മൈസൂരിലെ തെരുവിൽ നിന്ന് അപരിചിതർ സൗജന്യമായി ബിരിയാണിയും ചിക്കൻ കറിയും നൽകിയ ഹൃദ്യമായ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഫിജി സ്വദേശിയായ ലെപ്പാനി എന്ന യുവാവ്. തൻ്റെ ജീവിതത്തിൽ കഴിച്ച ഏറ്റവും മികച്ച ഭക്ഷണമാണ് ഇതെന്നും യുവാവ്.
ഇന്ത്യക്കാരെ ആതിഥ്യമര്യാദയുടെ പേരിൽ തോൽപ്പിക്കാൻ ആർക്കും കഴിയില്ല. ഏത് അപരിചിതനും ഒരുനേരത്തെ ആഹാരം വിളമ്പാൻ തയ്യാറാവുന്ന മനുഷ്യരാണ് ഇവിടെ പലരും. ഇത് പലപ്പോഴും വിദേശികളെ അമ്പരപ്പിക്കാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യക്കാരുടെ സ്നേഹത്തിനും ആതിഥ്യമര്യാദയ്ക്കും മുന്നിൽ ഇത്തവണ മനസ്സ് നിറഞ്ഞത് ഫിജിയിൽ ജനിച്ച് ന്യൂസിലൻഡിൽ താമസിക്കുന്ന ലെപ്പാനി എന്ന മ്യുസീഷ്യനാണ്. മൈസൂരിലെ ഒരു തെരുവിൽ വെച്ച് അപരിചിതർ തനിക്ക് സൗജന്യമായി ബിരിയാണിയും ചിക്കൻ കറിയും നൽകിയ ഹൃദ്യമായ അനുഭവത്തെ കുറിച്ചാണ് ലെപ്പാനി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തത്.
'ഇന്ത്യയിലെ അനുഭവങ്ങൾക്കായി തയ്യാറെടുക്കാൻ പലരും തന്നോട് പറഞ്ഞിരുന്നെങ്കിലും ഇത്തരമൊരു അനുഭവത്തിന് ആരും തന്നെ ഒരുക്കിയിരുന്നില്ല' എന്ന തലക്കെട്ടോടെയാണ് ലെപ്പാനി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മൈസൂരിലെ തിരക്കേറിയ ഒരു തെരുവിലൂടെ നടക്കുകയായിരുന്നു യുവാവ്. അപ്പോഴാണ് അതിമനോഹരമായ ഒരു സുഗന്ധം അനുഭവപ്പെട്ടത്. റോഡിന് അപ്പുറത്ത് ഒരു വലിയ ചെമ്പിൽ നിന്നും ഒരാൾ ആളുകൾക്ക് ബിരിയാണി വിളമ്പുകയായിരുന്നു. ലെപ്പാനിയെ കണ്ടപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് അവരെ അടുത്തേക്ക് വിളിച്ചു. പ്ലേറ്റിന് എത്ര രൂപയാകുമെന്ന് ചോദിച്ചപ്പോൾ, 'പണം വേണ്ട, ഭക്ഷണം കഴിക്കൂ' എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
വലിയൊരു പ്ലേറ്റ് നിറയെ ബിരിയാണിയും അതിനു മുകളിൽ ചിക്കൻ കറിയും നൽകി അവർ തന്നെ അത്ഭുതപ്പെടുത്തി എന്നാണ് ലെപ്പാനി പറയുന്നത്. ആ നാട്ടുകാർക്കൊപ്പം തെരുവോരത്ത് നിന്ന് കഴിച്ച ആ ബിരിയാണി തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച വിഭവമായിരുന്നു എന്നാണ് ലെപ്പാനി പറയുന്നത്. ഇതിനോടകം 24 ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വിനയമുള്ള മനുഷ്യരാണ് ഇന്ത്യയിലുള്ളതെന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. കൊവിഡ് കാലത്ത് ഇന്ത്യക്കാർ പരസ്പരം ഭക്ഷണം നൽകി സഹായിച്ച സംസ്കാരത്തെക്കുറിച്ചും ചിലർ ഓർമ്മിപ്പിച്ചു.
