുത്തശ്ശിയെയും കൂട്ടി കടൽത്തീരത്തേക്ക് വരുന്നത് കാണാം. ഒപ്പം അവളുടെ അമ്മയും വല്ല്യമ്മയും ഒക്കെയുണ്ട്. തിരമാലകൾ നോക്കി, ആ നിമിഷത്തിന്റെ പൂർണ്ണത ആസ്വദിച്ച് കുടുംബം ഒന്നിച്ച് സമയം ചെലവഴിക്കുന്നത് വീഡിയോയിൽ കാണാം. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തത്.
'മുത്തശ്ശനും മുത്തശ്ശിയും ഇപ്പോഴും കൂടെയുള്ളത് നിങ്ങളുടെ വലിയ ഭാഗ്യമാണ്. അവരുടെ മുഖത്തെ ഭാവം തന്നെ എല്ലാം പറയുന്നുണ്ട് - ആ നിമിഷം അവർ പൂർണ്ണമായി ജീവിക്കുകയാണ്' എന്നായിരുന്നു ഒരു കമന്റ്. 'മുത്തശ്ശൻ എന്തുകൊണ്ടാണ് ഇതിന് മുൻപ് അവരെ ഇവിടെയൊന്നും കൊണ്ടുപോകാതിരുന്നത് എന്ന് ഞാൻ ആലോചിക്കുകയായിരുന്നു. ചെറുപ്പത്തിൽ അവർക്ക് ഇത്തരം അനുഭവങ്ങൾ സമ്മാനിക്കുക എന്നത് അദ്ദേഹത്തിന്റെ കൂടി ഉത്തരവാദിത്തമായിരുന്നില്ലേ?' എന്നായിരുന്നു മറ്റൊരാൾ കമന്റ് നൽകിയത്. പ്രായമായവർക്ക് ഇത്തരം അനുഭവങ്ങൾ സമ്മാനിക്കേണ്ടതുണ്ട് എന്നതിന്റെ ഒരു ഓർമ്മപ്പെടുത്തലാണ് ഈ വീഡിയോ എന്നും ആളുകൾ അഭിപ്രായപ്പെട്ടു.
