മധ്യപ്രദേശിലെ സത്‌നയിൽ അപകടത്തിൽപ്പെട്ട രോഗിയുമായി പോയ ആംബുലൻസ് ഡ്രൈവർ, രോഗി ഛർദ്ദിച്ചതിന്‍റെ പേരിൽ വാഹനം വൃത്തിയാക്കാൻ ഭാര്യയെ നിർബന്ധിച്ചു. ഭർത്താവ് വേദനകൊണ്ട് പുളയുമ്പോൾ ഭാര്യ ആംബുലൻസ് കഴുകുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
അപകത്തിൽ പരിക്കേറ്റയാൾ ആംബുലൻസിൽ വേദന കൊണ്ട് കരയുമ്പോൾ, അദ്ദേഹത്തിന്‍റെ ഛർദ്ദി വൃത്തിയാക്കാതെ ആശുപത്രിയിലേക്ക് പോകാന്‍ പറ്റില്ലെന്ന് വാശി പിടിച്ച് ആംബുലന്‍സ് ഡ്രൈവർ. മധ്യപ്രദേശിലെ ഭോപാലിലെ സത്‌നയിലാണ് സംഭവമെന്ന് സമൂഹ മാധ്യമങ്ങളിലെ വിവരങ്ങളിൽ പറയുന്നു. പരിക്കേറ്റ ഭർത്താവ് ആംബുലന്‍സിൽ കിടക്കുമ്പോൾ ഭാര്യ വാഹനം കഴുകി വൃത്തിയാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സത്നയിലാണ് സംഭവമെന്ന് പറയുന്നുണ്ടെങ്കിലും ആംബുലന്‍സിന്‍റെ നമ്പർ പ്ലേറ്റ് ഛത്തീസ്ഗഢിന്‍റെതായിരുന്നു.
ആംബുലൻസ് വൃത്തിയാക്കണം
അപകടത്തിൽ പരിക്കേറ്റ രാംനഗർ സ്വദേശിയായ കമലേഷ് റാവത്തും ഭാര്യയുമാണ് ആശുപത്രിയിലേക്ക് പോകാനായി ആംബുലന്‍സ് വിളിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കമലേഷ് ആംബുലന്‍സിലൂടെ പുറത്തേക്ക് ഛർദ്ദിച്ചു. ആംബുലൻസ് ജില്ലാ ആശുപത്രിയുടെ പ്രധാന ഗേറ്റിൽ എത്തിയപ്പോൾ, വാഹനം കഴുകി വൃത്തിയാക്കാതെ ആശുപത്രിയിലേക്ക് കയറാൻ പറ്റില്ലെന്ന് ആംബുലൻസ് ഡ്രൈവർ വാശിപിടിക്കുകയായിരുന്നെന്ന് സമൂഹ മാധ്യമങ്ങളിൽ പറയുന്നു. ഇതേതുർന്ന് കമലേഷിന്‍റെ ഭാര്യ വാഹനം കഴുകി വൃത്തിയാക്കി. ഈ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
ഡ്രൈവർക്കെതിരെ നടപടി ആവശ്യം
വീഡിയോ ആംബുലൻസ് ജീവനക്കാരുടെ പെരുമാറ്റത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വലിയൊരു ചർച്ചയ്ക്ക് തുടക്കമിട്ടു. ആശുപത്രിയുടെ ഗേറ്റിൽ വച്ച് ഭർത്താവ് വേദന സഹിച്ച് ആംബുലൻസിൽ കിടക്കുമ്പോൾ ഭാര്യ വെള്ളം ഉപയോഗിച്ച് ആംബുലൻസ് വൃത്തിയാക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വീഡിയോ നിരവധി പേരാണ് പങ്കുവച്ചത്. ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ചില ഗുണങ്ങൾ ആവശ്യമാണെന്നും അതിനുള്ള സഹാനുഭൂതിയില്ലാത്തവരെ ഇത്തരം ജോലികൾക്ക് നിർത്തരുതെന്നും ചിലരെഴുതി. ആംബുലൻസ് ഡ്രൈവറെ പിരിച്ച് വിടണമെന്ന് മാറ്റി ചിലരും കുറിച്ചു.


