നഗരങ്ങളിലെ ഐടി ജോലിക്കാരേക്കാൾ കൂടുതൽ സമ്പാദിക്കുന്നത് തന്റെ ട്രക്ക് ഡ്രൈവർമാരാണെന്ന് ഡൽഹിയിലെ യുവ സംരംഭകനായ ദാമൻ സിങ്ങ്. ഉയർന്ന ജീവിതച്ചെലവും ഇഎംഐകളും കാരണം ഐടി ഉദ്യോഗസ്ഥരുടെ സമ്പാദ്യം കുറയുകയാണെന്നും ദാമന്‍ സിങ്. 

നഗരങ്ങളിലെ ഐടി ജോലിക്കാരേക്കാൾ കൂടുതൽ ലാഭമുണ്ടാക്കുന്നത് തന്റെ ലോറി ഡ്രൈവർമാരാണെന്ന വെളിപ്പെടുത്തലുമായി ഡൽഹിയിലെ യുവ സംരംഭകൻ ദാമൻ സിങ്. ഐടി മേഖലയിലെ തുടക്കക്കാരുടെ ശമ്പളവും ജീവിതച്ചെലവും തമ്മിലുള്ള അന്തരത്തെക്കുറിച്ചുള്ള സംരംഭകന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്. ബിറ്റ്സ് പിലാനിയിൽ നിന്ന് എഞ്ചിനീയറിംഗും ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎയും കഴിഞ്ഞ ദാമൻ, തന്റെ കുടുംബ ബിസിനസ്സായ ദാമൻ ഗ്രൂപ്പ് നടത്തി വരികയാണ്.

മെട്രോ നഗരങ്ങളിൽ ജോലി ചെയ്യുന്ന ഒരു ഐടി ഉദ്യോഗസ്ഥന്റെ അവസ്ഥയാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. തുടക്കക്കാരന്റെ ശമ്പളം 40,000 രൂപയാണ്. ശമ്പളത്തിന്റെ 30% വാടകയ്ക്കായി പോകും. കൂടെ ടാക്സ്, സൊമാറ്റോ ബില്ലുകൾ എന്നിവ കൂടി ചേരുമ്പോൾ മാസാവസാനം കയ്യിൽ ബാക്കിയാവുന്നത് വെറും 5,000 രൂപ മാത്രമാണ്. ബാക്കിയുള്ള തുക ഐഫോണിന്റെ ഇഎംഐ അടയ്ക്കാൻ പോകുന്നതോടെ എഞ്ചിനീയറുടെ സമ്പാദ്യം പൂജ്യമാകുന്നു എന്ന് ദാമൻ പറയുന്നു.

അതേസമയം, ഒരു ഹെവി ഡ്യൂട്ടി ട്രക്ക് ഡ്രൈവർ മാസം 45,000 മുതൽ 55,000 രൂപ വരെ വീട്ടിൽ കൊണ്ടുപോകുന്നു. അവർക്ക് നഗരത്തിലെ ഉയർന്ന വാടകയോ ഇൻകം ടാക്സോ ബാധകമല്ല. 'എഞ്ചിനീയർ ഐഫോണിന്റെ ഗഡു അടയ്ക്കുമ്പോൾ ഡ്രൈവർ നാട്ടിൽ വീട് പണിയുകയാണ്' എന്നാണ് ദാമൻ പറയുന്നത്. ലോറികളിലെ അഴുക്ക് നോക്കി അവരെ പുച്ഛിക്കുന്നവർ അവരുടെ ബാങ്ക് ബാലൻസ് കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

View post on Instagram

ദാമന്റെ ഈ പോസ്റ്റിന് താഴെ അനുകൂലിച്ചും വിയോജിച്ചും നിരവധിപേർ രംഗത്തെത്തി. 'എന്റെ ട്രക്ക് ഡ്രൈവർക്ക് സ്വന്തമായി കാറുണ്ട്' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. അതേസമയം, വിദേശ രാജ്യങ്ങളിലെ ട്രക്കുകളും ഇന്ത്യയിലെ പഴയ 'ഖട്ടാര' ട്രക്കുകളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും താരതമ്യം ശരിയല്ലെന്നും ചിലർ വാദിച്ചു. ട്രക്ക് ഡ്രൈവിംഗ് വലിയ ശാരീരിക അധ്വാനം ആവശ്യമാണെന്നും അത് ഐടി ജോലിയെപ്പോലെ എളുപ്പമല്ലെന്നും ഒരാൾ ചൂണ്ടിക്കാട്ടി. ഇതിന് 'ഐടി ജോലിക്കാരന്റെ ജീവിതം അത്ര എളുപ്പമാണോ?' എന്നായിരുന്നു ദാമന്റെ മറുചോദ്യം.