നാം ജീവിക്കാത്ത ജീവിതമെല്ലാം നമുക്ക് കെട്ടുകഥകളാണ് എന്ന് പറയാറുണ്ട്. ഇത് അതുപോലെ ഒരു ജീവിതമാണ്. വെറും 5000 രൂപ വായ്പയെടുത്തതിന്റെ പേരിൽ ഒരു അഞ്ച് വയസുകാരനടക്കം ഒരു കുടുംബത്തിനൊന്നാകെ ഒരു ക്വാറിയിൽ ജോലി ചെയ്യേണ്ടി വന്ന അനുഭവം. അതും ഒന്നോരണ്ടോ ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ അല്ല, നീണ്ട 18 വർഷക്കാലം. അതും പുറത്തുപോലും പോകാൻ വിടാതെ ക്വാറിക്കടുത്ത് തന്നെ ഒരു വൃത്തിഹീനമായ ഷെഡ്ഡിൽ ജീവിച്ചുകൊണ്ട് ജോലി ചെയ്യേണ്ടി വന്ന അനുഭവം. കൃഷ്ണ​ഗിരി ജില്ലയിൽ നിന്നുള്ള മധേഷിന്റെ അനുഭവമാണിത്. 

എനിക്കന്ന് അഞ്ച് വയസു മാത്രമാണ് പ്രായം. ആ പ്രായം മുതല്‍ ഞാന്‍ അച്ഛനും അമ്മയ്ക്കുമൊപ്പം തെക്കന്‍ ബംഗളൂരുവിലെ ജിഗാനിയിലുള്ള ആ ക്വാറിയില്‍ പണിയെടുക്കുകയാണ്. കൂടെ എന്‍റെ സഹോദരന്മാരുണ്ടായിരുന്നു, സഹോദരിയുണ്ടായിരുന്നു, ഇളയച്ഛനും അദ്ദേഹത്തിന്‍റെ കുടുംബവുമുണ്ടായിരുന്നു. അവരെല്ലാമവിടെ കരാര്‍ തൊഴിലാളികളായിരുന്നു. 

യഥാർത്ഥത്തിൽ ഞങ്ങൾ തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ നിന്നുള്ളവരാണ്. ഞങ്ങളുടെ മാതാപിതാക്കൾ ക്വാറി ഉടമയുടെ പിതാവിൽ നിന്ന് 5,000 രൂപ വായ്പയെടുത്തപ്പോള്‍ മുതലാണ് ഞങ്ങളുടെ കഷ്ടകാലം ആരംഭിച്ചത്. വായ്പ തിരിച്ചടയ്ക്കാൻ ക്വാറിയിൽ ജോലി ചെയ്യാൻ അവർ ഞങ്ങളെ നിർബന്ധിച്ചു. കാലക്രമേണ, ഉടമയും മകനും ഞങ്ങളെ അവിടം വിട്ട് പോകാൻ അനുവദിക്കാതെയായി. കൂടാതെ പലിശയടക്കം ചേര്‍ത്ത് 50,000 രൂപ തിരികെയടക്കണമെന്നും അവര്‍ ഞങ്ങളോട് പറഞ്ഞു. 

അഞ്ചാമത്തെ വയസിലാണ് ഞാനവിടെ തൊഴിലെടുക്കാന്‍ തുടങ്ങിയതെന്ന് പറഞ്ഞല്ലോ. ആ കാലത്ത് ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ, പാറകളെ ചെറിയ കഷണങ്ങളായി പൊട്ടിക്കുക എന്നതായിരുന്നു എന്റെ ജോലി. മാതാപിതാക്കൾ അവിടുത്തെ പ്രധാന ക്വാറിയില്‍ ജോലി ചെയ്തു. പാറകൾ പൊട്ടിക്കുന്നതിന് പുറമെ, കൊണ്ടുപോകാനെത്തുന്ന വണ്ടികളിലേക്ക് പാറക്കഷ്ണങ്ങൾ കയറ്റേണ്ടിയും വരുമായിരുന്നു. ഞങ്ങൾ പൊട്ടിച്ച പാറകളുടെ എണ്ണം അനുസരിച്ച് ഒരു ദിവസം ഏകദേശം 100 രൂപ മാത്രമാണ് ഞങ്ങൾക്ക് ലഭിച്ചത്. ഈ വേതനത്തിലും ഞങ്ങൾ പലപ്പോഴും പറ്റിക്കപ്പെട്ടിരുന്നു. വീടിനടുത്തുള്ള ഉടമയുടെ കടയിൽ നിന്ന് മാത്രം സാധനങ്ങള്‍ വാങ്ങാനും തൊഴിലാളികൾ നിർബന്ധിതരായി. ഞങ്ങളെ അവര്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നു. ഒരിക്കലും ഒരു കുടുംബമായി പുറത്തിറങ്ങാൻ അനുവദിച്ചില്ല. പുരുഷന്മാർക്ക് മാത്രമാണ് വല്ലപ്പോഴും മാത്രമൊന്ന് പുറത്തേക്ക് പോകാന്‍ കഴിഞ്ഞിരുന്നത്. 

മിക്ക കുട്ടികള്‍ക്കും പകൽ ക്വാറിയിലും രാത്രി ഉടമയുടെ വീട്ടിലും ജോലി ചെയ്യേണ്ടി വന്നു. വീട് വൃത്തിയാക്കാനും വസ്ത്രങ്ങളും എച്ചില്‍ പാത്രങ്ങളും കഴുകാനും ഞങ്ങൾ നിർബന്ധിതരായി. ഞാനും കുടുംബവും ഉടമസ്ഥന്റെ വീടിന്റെ അതേ കോമ്പൗണ്ടിലെ ഷെഡിൽ ഒരു മനുഷ്യന് താമസിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് താമസിച്ചിരുന്നത്. താമസം അവിടെത്തന്നെ ആയതിനാൽ ഞങ്ങളെ എപ്പോൾ വേണമെങ്കിലും ജോലിക്ക് വിളിക്കാമായിരുന്നു. കുട്ടികളാണെന്ന കാരണം പറഞ്ഞ്, ഈ വേലയ്‌ക്ക് ഞങ്ങൾക്ക് വേതനം പോലും നൽകിയില്ല. 

വളര്‍ന്നപ്പോള്‍, ആഴ്ചയിൽ ഏഴുദിവസവും രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് മണി വരെ ഞാൻ ക്വാറിയിൽ ജോലി ചെയ്തു. ഞങ്ങൾക്ക് ഒരിക്കലും ഇടവേളകളൊന്നും ലഭിച്ചിരുന്നില്ല. ഒരിക്കൽ എനിക്ക് 10 വയസ്സുള്ളപ്പോൾ, ഞങ്ങളുടെ കണക്കുകൾ തീർപ്പാക്കണമെന്നും ഞങ്ങള്‍ക്ക് വീട്ടിലേക്ക് മടങ്ങണമെന്നും എന്റെ അമ്മ ഉടമയോട് ആവശ്യപ്പെട്ടു. അഡ്വാൻസ് പലിശ സഹിതം ഉടമയ്ക്ക് തിരിച്ചടയ്ക്കാൻ വേണ്ടി ഗ്രാമത്തിലുള്ള അച്ഛനിൽ നിന്ന് 10,000 രൂപ പോലും അമ്മ സംഘടിപ്പിച്ചിരുന്നു. എന്നാൽ, ക്വാറിയുടമ അത് സ്വീകരിച്ചില്ല, പലിശയടക്കം ഞങ്ങൾ 50,000 രൂപ തിരികെയടക്കണമെന്ന് ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. 

ഈ അനീതിയെച്ചൊല്ലി എന്റെ അമ്മ പ്രതിഷേധിച്ചപ്പോൾ ഉടമ മറ്റെല്ലാ തൊഴിലാളിളുടെയും മുന്നിൽ വച്ച് അവരെ മർദ്ദിച്ചു. അന്ന് എന്റെ അമ്മയ്‌ക്കെതിരെ നടന്ന ക്രൂരമായ ആക്രമണം ഞാൻ ഒരിക്കലും മറക്കില്ല. അമ്മ സുഖം പ്രാപിക്കാൻ കുറേ ദിവസമെടുത്തു. ഞങ്ങൾ‌ പോകണമെന്ന്‌ എപ്പോഴെങ്കിലും പറഞ്ഞുപോയാലെല്ലാം, അയാള്‍ ഞങ്ങളെ തല്ലിക്കൊണ്ടേയിരുന്നു. വര്‍ഷങ്ങളോളം ഇത് തുടർന്നു. ഒരിക്കൽ, അയാളെ എതിര്‍ത്താല്‍ കര്‍ണാടകയില്‍ തന്നെ നില്‍ക്കാന്‍ സമ്മതിക്കില്ലെന്ന് അയാള്‍ ഞങ്ങളെ ഭീഷണിപ്പെടുത്തി. 

കൃഷ്ണഗിരിയിൽ നിന്നുള്ള ഞങ്ങളുടെ ബന്ധുക്കളിൽ ചിലർ ഞങ്ങളെ കാണാൻ 2017 -ല്‍ ജിഗാനിയിലെത്തി. ഞങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കുന്ന ദുരന്തങ്ങൾക്ക് ബന്ധുക്കൾ സാക്ഷ്യം വഹിക്കുകയും കൃഷ്ണഗിരിയിലേക്ക് മടങ്ങുന്നതിന് ഞങ്ങളെ സഹായിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. വളരെക്കാലത്തിനിടയിൽ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന പ്രതീക്ഷയുടെ ആദ്യത്തെ കിരണമായിരുന്നു അത്. ഞങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് അവർ ഒരു സാമൂഹിക പ്രവർത്തകനോട് സംസാരിച്ചു, തുടർന്ന് അവർ പൊലീസിനെ ബന്ധപ്പെട്ടു.

15 ഡിസംബർ 2017...

ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല! എന്റെ രണ്ടാം ജന്മം ആരംഭിച്ച ദിവസമായാണ് ഞാൻ ഇതിനെക്കുറിച്ച് ചിന്തിക്കുന്നത്. രാവിലെ ഞാനും കുടുംബവും പണിയിൽ തിരക്കിലായിരിക്കുമ്പോൾ പൊലീസും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും ക്വാറിയിലെത്തി. ഞങ്ങൾ ആശയക്കുഴപ്പത്തിലായി. ക്വാറിയിലെ ഞങ്ങളുടെ ജോലിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അവർ നിരവധി ചോദ്യങ്ങൾ ചോദിച്ചു. അവർ ഉടമയെ കൂട്ടിക്കൊണ്ടുപോയതിനാൽ ഞങ്ങൾക്ക് എല്ലാവർക്കും സത്യസന്ധമായി ഉത്തരം നൽകാൻ കഴിഞ്ഞു. പൊലീസ് അവരുടെ വാഹനങ്ങളിൽ ഇരിക്കാൻ ആവശ്യപ്പെടുകയും ഞങ്ങളുടെ സാധനങ്ങൾ കയറ്റി വയ്ക്കുകയും ചെയ്തപ്പോഴാണ് ഞങ്ങൾ യഥാർത്ഥത്തിൽ സ്വതന്ത്രരാകുകയാണ് എന്ന് ഞാൻ വിശ്വസിക്കാൻ തുടങ്ങിയത്.

ഞങ്ങളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, അവിടെ ഞങ്ങളുടെ അനുഭവം ഉദ്യോഗസ്ഥരോടും പൊലീസിനോടും പറഞ്ഞു. ഉടമയെ അറസ്റ്റ് ചെയ്തുവെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾക്ക് സന്തോഷമായി. ഞങ്ങളെ ബംഗളൂരുവിലേക്ക് കൊണ്ടുവന്നു. അവിടെ കുറച്ച് ദിവസം സർക്കാർ ഹോസ്റ്റലിൽ ഞങ്ങൾ താമസിച്ചു. ഞങ്ങളുടെ അടിയന്തിര ആവശ്യങ്ങൾക്കായിട്ടെന്നോണം സർക്കാർ പ്രാഥമിക നഷ്ടപരിഹാരമായി റിലീസ് സർട്ടിഫിക്കറ്റുകളും 20,000 രൂപ വീതവും ഞങ്ങൾക്ക് നൽകി.

എനിക്കും എന്റെ കുടുംബത്തിനും നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞത് സന്തോഷകരമായ കാര്യമായിരുന്നു. ഞങ്ങൾക്ക് ഒരു സാധാരണ ജീവിതം നയിക്കാമെന്ന തോന്നൽ ആദ്യമായി ഉണ്ടാവുകയായിരുന്നു. രക്ഷപ്പെട്ടശേഷം, ഞാൻ ആദ്യം എന്‍റെ ഗ്രാമത്തിനടുത്തുള്ള പച്ചക്കറി, റോസ് ഫാമുകളിൽ ദിവസവേതനത്തിന് തൊഴില്‍ ചെയ്ത് തുടങ്ങി. പിന്നെ, കുറച്ചുകാലം വാട്ടർ പാക്കേജിംഗ് യൂണിറ്റിലും ബംഗളൂരുവിലെ ഒരു മെഡിക്കൽ കമ്പനിയിലും ഡെലിവറിക്കാരനായി ജോലി ചെയ്തു.

കൃഷ്ണഗിരിയിലെ ഞങ്ങളുടെ ഗ്രാമത്തിൽ എന്റെ കുടുംബത്തിന് ഉണ്ടായിരുന്ന സ്ഥലത്ത് ഒരു ചെറിയ വീട് നിർമ്മിക്കാൻ എനിക്ക് കഴിഞ്ഞു. എന്റെ ഗ്രാമത്തിലേക്ക് മടങ്ങാനും ജോലി അന്വേഷിക്കാനും ഞാൻ തീരുമാനിച്ചു. അതിനാൽ എനിക്ക് എന്റെ കുടുംബത്തോടൊപ്പം കഴിയാം. ക്വാറിയിലായിരിക്കുമ്പോഴും ഇപ്പോഴുമുള്ള ജീവിതത്തെ താരതമ്യപ്പെടുത്താന്‍ പറഞ്ഞാല്‍ അത് നരകവും സ്വര്‍ഗവും പോലെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ഞാൻ പറയും. 

(Story courtesy: International Justice Mission)