ദക്ഷിണ കൊറിയയിലെ പ്രശസ്തമായ ജെജു സിറ്റിയിലെ മാലിന്യക്കൂമ്പാരത്തിന്റെ വീഡിയോ പങ്കുവച്ച് ഇന്ത്യക്കാരിയായ യുവതി. ശുചിത്വം എന്നത് ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ് എന്നും യുവതി. 

ശരിയായ രീതിയിലല്ല മാലിന്യ സംസ്കരണമെങ്കിൽ ഒരു നാട് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നായി അത് മാറാറുണ്ട്. ഇന്ത്യയിലെ പല ന​ഗരങ്ങളിൽ നിന്നും അത്തരത്തിലുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാറുണ്ട്. ഇപ്പോഴിതാ, ദക്ഷിണ കൊറിയയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ജെജു സിറ്റിയിലെ മാലിന്യക്കൂമ്പാരത്തിന്റെ ദൃശ്യങ്ങൾ പങ്കുവയ്ക്കുകയാണ് ഒരു ഇന്ത്യൻ യുവതി. പൂർവി എന്ന ഇന്ത്യൻ യുവതിയാണ് കടൽതീരത്തെ പാറക്കൂട്ടങ്ങൾക്കും പച്ചപ്പിനും ഇടയിൽ ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റ് അവശിഷ്ടങ്ങളും കാണിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. ജെജു ദ്വീപിന്റെ പ്രകൃതിഭംഗിക്ക് പകരം അവിടുത്തെ മലിനമായ ചുറ്റുപാടിലേക്കാണ് പൂർവി ശ്രദ്ധ ക്ഷണിച്ചത്. എല്ലാ രാജ്യങ്ങളും വൃത്തികേടാകാൻ സാധ്യതയുണ്ടെന്നും ഇത് ജനസംഖ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുമാണ് പൂർവി പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

'ഇന്ത്യയിലെ ശുചിത്വമില്ലായ്മ പരിഹരിക്കാത്തതിൽ എനിക്ക് ഇന്ത്യയോട് ദേഷ്യം തോന്നുന്നു. അടുത്ത തലമുറയ്ക്ക് മെച്ചപ്പെട്ട രാജ്യം കൈമാറാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കണം' എന്നാണ് പൂർവി വീഡിയോയുടെ ക്യാപ്ഷനിൽ കുറിച്ചിരിക്കുന്നത്. ശുചിത്വം എന്നത് കേവലം സർക്കാരിന്റെ മാത്രം കടമയല്ലെന്നും, അത് പൗരബോധവും കൃത്യമായ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണ കൊറിയയെപ്പോലെ അച്ചടക്കമുള്ള രാജ്യങ്ങളിലും ഉത്തരവാദിത്തമില്ലാതെ കാര്യങ്ങൾ കൈകാര്യം ചെയ്താൽ സമാനമായ സാഹചര്യം ഉണ്ടാകുമെന്ന് വീഡിയോയിലൂടെ അവർ വ്യക്തമാക്കി.

View post on Instagram

അതേസമയം, ഇന്ത്യയിലെ ശുചിത്വമില്ലായ്മയെക്കുറിച്ച് മാത്രം പരാതിപ്പെടുന്നവർക്കുള്ള മറുപടിയായാണ് പലരും ഈ വീഡിയോയെ കണ്ടത്. നിരവധിപ്പേരാണ് പൂർവി പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'ശുചിത്വം എന്നത് രാജ്യത്തെക്കാൾ ഉപരി ജനങ്ങളുടെ ശീലങ്ങളെ ആശ്രയിച്ചിരിക്കുന്നു' എന്നാണ് ഒരാൾ കുറിച്ചത്. 'ചില രാജ്യങ്ങളിൽ മാലിന്യം വേഗത്തിൽ നീക്കം ചെയ്യാനും അത് കൃത്യമായി സംസ്കരിക്കാനുമുള്ള സംവിധാനങ്ങൾ ഉണ്ടെന്നതാണ് പ്രധാന വ്യത്യാസം' എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. അതേസമയം, ജനസംഖ്യ കൂടുതലാകുമ്പോഴും, ആളുകൾ ഉത്തരവാദിത്തമില്ലാതെ പെരുമാറുമ്പോഴുമാണ് മാലിന്യപ്രശ്നം രൂക്ഷമാകുന്നത് എന്നും ആളുകൾ പ്രതികരിച്ചു.