മധ്യപ്രദേശിലെ പന്ന ടൈഗർ റിസർവിൽ സഫാരി ജീപ്പുകൾ ഒരു കടുവ കുടുംബത്തിന്റെ വഴി തടസ്സപ്പെടുത്തിയതിന്റെ വീഡിയോ വൈറലായി. ജീപ്പുകൾ അപകടകരമാംവിധം അടുത്തേക്ക് നീങ്ങിയപ്പോൾ സഞ്ചാരികൾ സെൽഫിയെടുക്കാൻ തിരക്കുകൂട്ടി.
ഇന്ത്യയിലെ പല സംരക്ഷിത വനങ്ങളിലും ഇന്ന് സഞ്ചാരികളില്‍ നിന്നും പണം വാങ്ങി പ്രവേശിപ്പിക്കുന്നു. ആദ്യമൊക്കെ ചില നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും പദ്ധതി സാധാരണമായതോടെ അല്പം ഇളവുകളൊക്കെ വന്നെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ പന്ന ടൈഗർ റിസർവിലെ സഫാരിക്കിടെ സന്ദർശകർക്ക് വേണ്ടി കടുവ കുടുംബത്തിന്‍റെ തൊട്ടടുത്ത് വരെ സഫാരി ജീപ്പുകൾ പാര്‍ക്ക് ചെയ്തിരിക്കുന്നതും സഞ്ചാരികൾ കടുവകയുടെ പശ്ചാത്തലത്തില്‍ ചിത്രങ്ങളെടുക്കാന്‍ തിരക്ക് കൂട്ടുന്നതും ചിത്രീകരിച്ച ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
അസ്വസ്ഥരായി കടുവകൾ
അഞ്ചാറ് ജീപ്പുകളിലായി സന്ദർശകർ തങ്ങളുടെ വഴി മുടക്കി നില്‍ക്കുന്നതില്‍ കടുവ കൂട്ടം അസ്വസ്ഥരായിരുന്നു. പെട്ടെന്ന് എങ്ങോട്ട് നീങ്ങണമെന്ന് അറിയാതെ അവര്‍ ആശങ്കപ്പെടുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ കടുവകളുടെ പശ്ചാത്തലത്തില്‍ ചില വിനോദ സഞ്ചാരികൾ തങ്ങളുടെ സെൽഫികളെടുക്കാന്‍ തിരക്ക് കൂട്ടുന്നതും കാണാമായിരുന്നു. ഇതിനിടെ കടുവകൾ സഫാരി ജീപ്പുകൾക്ക് ഇടയിലൂടെ മണ്‍പാത മുറിച്ച് കടക്കുന്നതും കാണാമായിരുന്നു. വീഡിയോ വിനോദ സഞ്ചാരികളുടെ സുരക്ഷയെയും പാർക്ക് മാനേജ്മെന്‍റിനെയും കുറിച്ച് നെറ്റിസൺമാരെ ആശങ്കാകുലരാക്കി.
രൂക്ഷപ്രതികരണം
ഇത്തരം പെരുമാറ്റങ്ങൾ വലിയ അപകടത്തിലേക്ക് നയിച്ചേക്കാമെന്ന് വിദഗ്ദർ നിരന്തരം ചൂണ്ടിക്കാണിക്കുമ്പോഴും സഫാരി ഡ്രൈവർമാരും ഗൈഡുമാരും ആരുടെ ആജ്ഞകളാണ് അനുസരിക്കുന്നതെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ചോദിച്ചു. നടപടി എടുക്കാനായി ഒരു ദുരന്തത്തിനായി സഫാരി കേന്ദ്രം കാത്തിരിക്കുകയാണോയെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ ചോദ്യം. കടുവ സംരക്ഷണ കേന്ദ്രങ്ങളും സഫാരി വാഹനങ്ങൾ വന്യമൃഗങ്ങളിൽ നിന്ന് കുറഞ്ഞ സുരക്ഷിത അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് നിരവധി പേരാണ് ആവശ്യപ്പെട്ടത്. മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നത് വിനോദ സഞ്ചാരികളെയും വന്യജീവികളെയും ഒരുപോലെ അപകടത്തിലാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.


