Asianet News MalayalamAsianet News Malayalam

മീനും മെഴുകുതിരിയുമായി പൂച്ചയ്ക്ക് പിറന്നാള്‍; ഇത്, മരിച്ചിട്ടും മറക്കാനാവാത്ത പൂച്ച സ്നേഹം...

ആശയുടെയും മക്കളുടെയും കാലടിച്ചോട്ടിൽ നാൽവർ സംഘം എന്നുമുണ്ടായിരുന്നു. ആർക്കും ഒരു ദോഷവും ചെയ്യാത്ത, തങ്ങളുടെ പൂച്ചമക്കളെ  ആരാണ്, എന്തിനാണ് വിഷച്ചോർ ഉരുട്ടിയൂട്ടി കൊന്നുകളഞ്ഞത് എന്നോർക്കുമ്പോൾ ഇന്നും ഇടയ്ക്കിടെ ആശയുടെ കണ്ണുകൾ നനയും. 

asha prasad and her pets
Author
Thiruvananthapuram, First Published Mar 28, 2019, 4:07 PM IST

ഈ പാത്രത്തിൽ കാണുന്ന നാല് മീനുകൾ ആശയ്ക്ക് മരിച്ചുപോയ നാലാത്മാക്കളുടെ ഓർമ്മയാണ്. നാലു വർഷങ്ങൾക്കു മുമ്പാണ് ആശ പോറ്റിവളർത്തിയിരുന്ന നാല് പൂച്ചകളെ അടുത്തുള്ള ഏതോ വീട്ടുകാർ  വിഷം ചേർത്ത് കുഴച്ചുരുട്ടിയ കൊലച്ചോറിനിരയാക്കുന്നത്.  

ആശയുടെയും മക്കളുടെയും ഹൃദയത്തിൽ സഹതാപമുണ്ടായിരുന്നു

ആ പൂച്ചകൾ പഞ്ചപാവങ്ങളായിരുന്നു. വഴിയരികിൽ ആരൊക്കെയോ കരകടത്തിയ നിലയിൽ, കണ്ണുപോലും മിഴിയാത്ത പ്രായത്തിൽ, പലപ്പോഴായി കണ്ടുകിട്ടിയ മാലാഖക്കുഞ്ഞുങ്ങളായിരുന്നു അവർ. അതുവഴി പോയ പലർക്കും ഇരുട്ടിൽ നിന്നും ഉയർന്നിരുന്ന ആ പൂച്ചക്കുഞ്ഞുങ്ങളുടെ നിലവിളികൾ കേൾക്കാനാവുന്നുണ്ടായിരുന്നില്ല.  കേട്ടവർ പലരും കേട്ടഭാവം നടിക്കാതെ കടന്നുപോയി. മനസ്താപം തോന്നിയവരിൽ പലർക്കും, അവരെ വീട്ടിൽ കൊണ്ടുചെന്നു വളർത്തുമ്പോഴുള്ള പാട് ആലോചിച്ചപ്പോൾ അവരെ ആ പുറമ്പോക്കിൽ നിന്നും രക്ഷപ്പെടുത്താൻ തോന്നിയില്ല. എന്നാൽ, ആശയുടെയും മക്കളുടെയും ഹൃദയത്തിൽ സഹതാപമുണ്ടായിരുന്നു. ഒരു പാണ്ടിലോറിയ്ക്കും വിട്ടുകൊടുക്കാതെ അവരാ കുഞ്ഞുങ്ങളെ ഒന്നൊന്നായി വീട്ടിലേക്കു കൊണ്ടുവന്നു. 

asha prasad and her pets

ജുവല്‍മേരി  മരിച്ചപ്പോള്‍

സമ്പന്നർ വളർത്തുന്ന വളർത്തുപൂച്ചകളെക്കൂട്ട്   ദേഹത്ത് കുഞ്ചിരോമവും പറഞ്ഞഹങ്കരിക്കാൻ പെഡിഗ്രിയുമൊന്നും അവർക്കില്ലായിരുന്നു. എന്നിട്ടും, ആശയും കുഞ്ഞുങ്ങളും അവരോട് സ്നേഹം കാണിച്ചു. അവർ അതിന്റെ പത്തിരട്ടി സ്നേഹം അവർക്കു തിരിച്ചുനൽകി. മഴ തകർത്തുപെയ്യുന്ന പല ദിവസങ്ങളിലും ആശയും ഭർത്താവും മക്കളും വീട്ടിലെത്താൻ വൈകുമ്പോൾ, അവർ വരുന്നതും കാത്ത് മഴയത്തേക്ക്, ഗേറ്റിലേക്ക്, ഗേറ്റും കടന്ന് വഴിയിലേക്ക് ആകുലതയോടെ കണ്ണും നട്ടുകൊണ്ട് ആ നാലുപേരും ഉറങ്ങാതെ കാത്തിരിക്കുമായിരുന്നു. ഒടുവിൽ അവർ വന്നുകേറുമ്പോൾ, ആ പൂച്ചകൾ ആശയുടെ കാലുകളിൽ ഉരുമ്മിക്കൊണ്ട്  നിർത്താതെ പരിഭവം പറയുമായിരുന്നു. 

ആശയുടെയും മക്കളുടെയും കാലടിച്ചോട്ടിൽ നാൽവർ സംഘം എന്നുമുണ്ടായിരുന്നു. ആർക്കും ഒരു ദോഷവും ചെയ്യാത്ത, തങ്ങളുടെ പൂച്ചമക്കളെ  ആരാണ്, എന്തിനാണ് വിഷച്ചോർ ഉരുട്ടിയൂട്ടി കൊന്നുകളഞ്ഞത് എന്നോർക്കുമ്പോൾ ഇന്നും ഇടയ്ക്കിടെ ആശയുടെ കണ്ണുകൾ നനയും. അപ്പോഴൊക്കെ തങ്ങളെ തിരിച്ചൊന്നിനുമല്ലാതെ സ്നേഹിച്ചിരുന്ന ആ കുരുന്നുകളുടെ ചിത്രങ്ങൾ തന്റെ കവർ ഫോട്ടോയാക്കും. എന്നിട്ട് അതിൽ നോക്കിയിരിക്കും. 

asha prasad and her pets

ആശയും കുടുംബവും...

ആലപ്പുഴക്കാരിയായ ആശ, സ്നേഹിച്ച ആളോടൊപ്പമാണ് തൃശൂരിലെത്തിയത്. ഭര്‍ത്താവ് പ്രസാദിനൊപ്പം ജീവിച്ചു തുടങ്ങി. ഈ നാട്ടില്‍ ബന്ധുക്കളാരുമില്ല. ഭര്‍ത്താവും മക്കളുമില്ലാത്തപ്പോഴെല്ലാം കൂട്ടായത് ഈ പൂച്ചകളും നായകളുമൊക്കെയാണ്.. വെറും വളർത്തുമൃഗങ്ങൾ എന്നതിലുമപ്പുറം വൈകാരികമായ ഒരു ആശ്രയം കൂടിയായിരുന്നു അവള്‍ക്കീ പൂച്ചകള്‍. വല്ലാത്ത സങ്കടം വരുമ്പോൾ പൂച്ചകളിലൊന്നിനെ മടിയിലിരുന്ന് നിറുകയിൽ തടവിയാൽ, അപ്പോൾ അവന്റെ പ്രതികരണം കണ്ടാൽ അവളുടെ സങ്കടങ്ങൾ അലിഞ്ഞില്ലാതാവുമായിരുന്നു. ആ ആശ്വാസങ്ങളെക്കൂടിയാണ് ശിലാഹൃദയനായ ഏതോ ഒരയൽവാസി ഒരു പ്രഭാതത്തിൽ കെടുത്തിക്കളഞ്ഞത്. 

ഇപ്പോൾ ആശയ്ക്കു കൂട്ടായി ഒരു പൂച്ചമാത്രമേയുള്ളൂ

അവർ താമസിക്കുന്നത്തിനടുത്തൊന്നും മൃഗാസ്പത്രികൾ ഇല്ലായിരുന്നു. ഒരിക്കൽ ചെറുതുങ്ങൾക്ക് ഒരസുഖം വന്നപ്പോൾ ആശ അവരെ കിലോമീറ്ററുകൾ അപ്പുറത്തുള്ള മൃഗാശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ട് ചെന്നു. അവിടെയുള്ളവരുടെ ആദ്യത്തെ ചോദ്യം, " ഈ തെരുവ്‌പൂച്ചകൾക്ക് ചികിത്സകൊടുക്കാനായി ഇത്രേം ദൂരം വരാൻ നിങ്ങൾക്ക് വട്ടുണ്ടോ..? വല്ലോടത്തും കൊണ്ട് കളഞ്ഞൂടായിരുന്നോ..?" എന്നായിരുന്നു.

അങ്ങനെ വല്ലിടത്തും കൊണ്ടുപോയി കളയാവുന്ന ഒരു ബന്ധമല്ലായിരുന്നു ആശയ്ക്കും കുഞ്ഞുങ്ങൾക്കും തങ്ങളുടെ പൂച്ചമക്കളോടുണ്ടായിരുന്നത്. അങ്ങനെ സ്നേഹിച്ചു കൂടെക്കൊണ്ടു നടന്ന നാല് കുരുന്നുകളെ അന്ന് ആശയും കുടുംബവും വേദനയോടെ കുഴിയിലടക്കി. ഇപ്പോൾ ആശയ്ക്കു കൂട്ടായി ഒരു പൂച്ചമാത്രമേയുള്ളൂ. നാലുപേർ പോയപ്പോഴുണ്ടായ ഏകാന്തതയ്ക്കിടെ കൂട്ടായി എവിടെനിന്നോ വന്നുകേറിയ അവനെ ആശ 'പാപ്പൻ' എന്നുപേരിട്ട് വിളിക്കുന്നു. ഒരു കൊലച്ചോറിനും വിട്ടുകൊടുക്കാതെ സ്നേഹിച്ചു വളർത്തുന്നു..


 

Follow Us:
Download App:
  • android
  • ios