അതേ ശവകുടീരത്തിൽ, ഒരു കട്ടിയുള്ള ഉപകരണവും കണ്ടെത്തി. ഒന്നിലധികം തവണ വീണ്ടും ചൂടാക്കിയതിന്റെ തെളിവുകൾ അതിൽ ഉണ്ടായിരുന്നു. ഇത് രക്തസ്രാവം തടയുന്നതിനുള്ള ഒരു പ്രതിരോധ ഉപകരണമായി ഉപയോഗിച്ചിരിക്കാമെന്ന് സൂചിപ്പിക്കുന്നു.
എപ്പോഴായിരിക്കും മനുഷ്യരിൽ ശസ്ത്രക്രിയകളൊക്കെ നടത്തി തുടങ്ങിയിട്ടുണ്ടാവുക? ഇവിടെ, 5,300 വർഷങ്ങൾക്ക് മുമ്പ്(5,300 years ago) മനുഷ്യനിൽ നടത്തിയ ആദ്യത്തെ ചെവി ശസ്ത്രക്രിയ(Ear surgery)യുടെ തെളിവുകൾ ശാസ്ത്രജ്ഞർ കണ്ടെത്തി എന്നാണ് പറയുന്നത്. സ്പെയിനിലെ വല്ലാഡോലിഡ് സർവകലാശാലയിലെയും ഇറ്റലിയിലെ സ്പാനിഷ് നാഷണൽ റിസർച്ച് കൗൺസിലിലെയും ഗവേഷകർ 2018 -ൽ ഡോൾമെൻ ഓഫ് എൽ പെൻഡനിസിൽ നിന്ന് കുഴിച്ചെടുത്ത മനുഷ്യ തലയോട്ടിയിലാണ് ഈ പഠനം നടത്തിയത്. ഈ പഠനങ്ങളുടെ രൂപരേഖ സയന്റിഫിക് റിപ്പോർട്ട്സ്(Scientific Reports) ജേണലിൽ പ്രസിദ്ധീകരിച്ചു.
സ്പെയിനിലെ ബർഗോസിലാണ് ഡോൾമെൻ ഓഫ് എൽ പെൻഡനിസ് സ്ഥിതി ചെയ്യുന്നത്. ശവസംസ്കാര ചടങ്ങുകൾ നടത്താനുള്ള സ്ഥലമായിട്ടാണ് ആദ്യകാലത്ത് ആളുകൾ ഏറ്റവും കൂടുതൽ ഈ സ്ഥലം ഉപയോഗിച്ചിരുന്നത്. ബിസി 3,800 -നും 3,000 -നും ഇടയിൽ 800 വർഷക്കാലം ഈ പ്രദേശം ഈ ആവശ്യത്തിനായി ഉപയോഗിച്ചിരുന്നതായി മുൻ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
അടുത്തിടെ, ശാസ്ത്രജ്ഞർ സൈറ്റിൽ കണ്ടെത്തിയ ഒരു തലയോട്ടി വിശകലനം ചെയ്യുകയും അതിൽ ചെവിക്ക് അസുഖവുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ നടത്തി എന്ന് കണ്ടെത്തുകയും ചെയ്തു. ശസ്‌ത്രക്രിയ ചെയ്‌തെന്നു മാത്രമല്ല, ശസ്ത്രക്രിയ നടന്ന സ്‌ത്രീക്ക് ഏതാനും മാസങ്ങളെങ്കിലും അതേ തുടർന്ന് അതിജീവിക്കാനായി എന്നും ഗവേഷണത്തിൽ കണ്ടെത്തി.
35 -നും 50 -നും ഇടയിൽ പ്രായമുള്ള സ്ത്രീയുടെ തലയോട്ടിയുടെ പഴക്കം 5,300 വർഷങ്ങളാണ്. ഇതായിരിക്കാം ചെവിയിൽ നടന്ന ലോകത്തിലെ ആദ്യത്തെ ശസ്ത്രക്രിയ എന്നാണ് കരുതുന്നത്. ആധുനിക ശാസ്ത്രത്തിൽ, ഈ പ്രക്രിയയെ മാസ്റ്റോഡെക്ടമി എന്ന് വിളിക്കുന്നു. അണുബാധയുണ്ടായേക്കാവുന്ന ഒരിടത്തിന് പിന്നിൽ വൃത്തിയാക്കുന്നതിനാണ് ഇത് നടത്തുന്നത്. പ്രശ്നം കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മ പലരിലും ബധിരതയ്ക്ക് കാരണമാകും, അല്ലെങ്കിൽ മരണത്തിന് കാരണമായേക്കാവുന്ന ഗുരുതരമായ അണുബാധകളുമുണ്ടാവാം.
അതേ ശവകുടീരത്തിൽ, ഒരു കട്ടിയുള്ള ഉപകരണവും കണ്ടെത്തി. ഒന്നിലധികം തവണ വീണ്ടും ചൂടാക്കിയതിന്റെ തെളിവുകൾ അതിൽ ഉണ്ടായിരുന്നു. ഇത് രക്തസ്രാവം തടയുന്നതിനുള്ള ഒരു പ്രതിരോധ ഉപകരണമായി ഉപയോഗിച്ചിരിക്കാമെന്ന് സൂചിപ്പിക്കുന്നു. സ്ത്രീയുടെ തലയോട്ടിയിൽ അസ്ഥികൾ വീണ്ടും വളർന്നതിന്റെ തെളിവുകളും ശാസ്ത്രജ്ഞർ കണ്ടെത്തി, ഇത് കുറച്ച് സമയത്തേക്ക് ആണെങ്കിൽ പോലും ശസ്ത്രക്രിയ വിജയിച്ചിരിക്കാമെന്ന് സൂചിപ്പിക്കുന്നു.
