Asianet News MalayalamAsianet News Malayalam

ജോലിക്കിടെ പ്ലംബർ കണ്ടെത്തിയത് വിസ്കിയുടെ കുപ്പിയിൽ അടച്ചുവച്ച 135 വർഷം പഴക്കമുള്ള ഒരു സന്ദേശം

ഇനി കുപ്പിയിലെ സന്ദേശം ആര് എഴുതിയതാണ് എന്നല്ലേ? ആ വീട് പണിയുമ്പോൾ ജോലി ചെയ്തിരുന്ന രണ്ട് ജോലിക്കാരാണ് ആ സന്ദേശം എഴുതിയിരുന്നത്.

135 year old note found in a bottle
Author
First Published Nov 20, 2022, 9:19 AM IST

തന്റെ ജോലിക്കിടെ നിലം പൊളിച്ചതാണ് ആ പ്ലംബർ. എന്നാൽ, അതിനകത്ത് അയാളെ കാത്ത് ഒരു അതിശയം ഉണ്ടായിരുന്നു. എന്താണ് എന്നല്ലേ? ഒരു കുപ്പി, അതിൽ 135 വർഷം പഴക്കമുള്ള ഒരു സന്ദേശവും. പീറ്റർ അലൻ എന്ന 50 -കാരനാണ് ഈ സന്ദേശം കണ്ടെത്തിയത്. 

മോർണിം​ഗ്സൈഡ് പ്രദേശത്താണ് സംഭവം നടന്നത്. തറ തുറന്നപ്പോൾ കുപ്പിയും സന്ദേശവും കണ്ട ഉടനെ പീറ്റർ വീടിന്റെ ഉടമയുടെ അടുത്തേക്ക് ഓടി. കുറിപ്പ് പുറത്തെടുത്ത് വായിക്കാൻ വേണ്ടി ഉടമയായ എലിദ് സ്റ്റിംപ്‌സണ് കുപ്പി പൊട്ടിക്കേണ്ടി വന്നു. അവരുടെ രണ്ട് മക്കളും ഈ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള സന്ദേശം കണ്ടതിന്റെ ആവേശത്തിൽ ആയിരുന്നു. 

കുപ്പിയുള്ള ആ സ്ഥലം തന്നെ കൃത്യമായി മുറിച്ചു മാറ്റാനായത് ഭാ​ഗ്യമായി എന്ന് പീറ്റർ പറയുന്നു. 'താൻ ആ കുപ്പിയുമെടുത്ത് നേരെ ഉടമയായ സ്ത്രീയുടെ അടുത്ത് ചെന്നു, ഞാനെന്താണ് നിങ്ങളുടെ വീട്ടിൽ നിന്നും കണ്ടെത്തിയതെന്ന് നോക്കൂ എന്ന് പറഞ്ഞു' എന്നും പീറ്റർ പറയുന്നു. 

എലിദ് ഭർത്താവിനോടും എട്ടും പത്തും വയസുള്ള മക്കളോടും കൂടിയാണ് ആ ‌വീട്ടിൽ താമസിക്കുന്നത്. സന്ദേശം തുറന്ന് വായിക്കുന്നതിന് വേണ്ടി മക്കൾ സ്കൂളിൽ നിന്നും എത്തുന്നത് വരെ അവർ കാത്തുനിന്നു. കുപ്പി പൊട്ടിക്കാതെ സന്ദേശം പുറത്തെടുക്കാൻ അവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ കുപ്പി പൊട്ടിച്ച് സന്ദേശം പുറത്തെടുത്തു. 'ഇത്രയും വർഷം പഴക്കമുള്ള കുപ്പി പൊട്ടിക്കാൻ തനിക്ക് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ വേറെ വഴി ഇല്ലായിരുന്നു സന്ദേശം പുറത്തെടുക്കാൻ' എന്ന് എലിദ് പറയുന്നു. 

ഇനി കുപ്പിയിലെ സന്ദേശം ആര് എഴുതിയതാണ് എന്നല്ലേ? ആ വീട് പണിയുമ്പോൾ ജോലി ചെയ്തിരുന്ന രണ്ട് ജോലിക്കാരാണ് ആ സന്ദേശം എഴുതിയിരുന്നത്. 'ജെയിംസ് റിച്ചിയും ജോൺ ഗ്രീവും ഈ നിലം ഉറപ്പിച്ചു. പക്ഷേ, ഈ വിസ്കി ഞങ്ങൾ കുടിച്ചതല്ല' എന്നാണ് അതിൽ എഴുതിയിരുന്നത്. ഒപ്പം 1887 ഒക്ടോബർ 6 എന്ന തീയതിയും എഴുതിയിട്ടുണ്ട്. 

ഏതായാലും ഇത്രയും കാലം പഴക്കമുള്ള ആ സന്ദേശം വേണ്ട രീതിയിൽ സംരക്ഷിച്ച് സൂക്ഷിക്കാനാണ് അവരുടെ തീരുമാനം. 

Follow Us:
Download App:
  • android
  • ios