നേരത്തെ, 2021 ജനുവരി 24 -ന് പദുകരെയില്‍ ‘പത്മാസന’ പോസിൽ കാലുകൾ ബന്ധിച്ച് 73.7 മിനിറ്റിൽ 1.4 കിലോമീറ്റർ നീന്തി അദ്ദേഹം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരുന്നു.
പ്രായം വെറും സംഖ്യയാണെന്ന് തെളിയിച്ച് ഉഡുപ്പിയിലെ 66 -കാരനായ നീന്തൽതാരം ഗംഗാധർ ജി. കടേക്കർ(Gangadhar G. Kadekar). തിങ്കളാഴ്ചയാണ് ഉഡുപ്പിയിൽ കാലുകളും കൈകളും ബന്ധിച്ച് 3.5 കിലോമീറ്റർ നീന്തി ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ അദ്ദേഹം ഇടം നേടിയത്. സെന്റ് മേരീസ് ഐലൻഡിൽ നിന്ന് പദുക്കരെ വരെ അഞ്ച് മണിക്കൂറും 35 മിനിറ്റും കൊണ്ട് അദ്ദേഹം നീന്തിയെത്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഈ നേട്ടം കൈവരിക്കാൻ നീന്തൽതാരം കൈവിലങ്ങുകളും കാലിൽ ചങ്ങലയും ധരിച്ചിരുന്നു. രാവിലെ 7.50 -ന് പദുകരെയിൽ കടലിൽ പ്രവേശിച്ച അദ്ദേഹം ഉച്ചയ്ക്ക് 1.25 -ഓടെ നീന്തിയെത്തി നേട്ടം പൂർത്തിയാക്കി. ലോക റെക്കോർഡ് സ്ഥാപിച്ചതിന് ശേഷം, തന്റെ രണ്ട് കൈകളും കാലുകളും കെട്ടിയിട്ടിരിക്കുന്നതിനാൽ താൻ ഒരു ഡോൾഫിനെപ്പോലെ നീന്തുകയായിരുന്നുവെന്ന് കഡേക്കർ പറഞ്ഞു. കഷ്ടപ്പെടേണ്ടി വന്നെങ്കിലും ആത്മവിശ്വാസം നഷ്ടപ്പെട്ടില്ല.
“നിരവധി കുട്ടികളെ നീന്തൽ പരിശീലിപ്പിക്കുന്നുണ്ട്. അവര്‍ക്ക് പ്രചോദനമാവുന്നതിനാണ് ഞാനിങ്ങനെ ഒരു റെക്കോര്‍ഡ് സ്വന്തമാക്കിയത്. എനിക്ക് കുട്ടികളോട് എന്തെങ്കിലും തെളിയിക്കണമായിരുന്നു, ഞാൻ സന്തോഷവാനാണ്” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ, 2021 ജനുവരി 24 -ന് പദുകരെയില്‍ ‘പത്മാസന’ പോസിൽ കാലുകൾ ബന്ധിച്ച് 73.7 മിനിറ്റിൽ 1.4 കിലോമീറ്റർ നീന്തി അദ്ദേഹം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരുന്നു. ഗതാഗത വകുപ്പിലെ മുൻ ജീവനക്കാരനായ അദ്ദേഹം 50 വയസ്സുള്ളപ്പോൾ മാത്രമാണ് നീന്തൽ തുടങ്ങിയത്. യുവാക്കൾ കടലിൽ മുങ്ങിമരിക്കുന്നതിനെക്കുറിച്ച് ആശങ്കാകുലനായ അദ്ദേഹം കഴിഞ്ഞ രണ്ട് വർഷമായി ജയ് ദുർഗ നീന്തൽ ക്ലബ്ബിന്റെ കീഴിൽ യുവാക്കളെ പരിശീലിപ്പിക്കാൻ തുടങ്ങി.
മുതിർന്നവർക്കുള്ള സംസ്ഥാനതല, ദേശീയതല നീന്തൽ മത്സരങ്ങളിൽ സ്വർണം, വെള്ളി, വെങ്കലം എന്നിവ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഉഡുപ്പി ജില്ലാതല കർണാടക രാജ്യോത്സവ അവാർഡും നേടിയിട്ടുണ്ട്.
