Asianet News MalayalamAsianet News Malayalam

വയസ് 80, കുതിരപ്പുറത്തേറി, പ്രിയപ്പെട്ട പട്ടിയുമായി സ്ത്രീ ഓരോ വർഷവും സഞ്ചരിക്കുന്നത് 1000 കിലോമീറ്ററോളം

അവരുടെ ഈ തനിച്ചുള്ള യാത്രക്കും, വർഷങ്ങളുടെ ദീർഘദൂര പര്യടനത്തിനും അംഗീകാരമായി ബ്രിട്ടീഷ് ഹോഴ്സ് സൊസൈറ്റിയിൽ നിന്ന് എക്സെപ്ഷണൽ ആച്ചീവ്മെന്റ് അവാർഡ് (Exceptional Achievement Award) ലഭിച്ചു. 

80 year old Jane Dotchin treks 1000 km with her horse and dog every year
Author
Hexham, First Published Sep 22, 2021, 1:27 PM IST
  • Facebook
  • Twitter
  • Whatsapp

80 വയസായ ജെയ്ൻ ഡോച്ചിൻ (Jane Dotchin ) പ്രായം ഒരു സംഖ്യ മാത്രമാണെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ്. പക്ഷേ, അങ്ങനെ ആവണമെങ്കില്‍ നിങ്ങളുടെ ഇഷ്ടങ്ങളുടെയും സാഹസികതകളുടെയും പിന്നാലെ നടക്കണം. നോർത്ത്‌ബർലാൻഡിലെ ഹെക്‌ഷാമിൽ (Hexham, Northumberland) നിന്നുള്ള ജെയ്ന്‍ ഡോച്ച് അങ്ങനെ സഞ്ചരിക്കുന്ന ഒരാളാണ്. 

1972 മുതൽ ജെയ്ൻ ഡോച്ചിൻ എല്ലാ വർഷവും തന്റെ 13 വയസ്സുള്ള കുതിര ഡയമണ്ട്, അവരുടെ കാലൊടിഞ്ഞിരിക്കുന്ന ജാക്ക് റസ്സൽ ടെറിയർ ഡിങ്കി എന്നിവരോടൊപ്പം ഏഴ് ആഴ്ചത്തെ സവാരി നടത്തുന്നു. ഇപ്പോൾ ഒരു എണ്‍പത് വയസുകാരിയാണ് ഈ യാത്ര നടത്തുന്നത് എന്നത് കാണുന്നവരിലെല്ലാം കൗതുകമുണ്ടാക്കുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ. 

1972 -ലാണ് ഈ യാത്രകളുടെയെല്ലാം തുടക്കം. ജെയിൻ ഡോച്ചിൻ കുതിരയെ ഒരുക്കി സ്കോട്ടിഷ് പ്രദേശത്ത് ഏകദേശം 965 കിലോമീറ്റർ യാത്ര പോയി. ഇപ്പോൾ 80 വയസ്സായി അവര്‍ക്കെങ്കിലും ആ പഴയ സാഹസികതയ്ക്കോ അവരുടെ നിശ്ചയദാർഢ്യത്തിനോ ധൈര്യത്തിനോ യാത്രയോടുള്ള അഭിരുചിക്കോ ഒട്ടും കുറവ് വന്നിട്ടില്ല. ഈ പ്രായത്തിലും എല്ലാ വര്‍ഷവും അവര്‍ ഈ യാത്ര നടത്തുന്നു. 

ഓഗസ്റ്റ് 31 -ന് ആരംഭിച്ച അവരുടെ ഏഴ് ആഴ്ചത്തെ യാത്രയിൽ, 80 വയസ്സുള്ള ജെയ്ൻ എല്ലാ ദിവസവും 25 മുതൽ 30 കിലോമീറ്റർ വരെ സഞ്ചരിക്കുന്നു. മൊത്തത്തിൽ, ജെയിൻ ഈ വർഷം തന്റെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം 1,000 കിലോമീറ്റർ സഞ്ചരിക്കും. കാലാവസ്ഥയ്ക്ക് അനുസരിച്ച് അവര്‍ അവരുടെ വഴികൾ തീരുമാനിക്കുന്നു. വളരെ അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രമാണ് അവര്‍ യാത്രക്കായി കൊണ്ടുപോകുന്നത്. 

ജെയിൻ ഒരു ടെന്‍റിലാണ് ഉറങ്ങുന്നത്. അതുപോലെ കടന്നുപോകുന്ന വിവിധ ഗ്രാമങ്ങളിൽ നിന്നും കഞ്ഞി, ഓട്ട്കേക്കുകൾ, ചീസ് എന്നിവ കഴിക്കുകയും ചെയ്യുന്നു - അത് അവര്‍ക്ക് ശക്തി നൽകുന്നു. വാഹനമോടിക്കുന്നവർക്ക് കാണാൻ എപ്പോഴും ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിക്കാനും അവര്‍ ശ്രദ്ധിക്കുന്നു. അതുപോലെ ഒരു പഴയ മൊബൈല്‍ഫോണ്‍ ആണുപയോഗിക്കുന്നത്. ആവശ്യമില്ലാത്ത സമയങ്ങളിലെല്ലാം അത് ഓഫ് ചെയ്ത് സൂക്ഷിക്കുന്നു. എങ്കിലും പലപ്പോഴും സിഗ്നല്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ് എന്നും ഇവര്‍ പറയുന്നു. ഇത്രയും വര്‍ഷത്തെ യാത്രകളില്‍ ഓരോ വര്‍ഷവും കണ്ടുമുട്ടുന്നവരുമായി പരിചയം പുതുക്കാനും ജാനെ മറക്കാറില്ല. 

അവരുടെ ഈ തനിച്ചുള്ള യാത്രക്കും, വർഷങ്ങളുടെ ദീർഘദൂര പര്യടനത്തിനും അംഗീകാരമായി ബ്രിട്ടീഷ് ഹോഴ്സ് സൊസൈറ്റിയിൽ നിന്ന് എക്സെപ്ഷണൽ ആച്ചീവ്മെന്റ് അവാർഡ് (Exceptional Achievement Award) ലഭിച്ചു. കഴിയുന്നത്ര കാലം അവരുടെ ഈ യാത്ര തുടരാന്‍ അവര്‍ ആഗ്രഹിക്കുന്നു. കാഴ്ചയ്ക്ക് പ്രശ്നമുണ്ടെങ്കില്‍ പോലും വഴികള്‍ അവര്‍ക്കും കുതിരയ്ക്കും അറിയാമെന്നത് അവരെ യാത്രയില്‍ സഹായിക്കുന്നു. അനുഭവങ്ങളെ മുന്‍നിര്‍ത്തി ചില പുസ്തകങ്ങളും ഡോച്ചിന്‍ എഴുതിയിട്ടുണ്ട്. 

അപ്പോൾ, പ്രായമായില്ലേ ഇനിയിപ്പോ ഒതുങ്ങിക്കൂടിയേക്കാം എന്ന് കരുതണ്ട. പ്രായം ഒന്നിനും ഒരു തടസമല്ല. വഴികൾ വിളിക്കുമ്പോൾ ഇറങ്ങിച്ചെന്നാൽ മാത്രം മതി. 

Follow Us:
Download App:
  • android
  • ios