ഒടുവിൽ അമേരിക്കയിലെ ആഡംബര ജീവിതം ഉപേക്ഷിച്ച് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. നിലവിൽ ബാങ്കിൽ 100 കോടിയിലധികം രൂപയുടെ സമ്പാദ്യമുണ്ടെങ്കിലും, ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് അദ്ദേഹം ഇപ്പോൾ ജീവിക്കുന്നത്.

സാമ്പത്തികമായി എത്ര വിജയിച്ചെന്ന് പറഞ്ഞാലും കോടികളുടെ ആസ്തിയുണ്ടായാലും ഒരാൾക്ക് ജീവിതത്തിൽ സമാധാനം കിട്ടണമെന്നില്ല എന്ന് കാണിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. സംരംഭകനായ വിനീത് കെ ആണ് എക്സിൽ (ട്വിറ്റർ) തന്റെ സഹപാഠിയുടെ അനുഭവം ഷെയർ ചെയ്തിരിക്കുന്നത്. സിലിക്കൺ വാലിയിൽ സ്വന്തമായി കമ്പനിയുണ്ടാക്കിയെടുത്ത് വലിയ വിജയം നേടിയ ആളാണ് വിനീതിന്റെ സുഹൃത്ത്. സ്വന്തം അധ്വാനം കൊണ്ട് ഡോളർ മില്യനയർ ആയ അദ്ദേഹത്തിന്റെ ജീവിതം എന്നാൽ രണ്ട് വർഷം മുമ്പ് അപ്രതീക്ഷിതമായി തകരുകയായിരുന്നു. തന്റെ ജീവിതത്തിൽ കേട്ടതിൽ വെച്ച് ഏറ്റവും സങ്കടകരമായ അനുഭവങ്ങളിലൊന്നാണിതെന്ന് വിനീത് പറയുന്നു.

കോളേജിൽ ഒപ്പം പഠിച്ച ആളെത്തന്നെയാണ് ഈ സുഹൃത്ത് വിവാഹം ചെയ്തത്. ഭാര്യയുമായും അവരുടെ കുടുംബവുമായുമുണ്ടായ തർക്കങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. കേസും കോടതിയുമായി ജീവിതം മാറിയതോടെ അദ്ദേഹം കടുത്ത വിഷാദരോഗത്തിന് അടിമപ്പെട്ടു. സ്വന്തം കുഞ്ഞിനെ കാണാൻ പോലും ഭാര്യയും കുടുംബവും അദ്ദേഹത്തെ അനുവദിച്ചില്ല എന്ന് വിനീത് പോസ്റ്റിൽ പറയുന്നു.

ഒടുവിൽ അമേരിക്കയിലെ ആഡംബര ജീവിതം ഉപേക്ഷിച്ച് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. നിലവിൽ ബാങ്കിൽ 100 കോടിയിലധികം രൂപയുടെ സമ്പാദ്യമുണ്ടെങ്കിലും, ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് അദ്ദേഹം ഇപ്പോൾ ജീവിക്കുന്നത്. ദൈവീകമായ സേവനങ്ങളിലും മനസ്സിന് ശാന്തി ലഭിക്കുന്നതിനെ കുറിച്ചും അതിജീവിക്കുന്നതിനെ കുറിച്ചുമുള്ള വീഡിയോകൾ ഷെയർ ചെയ്തുമാണ് ഇപ്പോൾ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ വീഡിയോകൾ അത്ര ആഴമുള്ളതുപോലും അല്ല, പക്ഷേ സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദത്തിലെ വേദനയും സംഘർഷവും വ്യക്തമായി അറിയാമെന്നും വിനീത് പറയുന്നു.

Scroll to load tweet…

ഇത്തരത്തിലുള്ള ചില സംഭവങ്ങൾ മുൻപും കണ്ടിട്ടുണ്ട്. എത്ര പണമുണ്ടാക്കിയാലും അത് നഷ്ടപ്പെട്ട മനസ്സമാധാനത്തിന് പകരമാകില്ലെന്ന് ഓർമ്മിപ്പിക്കുന്നവയാണ് ഇവ. നിങ്ങളുടെ സ്വത്ത് സംരക്ഷിക്കുന്നത് പോലെ തന്നെ പ്രധാനമാണ് മനസ്സിന്റെ സമാധാനം സംരക്ഷിക്കുന്നതും എന്നും വിനീത് കുറിച്ചു. സോഷ്യൽ മീഡിയയിൽ നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. പണത്തേക്കാൾ വലുതാണ് സമാധാനവും സന്തോഷവുമെന്ന് പലരും അഭിപ്രായപ്പെട്ടു.