കൊടും തണുപ്പിലും മഞ്ഞു വീഴ്ചയിലും ഏഴ് കുട്ടികളടക്കം 21 പേര്‍ മരിച്ചു. ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനും കുടുംബാംഗങ്ങളും മരിച്ചവരില്‍ പെടുന്നതായി പ്രവിശ്യാ ഭരണകൂടം അറിയിച്ചു. ഇവിടെ ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. 

പാക്കിസ്താനിലെ മഞ്ഞു പെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രം ദുരന്തഭൂമിയായി. പര്‍വ്വത പ്രദേശം കാണാനെത്തിയ വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ കനത്ത മഞ്ഞുവീഴ്ചയില്‍ കുടുങ്ങി. ആയിരക്കണക്കിന് വാഹനങ്ങളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നതെന്ന് പ്രവിശ്യാ ഗവര്‍ണര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കൊടും തണുപ്പിലും മഞ്ഞു വീഴ്ചയിലും ഏഴ് കുട്ടികളടക്കം 21 പേര്‍ മരിച്ചു. ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനും കുടുംബാംഗങ്ങളും മരിച്ചവരില്‍ പെടുന്നതായി പ്രവിശ്യാ ഭരണകൂടം അറിയിച്ചു. ഇവിടെ ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. 

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഖൈബര്‍ പഷ്തൂണ്‍ഖ്വായിലെ ഗാലിയാത്തില്‍ ഗതാഗതം നിരോധിച്ചു. ഇതുവരെ 23,000 വാഹനങ്ങള്‍ ഇവിടെനിന്നും രക്ഷപ്പെടുത്തിയതായി പാക് സൈന്യം അറിയിച്ചു. സൈനിക എഞ്ചിനീയറിംഗ് വിഭാഗം ഹൈവേയിലെ തടസ്സം നീക്കുന്നതിന് തീവ്രശ്രമം നടത്തുകയാണ്. മഞ്ഞില്‍ കുടുങ്ങിപ്പോയ വിനോദ സഞ്ചാരികളെ താമസിപ്പിക്കുന്നതിന് എല്ലാ സൗകര്യങ്ങളും ചെയ്യുമെന്ന് ഹോട്ടല്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചു. സംഭവത്തില്‍ പ്രാദേശിക ഭരണകൂടത്തിന് കനത്ത വീഴ്ച വന്നതായി പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പറഞ്ഞു. ജില്ലാ ഭരണകൂടം വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല എന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വടക്കന്‍ പാക്കിസ്താനിലെ പര്‍വ്വതനഗരമായ മുര്‍റിയിലാണ് ദുരന്തം. കനത്ത മഞ്ഞുവീഴ്ചയുണ്ടായ ഈ പ്രദേശത്തേക്ക് കുറച്ചു ദിവസമായി വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഒരു ലക്ഷത്തിലേറെ കാറുകളാണ് ഇവിടെ എത്തിയത്. അതിനിടയ്ക്കാണ്, ഇന്നലെ മഞ്ഞുവീഴ്ച ഭയാനകമായ അനുഭവമായത്. മഞ്ഞില്‍ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളിലുള്ളവരെ രക്ഷപ്പെടുത്താനും പാതകള്‍ ഗതാഗത യോഗ്യമാക്കാനുമായി പാക് സൈന്യം കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് മഞ്ഞില്‍ കുടുങ്ങിയ വാഹനങ്ങളിലുള്ളവര്‍ മരിച്ചത്. ഇവിടെയുള്ള ഹൈവേയില്‍ ആയിരക്കണക്കിന് കാറുകളാണ് കുടുങ്ങിക്കിടക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇരുപതു വര്‍ഷത്തിനിടെ ഈ പ്രദേശത്തുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് ഇതെന്ന് ഗവര്‍ണര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ് മുര്‍റി. എല്ലാ വര്‍ഷവും പാക്കിസ്താനിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെ എത്തിച്ചേരാറുള്ളത്. ഈ വര്‍ഷവും അഞ്ച് ലക്ഷത്തിലേറെ സഞ്ചാരികള്‍ ഇവിടെ സന്ദര്‍ശിച്ചു മടങ്ങിയിട്ടുണ്ട്. അതിനിടെയാണ് മഞ്ഞുവീഴ്ച കനത്ത് വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ കുടുങ്ങിയത്.

Scroll to load tweet…

തണുത്തു മരവിച്ചാണ് ആളുകള്‍ മരിച്ചതെന്നാണ പ്രാദേശിക ഭരണകൂടം വ്യക്തമാക്കുന്നത്. മഞ്ഞുവീഴ്ച തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം ദുര്‍ഗമമാണ്. പൊലീസും ഫയര്‍ ഫോഴ്‌സും സൈന്യത്തിന്റെ വിവിധ യൂനിറ്റുകളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണെന്ന് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ അറിയിച്ചു.