Asianet News MalayalamAsianet News Malayalam

വീശിയടിക്കുന്ന കാറ്റും ഭയാനകമായ കാലാവസ്ഥയും, സമുദ്രത്തിലൂടെ 119 ദിവസം തനിച്ച് യാത്ര ചെയ്തൊരാൾ

നിരവധി പേരാണ് സാഹസികമായ യാത്രയ്ക്ക് ശേഷം തിരികെയെത്തിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ തീരത്ത് കാത്തിരുന്നത്. 

119 days alone at sea man arrived in Newlyn
Author
Newlyn, First Published Oct 3, 2021, 3:33 PM IST

തനിച്ച് കടലിലൂടെ യാത്ര ചെയ്യുന്നത് എന്ത് ദുഷ്‍കരമായിരിക്കും. അതും നൂറിലേറെ ദിവസങ്ങളാണെങ്കിലോ? പല സിനിമകളിലും നാം അതുപോലെ കടലിൽ ഒറ്റപ്പെട്ടു പോയവരുടെയും ദ്വീപിൽ ഒറ്റപ്പെട്ടു പോയവരുടെയും അല്ലെങ്കിൽ പര്യവേഷണത്തിന് പോയവരുടെയും ഒക്കെ അനുഭവങ്ങൾ കാണാറുണ്ട്. എന്നാൽ, ഇവിടെ സ്വയം തയ്യാറായി കടലിലൂടെ സഞ്ചരിച്ച ഒരാളാണ്. 

119 days alone at sea man arrived in Newlyn

119 ദിവസം തനിച്ച് സമുദ്രത്തിലൂടെ സഞ്ചരിച്ച ശേഷമാണ് ഒരു മുന്‍ നാവികന്‍ കൂടിയായ ഇയാൾ കരയില്‍ കാല്‍ കുത്തിയിരിക്കുന്നത്. ഡേവ് ഡിംഗർ ബെൽ (Dave 'Dinger' Bell) എന്നയാളാണ് 119 ദിവസം കടലിലൂടെ തനിച്ച് യാത്ര ചെയ്‍ത ശേഷം ഞായറാഴ്ച കോൺവാളിലെ ന്യൂലിനിൽ (Newlyn in Cornwall) എത്തിയത്. 

ന്യൂയോർക്കിൽ നിന്നും യൂറോപ്യൻ ഭൂഖണ്ഡത്തിലേക്ക് കൂടെയാരുമില്ലാതെ വിജയകരമായി തുഴഞ്ഞെത്തിയ ആദ്യ ആളുകളിൽ ഒരാളാണ് അദ്ദേഹമെന്ന് അദ്ദേഹത്തിന്റെ ടീം വിശ്വസിക്കുന്നു. 'ജെല്ലി ഫിഷിന്‍റെ ആക്രമമുണ്ടായി. ഒരു ദിവസം വലിയൊരു കൊടുങ്കാറ്റും ആക്രമിച്ചു. തുറന്ന സമുദ്രത്തോട് ഭയം തോന്നിത്തുടങ്ങി' എന്നും യാത്രയെ കുറിച്ച് ബെല്‍ പറഞ്ഞു. ന്യൂലിൻ ഹാർബറിൽ എത്തിയപ്പോൾ ബെൽ പറഞ്ഞത്, "ഞാൻ ഒരിക്കലും അപകടകരമായ ഒന്നും ഇനി ചെയ്യുന്നില്ല" എന്നാണ്. ഒരു കപ്പ് കാപ്പിയും ചിക്കനും പാസ്തയും കഴിച്ചാണ് അദ്ദേഹം മടങ്ങിവരവ് ആഘോഷിച്ചത്. 

മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയും വീശിയടിച്ച കാറ്റും കാരണം, ആസൂത്രണം ചെയ്തതുപോലെ ഫാൽമൗത്തില്‍ ഇറങ്ങുന്നതിന് പകരം ന്യൂലിനിൽ ഇറങ്ങാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. സില്ലിയിൽ നിന്നിങ്ങോട്ട് വളരെ മോശം കാലാവസ്ഥയായിരുന്നുവെന്നും ശേഷം 40 മണിക്കൂർ നിർത്താതെ തുഴയുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. 

119 days alone at sea man arrived in Newlyn

സംഘാടകർ പറഞ്ഞത്, അദ്ദേഹത്തിന്‍റെ വരവ് കുറച്ച് ദിവസങ്ങളായി കാത്തിരിക്കുകയായിരുന്നു എന്നാണ്. യാത്ര പൂര്‍ത്തിയാക്കുന്നതിന്‍റെ മൂന്ന് മൈലുകള്‍ക്കപ്പുറം ആര്‍എന്‍എല്‍ഐ -യുടെ രക്ഷാബോട്ട് അദ്ദേഹത്തെ കണ്ടിരുന്നു. അവരാണ് തീരത്തേക്ക് അദ്ദേഹത്തെ എത്താന്‍ സഹായിച്ചത്. 

നിരവധി പേരാണ് സാഹസികമായ യാത്രയ്ക്ക് ശേഷം തിരികെയെത്തിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ തീരത്ത് കാത്തിരുന്നത്. എസ്ബിഎസ് അസോസിയേഷൻ, റോക്ക് 2 റിക്കവറി യുകെ എന്നീ രണ്ട് ചാരിറ്റികള്‍ സമാഹരിച്ച ഫണ്ടുകൾക്കൊപ്പം സ്വന്തം തുകയും ചേര്‍ത്താണ് അദ്ദേഹം ഈ പര്യവേഷണം പൂര്‍ത്തിയാക്കിയത്. 

Follow Us:
Download App:
  • android
  • ios