ചൈനയിൽ പനിയും കോച്ചിവലിച്ചലും ബാധിച്ച് ആശുപത്രിയിലായ പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തിൽ നിന്ന് ഡോക്ടർമാർ ഒടിഞ്ഞ സൂചി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ 600-ഓളം സൂചി കുത്തിയ പാടുകൾ കണ്ടെത്തി. 

കൊച്ചു കുട്ടികൾ ഏറ്റവും കുടുതൽ പീഡനം അനുഭവിക്കുന്നത് സ്വന്തം വീടുകളിൽ നിന്ന് തന്നെയാണ്. വീട്ടിലെ അസ്വസ്ഥകരമായ അന്തരീക്ഷം കുട്ടികൾക്ക് നേരെയുള്ള പീഡനം കൂട്ടാൻ കാരണമാകുന്നു. അത്തരമൊരു സംഭവത്തിന്‍റെ അസാധാരണമായൊരു വീഡിയോ കണ്ട് ചൈനീസ് സമൂഹ മാധ്യമ ഉപയോക്താക്കൾ അമ്പരന്നു. ചൈനീസ് സമൂഹ മാധ്യമത്തിൽ സ്പൈൻ സർജൻ ഡോ. സുയി വെൻയുവാൻ എന്ന ഒരു പേജിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പട്ടതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴുത്തിൽ തറച്ച സൂചി

ഷാങ്ഹായ് ജിയാവോ ടോങ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സിൻഹുവ ആശുപത്രിയിലെ സ്പൈൻ സെന്‍ററിൽ അറ്റൻഡിംഗ് ഡോക്ടറായി ജോലി ചെയ്യുന്നയാളാണ് ഡോ. സുയി വെൻയുവാൻ. പത്ത് മാസം പ്രായമുള്ള ആൺകുഞ്ഞിനെ കഴിഞ്ഞ ഡിസംബറിൽ പനിയും കോച്ചിവലിച്ചലും ബാധിച്ച് മോജിയാങ് കൗണ്ടിയിലെ പീപ്പിൾസ് ആശുപത്രിയിലെ പീഡിയാട്രിക്സ് വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി അദ്ദേഹം പറയുന്നു. ഇതോടെയാണ് അമ്മയുടെ ക്രൂരത പുറം ലോകമറിഞ്ഞത്. ശരീരം മുഴുവനും ഏതാണ്ട് 600 ഓളം തവണ സൂചി കുത്തിയ പാടുകളാണ് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. കുഞ്ഞിന്‍റെ ഉള്ളം കാലിലും ചെവിക്ക് പുറകിലും തലയിലും എന്ന് വേണ്ട ആ കുഞ്ഞ് ശരീരം മുഴുവനും സൂചി കുത്തിയ പാടുകളായിരുന്നു. കുട്ടിയുടെ ശരീരത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ കഴുത്തിൽ ഒരു സൂചിയുടെ ഭാഗം ഒടിഞ്ഞ് തറച്ച നിലയിൽ കണ്ടെത്തി, പിന്നാലെ കുട്ടിക്ക് അടിയന്തരമായി സ്പൈനൽ സർജറി ചെയ്യുകയും ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്‍റെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും ഡോക്ടർ അറിയിച്ചു.

കടുത്ത ശിക്ഷ നൽകണം

ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിക്ക് കടുത്ത പനി ഉണ്ടായിരുന്നു, അത് ചിലപ്പോൾ സൂചിയിലെ തുരുമ്പ് കൊണ്ടായിരിക്കാമെന്നും ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് നാല് ദിവസങ്ങൾക്ക് ശേഷം, കുട്ടിയുടെ താപനില കുറഞ്ഞു. പിന്നാലെ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സംഭവം പുറത്തറി‌ഞ്ഞതോടെ കുട്ടിയുടെ അമ്മയ്ക്ക് കടുത്ത ശിക്ഷ നൽകണമെന്നും അവനെ അമ്മയിൽ നിന്നും മാറ്റി സുരക്ഷിതമായൊരിടത്ത് പാർപ്പിക്കണമെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചപ്പോഴെല്ലാം കുട്ടിയുടെ അമ്മ അവനെ പരമ്പരാഗത നാടോടി "സൂചി കുത്തിവയ്ക്കൽ" ചികിത്സയ്ക്ക് വിധേയയാക്കുകയായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.