ഓവർടൈം പേ ചോദിച്ചതിന് ബോസിന്‍റെ വക പരസ്യമായി അപമാനം. പിന്നാലെ, ജോലി രാജിവെച്ച് 26 -കാരി. ആത്മാഭിമാനം പണയപ്പെടുത്തി ജോലി ചെയ്യാൻ പുതുതലമുറ തയ്യാറല്ലെന്നാണ് ധ്രുപദി എന്ന യുവതി പറയുന്നത്. 

ജോലിസ്ഥലങ്ങളിൽ വച്ച് കാലങ്ങളോളം എല്ലാതരം ചൂഷണങ്ങളും അനുഭവിക്കേണ്ടി വരുന്ന അനേകം പേരുണ്ട്. ജോലി നഷ്ടപ്പെടുമോ, നഷ്ടപ്പെട്ടാൽ ജീവിക്കാൻ എന്ത് ചെയ്യും, മറ്റൊരു ജോലി കിട്ടിയില്ലെങ്കിലോ തുടങ്ങിയ ആശങ്കകളാണ് പലരേയും ഈ അപമാനങ്ങളും ചൂഷണങ്ങളും സഹിക്കാൻ നിർബന്ധിതരാക്കുന്നത്. എന്നാൽ, ഇന്ന് പലരും ഇതിനെതിരെ പ്രതികരിക്കുന്നുണ്ട്. പ്രത്യേകിച്ചും പുതുതലമുറയിലുള്ളവർ. അതിനുവേണ്ടി ആ ജോലി ഉപേക്ഷിച്ച് പോകാനും പുതുവഴികൾ തേടാനും പലർക്കും മടിയില്ല. അതുപോലെ, ഒരു 26 -കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. മുംബൈ സ്വദേശിനിയായ ധ്രുപദി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ മ്യൂസിക് എഡ്-ടെക് കമ്പനിയിലെ വോക്കൽ കോച്ചായിരുന്നു. തന്റെ മേലധികാരി മറ്റുള്ളവരുടെ മുന്നിൽ വെച്ച് തന്നെ ആക്ഷേപിച്ചതിനെ തുടർന്ന് അവൾ ജോലി രാജിവെക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ഇതേ കമ്പനിയിൽ ജോലി ചെയ്യുകയാണ് ധ്രുപദി. തന്റെ ജോലി സമയത്തിന് പുറമെ ജോലി ചെയ്ത ഓവർ ടൈമിന് അർഹതപ്പെട്ട കൂലി ആവശ്യപ്പെട്ടതോടെയാണ് പ്രശ്നമായത്. ബോസ് വളരെ മോശമായിട്ടാണ് ധ്രുപദിയോട് പ്രതികരിച്ചത്. 'ഇവിടെ എല്ലാവരും എന്റെ നിയമങ്ങളും നിബന്ധനകളും അനുസരിക്കേണ്ടി വരകും. നിങ്ങൾക്ക് അത് ഇഷ്ടപ്പെടുന്നില്ലായെങ്കിൽ നാളെത്തന്നെ ഇവിടെനിന്ന് പോകാം. അതെനിക്കൊരു പ്രശ്നമല്ല' എന്നാണ് ധ്രുപദിയുടെ ബോസ് പറഞ്ഞത്.

View post on Instagram

പിന്നാലെ, ധ്രുപദി മാന്യമായ രീതിയിൽ ഈ വിഷയം കമ്പനിയുടെ അകത്ത് തന്നെ ഉന്നയിക്കുകയും തന്റെ പരാതിയിൽ ഔദ്യോഗികമായി ഒരു ക്ഷമാപണം വേണ്ടതുണ്ട് എന്ന് പറയുകയും ചെയ്തു. എന്നാൽ, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നും അനുകൂലമായ ഒരു പ്രതികരണവും ഉണ്ടായില്ല. പിന്നാലെ, ധ്രുപദി തന്റെ രാജി സമർപ്പിക്കുകയായിരുന്നു. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ധ്രുപദി ഈ അനുഭവം പങ്കുവെച്ചത്. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാൻ താൻ തയ്യാറായിരുന്നു, എന്നാൽ, തന്റെ അന്തസ്സ് പണയപ്പെടുത്തിക്കൊണ്ടുള്ള ഒരു ജോലിക്കും തന്നെ കിട്ടില്ല എന്നാണ് അവൾ പറയുന്നത്. ഇന്നത്തെ തലമുറ അതിന് തയ്യാറല്ലെന്നും ഇവിടെ ഒരു മാറ്റം വേണ്ടതുണ്ട് എന്നും അവൾ പറയുന്നു. ധ്രുപദിയെ അഭിനന്ദിച്ചുകൊണ്ടാണ് പലരും വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്.