ഗുരുഗ്രാമിലെ എക്സ്പ്രസ് ഹൈവേയിൽ മദ്യപിച്ച യുവാക്കൾ ഓടുന്ന കാറിന് മുകളിൽ അപകടകരമായ അഭ്യാസം നടത്തി. ഇതിന്റെ വീഡിയോ വൈറലായതോടെ പൊതുസ്ഥലത്തെ പെരുമാറ്റത്തെക്കുറിച്ച് വലിയ ചർച്ചകൾ നടന്നു. രൂക്ഷമായ വിമർശനങ്ങളെ തുടർന്ന് പോലീസ് കേസെടുത്തു.
പൊതു സ്ഥലത്ത് പെരുമാറേണ്ടതെങ്ങനെ എന്ന കാര്യത്തിൽ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് ഒരോ സംഭവങ്ങൾക്ക് പിന്നാലെയും നടക്കുന്നത്. വിദേശത്തും സ്വദേശത്തും പൊതു സ്ഥലത്തെ പെരുമാറ്റത്തെ കുറിച്ച് ഇന്ത്യക്കാർക്കെതിരെ നിരന്തരം പരാതികളാണ് സമൂഹ മാധ്യമങ്ങളിലും ഉയരുന്നത്. ഇതിനിടെയാണ് മദ്യപിച്ച യുവാക്കൾ എക്സപ്രസ് ഹൈവേയിൽ കാറിൽ പോകുന്നതിനിടെ കാണിച്ച അഭ്യാസം സമൂഹ മാധ്യമങ്ങളിൽ വൈറലായത്. പിന്നാലെ ഇന്ത്യൻ യുവാക്കളുടെ ലഹരി ഭ്രമവും പൊതുസ്ഥലത്തെ പെരുമാറ്റ രീതികളും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറി.
പാട്ടും ഡാൻസും
ഗുരുഗ്രാം സെക്ടർ 86 പ്രദേശത്ത് കൂടി പോകുന്ന ദ്വാരക എക്‌സ്പ്രസ് വേയുമായി ബന്ധിപ്പിക്കുന്ന റോഡിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. തിരക്കേറിയ റോഡിലൂടെ പോകുന്ന ഒരു സ്കോർപിയോയ്ക്ക് പിന്നിലുണ്ടായിരുന്ന കാറിന്‍റെ ഡാഷ്കാം ദൃശ്യങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടത്. എക്സിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ ഒരു കറുത്ത സ്കോർപിയോ മുന്നോട്ട് നീങ്ങുമ്പോൾ, ഒരാൾ വാഹനത്തിന്‍റെ മകുളിലെ ഗ്ലാസിലൂടെ പുറത്തേക്ക് എഴുന്നേറ്റ് നിൽക്കുന്നത് കാണാം.
ഇതിനിടെ മറ്റൊരാൾ സ്കോപിയോയുടെ ജനൽ വഴി മുകളിലേക്ക് കയറുന്നു. ഇരുവരും നന്നായി മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തം. ഇയാൾ വാഹനത്തിന്‍റെ മുകളിൽ കയറി ഇരിക്കുകയും പിന്നാലെ വാഹനത്തിൽ വച്ച പാട്ടിന് അനുസരിച്ച് ശരീരമിളക്കുന്നും കാണാം. തിരക്കേറിയ റോഡിൽ അപകടകരമായ രീതിയിൽ സ്റ്റണ്ട് നടത്തിയ യുവാക്കളുടെ ദൃശ്യങ്ങൾ വലിയ വിമർശനമാണ് ഉയർത്തിയത്. വാഹനം ഉപയോഗിക്കേണ്ടത് എങ്ങനെ എന്നത് മുതൽ പൊതു ഇടത്തിലെ പെരുമാറ്റ രീതികളെ കുറിച്ച് വരെ സമൂഹ മാധ്യമ ഉപയോക്താക്കളെഴുതി.
ചില കാറുടമകൾ...
സ്കോർപിയോ, ഥാർ ഉടമകൾക്കെതിരെയായിരുന്നു കുറിപ്പുകളിലധികവും. മറ്റ് ചിലർ ട്രാഫിക് പോലീസുകാർ ഉത്തരവാദിത്വം കാണിക്കാത്തതാണ് പ്രശ്നങ്ങൾ വഷളാക്കുന്നതെന്ന് എഴുതി. അതേസമയം ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് രാഷ്ട്രീയക്കാരാണെന്നും അതാണ് നിയന്ത്രിക്കപ്പെടേണ്ടതെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടി. രാത്രി കാലങ്ങളിൽ ട്രാഫിക് പോലീസ് ഉറക്കമാണെന്നും മിക്കവരും രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ മാത്രമാണ് ജോലി ചെയ്യുന്നതെന്ന് സംശയമുണ്ടെന്നുമാണ് ചിലരെഴുതിയത്. രൂക്ഷമായ പ്രതികരണങ്ങൾ ഉയർന്നതോടെ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വാഹനത്തിന്‍റെ രജിസ്ട്രേഷൻ അടിസ്ഥാനമാക്കി പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് അറിയിച്ചു.


