കാറിൽ നിന്ന് മാലിന്യം വലിച്ചെറിഞ്ഞത് ചോദ്യം ചെയ്ത പ്രവാസി വ്ലോഗർക്ക് നേരെയുണ്ടായ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വിദേശ രാജ്യങ്ങളിലെ ശുചിത്വം ഇന്ത്യയിലും വേണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണ് ചോദ്യം ചെയ്യുന്നതെന്ന് വ്ലോഗര്‍.
റോഡരികിൽ മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണത ഇന്ത്യയിൽ വളരെ സാധാരണമാണ്. പലപ്പോഴും പല സോഷ്യൽ മീഡിയാ പോസ്റ്റുകളിലും ഇതേക്കുറിച്ച് ആളുകൾ പറയുന്നതും കാണാം. അതുപോലെ, ഒരു പ്രവാസിക്ക് നേരിടേണ്ടി വന്ന ദുരനുഭവമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വിദേശയാത്ര കഴിഞ്ഞ് ഇന്ത്യയിൽ തിരിച്ചെത്തി മിനിറ്റുകൾക്കകം ഡൽഹിയിലെ ദൗള കുവാൻ മെട്രോ സ്റ്റേഷന് മുന്നിൽ വെച്ചാണ് വ്ലോഗറായ അനന് ഈ അനുഭവമുണ്ടായത്.
കാറിൽ നിന്നും റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു കൊണ്ടിരുന്ന ഒരാളെ അനൻ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ആദ്യം മാന്യമായി കാര്യങ്ങൾ പറയാൻ ശ്രമിച്ചെങ്കിലും കാറിലുണ്ടായിരുന്ന വ്യക്തി അത് അവഗണിക്കുകയായിരുന്നു. തുടർന്ന് അനൻ ക്യാമറ ഓൺ ചെയ്യുകയും ദൃശ്യങ്ങൾ പകർത്താൻ തുടങ്ങുകയും ചെയ്തു. ഇതോടെ പ്രകോപിതനായ ഇയാൾ വ്ലോഗറെ ആക്രമിക്കാൻ മുതിരുകയും പിന്നാലെ ഓടുകയും ചെയ്തു. ഉടൻ തന്നെ മെട്രോ സ്റ്റേഷനുള്ളിലേക്ക് ഓടിക്കയറി പൊലീസിന്റെ സഹായം തേടിയതിനാലാണ് കൂടുതൽ അപകടങ്ങൾ ഒഴിവായത് എന്നാണ് യുവാവ് പറയുന്നത്.
'വിദേശ രാജ്യങ്ങളിലെ ശുചിത്വം ഇന്ത്യയിലും കൊണ്ടുവരണമെന്ന് ആഗ്രഹിക്കാറുണ്ട്. എന്നാൽ ആളുകളെ ബോധവൽക്കരിക്കാൻ ശ്രമിക്കുമ്പോൾ അവർ അക്രമാസക്തരാകുകയാണ് ചെയ്യുന്നത്. എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യും എന്ന മനോഭാവമാണ് പലർക്കും. ഇത് കാണുമ്പോൾ ആളുകളെ ബോധവൽക്കരിക്കാനുള്ള താല്പര്യം തന്നെ നഷ്ടപ്പെടുന്നു' എന്ന് അനൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വീഡിയോ ഇതിനോടകം അൻപത് ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. 'പൊതുസ്ഥലങ്ങൾ വൃത്തികേടാക്കുന്നത് ചോദ്യം ചെയ്ത അനന്റെ ധൈര്യത്തെ അഭിനന്ദിക്കുന്നു, നിയമങ്ങൾ കർശനമാക്കിയാൽ മാത്രമേ ഇത്തരം പ്രവണതകൾ മാറൂ'വെന്നാണ് പലരും കമന്റ് ചെയ്തത്. അതേസമയം, ഇങ്ങനെയുള്ളവരെ നേരിട്ട് ചോദ്യം ചെയ്യുന്നത് അപകടകരമാണ്. സുരക്ഷ മുൻനിർത്തി അധികൃതരെ അറിയിക്കുകയാണ് വേണ്ടത് എന്ന് പറയുന്നവരും ഉണ്ട്.
