മണാലിയിൽ വിനോദസഞ്ചാരികൾക്കായി സ്ഥാപിച്ച പുതിയ ചാർജിംഗ് പോയിന്റ് മണിക്കൂറുകൾക്കുള്ളിൽ മാലിന്യക്കൂമ്പാരമായി മാറി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് യുവാവ്. വന്‍ വിമര്‍ശനം. 

മണാലിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിനോദസഞ്ചാരികൾക്കായി ഹിമാചൽ സർക്കാർ വിവിധ ചാർജിംഗ് പോയിന്റുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, ചപ്പുചവറുകൾ നിക്ഷേപിക്കാനുള്ള ഇടമായി ഇതിപ്പോൾ മാറിയിരിക്കയാണ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. നിഖിൽ സൈനി എന്ന യൂസറാണ് എക്സിൽ (ട്വിറ്റർ) വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സിവിക് സെൻസ് ഇല്ലാത്തതിനെ കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് ഇത് വഴിവച്ചിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

മണാലിയിലെത്തുന്ന സഞ്ചാരികൾക്ക് ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യുന്നതിനായി സ്ഥാപിച്ച പുതിയ ചാർജിംഗ് സ്റ്റേഷനാണ് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകളും കൊണ്ട് നിറഞ്ഞത്. യുഎസ്ബി പോർട്ടുകൾക്ക് മുകളിൽ മാലിന്യം കുന്നുകൂടിക്കിടക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട്, ' ഒരു സ്വച്ഛ് ഭാരത് പദ്ധതിക്കും ഈ രാജ്യത്തെ രക്ഷിക്കാനാവില്ല, കർക്കശമായ നിയമങ്ങൾ മാത്രമേ മാറ്റം കൊണ്ടുവരൂ ' എന്നാണ് വീഡിയോയ്ക്കൊപ്പം സൈനി കുറിച്ചിരിക്കുന്നത്.

Scroll to load tweet…

വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയാൽ മാത്രം പോരാ അവ സംരക്ഷിക്കാനുള്ള ബോധവൽക്കരണവും കർശനമായ പിഴയും ആവശ്യമാണെന്ന ചർച്ചകളാണ് നടക്കുന്നത്. വീഡിയോ കണ്ട ഭൂരിഭാഗം പേരും വിനോദസഞ്ചാരികളുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാലും അത് ഉപയോഗിക്കാൻ അറിയില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത് . ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെ ഇത്തരം പെരുമാറ്റങ്ങൾ പ്രദേശത്തിന്റെ മനോഹാരിത തകർക്കുന്നുവെന്ന് നാട്ടുകാർക്കിടയിൽ തന്നെ അഭിപ്രായം ഉണ്ട്.

അതേസമയം, പ്രദേശത്ത് ആവശ്യത്തിന് ചപ്പുചവറുകൾ നിക്ഷേപിക്കാനുള്ള ബിന്നുകൾ ഇല്ലാത്തതാണ് ഇത്തരം പ്രവണതകൾക്ക് കാരണമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. ചാർജിംഗ് പോയിന്റിന് സമീപം തന്നെ മാലിന്യപ്പെട്ടികൾ സ്ഥാപിക്കണമായിരുന്നു എന്നാണ് ഇവരുടെ അഭിപ്രായം .