ഡൽഹിയിലെ യമുനാ ഘട്ടിൽ വെച്ച് നദിയിൽ തേങ്ങ എറിയാനെത്തിയ ദമ്പതികളെ തടയുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നു. സോണാലി സിംഗ് എന്ന യുവതിയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

ഡൽഹിയിലെ യമുനാ ഘട്ടിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. സോണാലി സിംഗ് എന്ന യുവതിയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ നദിയിൽ തേങ്ങ എറിയാൻ എത്തിയ ദമ്പതികളെ അവർ ചോദ്യം ചെയ്യുന്നതാണ് കാണുന്നത്. നദിയിൽ 'വിസർജൻ' (വഴിപാട്) നടത്താൻ എത്തിയതാണോ എന്ന് സോണാലി ദമ്പതികളോട് ചോദിക്കുന്നത് കാണാം. അതെ എന്ന് അവർ മറുപടി നൽകിയപ്പോൾ, നദിയുടെ ആവാസവ്യവസ്ഥയെ ഇത് ദോഷകരമായി ബാധിക്കുമെന്നാണ് സോണാലി അവരോട് പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

'ഈ തേങ്ങ നദിയിൽ മുങ്ങിപ്പോകില്ലേ? ഇത് എന്ത് തരം വിശ്വാസമാണ്? ഇതിനുപകരം ഈ തേങ്ങ ഉടച്ച് ഏതെങ്കിലും മൃഗത്തിന് ഭക്ഷണമായി നൽകിക്കൂടെ' എന്നാണ് സോണാലി വീഡിയോയിൽ ചോദിക്കുന്നത്. എന്നാൽ, യുവതി പറയുന്നത് കേൾക്കാതെ ദമ്പതികൾ മറ്റൊരു ബോട്ട് വാടകയ്ക്ക് എടുത്ത് നദിയുടെ മറുഭാഗത്ത് പോയി തേങ്ങ എറിയുകയായിരുന്നു. ഇവരെ തടയാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്നും സോണാലി വീഡിയോയിൽ പറയുന്നു.

View post on Instagram

പുഴകളിൽ തേങ്ങ സമർപ്പിക്കുന്നത് അഹങ്കാരം വെടിയുന്നതിനും, മനസ് ദൈവത്തിന് സമർപ്പിക്കുന്നതിനുമുള്ള പ്രതീകമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതേസമയം, മലിനീകരണം കാരണം ഇത്തരം ചടങ്ങുകൾ വേണോ എന്ന കാര്യത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ച ഉയരാൻ സോണാലി പങ്കുവച്ച വീഡിയോ കാരണമായി. ഏപ്രിൽ 7 ന് പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 4.4 കോടിയിലധികം ആളുകൾ കണ്ടുകഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഒരു വിഭാ​ഗം പേർ ഇത് ആചാരത്തിന്റെ ഭാ​ഗമാണ് എന്നും തേങ്ങ നദിക്ക് ദോഷമൊന്നും വരുത്തില്ല എന്നുമാണ് അഭിപ്രായപ്പെട്ടത്. അതേസമയം, ഇത്തരം ആചാരങ്ങൾ ആർക്കും ദോഷമില്ലാത്ത രീതിയിൽ മാറേണ്ട കാലമായി എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.