രാത്രിയിൽ തീ കാഞ്ഞിരുന്ന യുവാക്കൾക്കിടയിൽ നടന്ന ഒരു തമാശ അപകടകരമായ പ്രതികാരത്തിൽ അവസാനിച്ചു. ഒരാൾ മറ്റൊരാളുടെ കസേര വലിച്ചിട്ടതിന് പ്രതികാരമായി, അയാൾ തിരിച്ചെത്തിയപ്പോൾ കസേരയ്ക്ക് തീയിടുകയായിരുന്നു. ഈ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ക്ഷമ, സഹനം തുടങ്ങിയ വാക്കുകൾക്കൊന്നും പുതിയ കാലത്ത് ഒരു അർത്ഥവുമില്ലെന്ന് തോന്നും ചിലതൊക്കെ കണ്ട് കഴിഞ്ഞാൽ. ചെറിയ കാര്യങ്ങൾക്ക് പോലും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിലാണ് ആളുകൾക്ക് ഇപ്പോൾ താത്പര്യം. ചെറിയ തെറ്റുകൾക്ക് പോലും ക്ഷമിക്കാനോ ക്ഷമ ചോദിക്കാനോ ആരും തയ്യാറല്ല. അത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ വൈറലായി. രാത്രിയിലെ കടുത്ത തണുപ്പ് മറികടക്കനായി തീ കാഞ്ഞിരിക്കുന്ന ഒരു കൂട്ടം യുവാക്കൾക്കിടയിൽ നടന്ന സംഭവമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

കസേര വലിച്ചിട്ടതിന് പ്രതികാരം

ഒരു കൂട്ടം യുവാക്കൾ രാത്രി ഒരു റോഡിന് സമീപത്ത് ഇരുന്ന് തീ കായുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇതിനിടെ അടുത്തിരുന്ന ഒരു യുവാവ് എഴുന്നേറ്റ് പോകുന്നതിനിടെ സമീപത്ത് ഇരുന്ന മറ്റൊരു യുവാവിന്‍റെ കസേര പിടിച്ച് വലിക്കുകയും അയാളെ താഴെക്ക് മറിച്ചിടുകയും ചെയ്യുന്നു. പിന്നാലെ ഇയാൾ റോഡ് മുറിച്ച് കടക്കുന്നതും കാണാം. ഈ സമയം താഴെ വീണ യുവാവ് എഴുന്നേറ്റ് വന്ന് സീറ്റ് മാറി ഇരിക്കുകയും താന്‍ നേരത്തെ ഇരുന്ന പ്ലാസ്റ്റിക് കസേരയിലേക്ക് ഒരു കുപ്പിയിൽ നിന്നും എന്തോ ഒഴിക്കുന്നതും വീഡിയോയിൽ കാണാം. 

അല്പം നേരം കഴിഞ്ഞ ആദ്യം എഴുന്നേറ്റ് പോയ യുവാവ് തിരിച്ച് വരികയും ഒഴിഞ്ഞ കസേരയിൽ ഇരിക്കുകയും ചെയ്യുന്നു. ഇതിനിടെ രണ്ടാമത്തെ യുവാവ് തന്‍റെ കൈയിലിരുന്ന ലൈറ്റർ കസേരയുടെ അടുത്ത് പിടിച്ച് കത്തിക്കുന്നു. ഇതോടെ കസേര മൊത്തത്തിൽ തീ പിടിക്കുകയും അവിടെ ഇരിന്നിരുന്ന യുവാവിന്‍റെ ചന്തിക്ക് തീ പിടിക്കുകയും ചെയ്യുന്നു. പിന്നാലെ തീ പിടിച്ച യുവാവ് നിലത്തിരുന്ന തീ കെടുത്താൻ ശ്രമിക്കുന്നതും ഒരുവിധത്തിൽ തീ കെടുത്തുന്നതും വീഡിയോയിൽ കാണാം. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയൊരു അപകടം ഒഴിവായത്. യുവാവിന്‍റെ പരിക്ക് ഗുരുതരമാണോയെന്ന് വ്യക്തമല്ല.

View post on Instagram

എല്ലാമൊരു തമാശ

സോൾ ഓഫ് ഇന്ത്യ എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചത്. മണിക്കൂറുകൾക്കുള്ളിൽ വീഡിയോ വൈറലായി. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കുറിപ്പുകളെഴുതാനെത്തിയെങ്കിലും ആരും തന്നെ സഹതാപത്തിന്‍റെ വാക്കുകൾ കുറിച്ചില്ല. മറിച്ച് ചിലർ ആ പ്രതികാരം ആസ്വദിക്കുന്നതായി കുറിപ്പുകളെഴുതി. നിങ്ങളുടെ എതിരാളി ആരാണെന്ന് എപ്പോഴും നിങ്ങൾക്കറിയാമെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. മറ്റ് ചിലർ അത് സ്ക്രിപ്റ്റ‍ഡ് വീഡിയോയാണെന്ന് സംശയം പങ്കുവച്ചു. 

മറ്റ് ചിലർ ആണ്‍കുട്ടികൾ അതൊന്നും ഗൗരവമായി എടുക്കാറില്ലെന്ന് എഴുതി. പുരുഷന്മാർ കൂടുതൽ കാലം ജീവിക്കാത്തതിന്‍റെ കാരണം ഇതൊക്കെയാണെന്നായിരുന്നു മറ്റൊരു കുറിപ്പ്. അതേസമയം മറ്റ് ചിലർ തങ്ങളുടെ അമ്പരപ്പ് മറച്ച് വച്ചില്ല. കൈയബദ്ധമെന്ന് പറഞ്ഞ് ഒഴിയാൻ കഴിയില്ലെന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. ഒരു നിമിഷത്തെ തമാശയ്ക്ക് വേണ്ടി ഒരു ജീവൻ നഷ്ടപ്പെടുത്തിയേനെയെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു.