Asianet News MalayalamAsianet News Malayalam

എട്ടുവയസ്സുകാരിയെ കൊലപ്പെടുത്തി, 38 വര്‍ഷങ്ങള്‍ക്കുശേഷം കൊലയാളിയെ കണ്ടെത്തി പൊലീസ്...

ആ റോഡില്‍ വെച്ചാണ് അവസാനമായി അവളെ ആളുകള്‍ ജീവനോടെ കണ്ടതെന്ന് പറയുന്നു. അ വഴിയിലൂടെ തന്നെ അവള്‍ കടന്നുപോവുന്നത് കണ്ടിരുന്നു എന്ന് അന്ന് നിരവധിപ്പേര്‍ പറഞ്ഞു. പക്ഷേ, അതിനുശേഷം അവളെ ആരും കണ്ടില്ല. 

a murder case solved after 38 years
Author
Ohio, First Published Jun 29, 2020, 12:46 PM IST

നീണ്ട 38 വര്‍ഷങ്ങള്‍... ഒടുവില്‍ കെല്ലി ആന്‍ പ്രോസറിന്‍റെ കുടുംബത്തിന് ആ ചോദ്യത്തിന് ഒരുത്തരം കിട്ടിയിരിക്കുന്നു. തങ്ങളുടെ മകളെ ആരാണ് ബലാത്ക്കാരം ചെയ്‍ത് കൊലപ്പെടുത്തിയതെന്ന അവരുടെ ആശങ്കയ്ക്ക് അന്ത്യമായിരിക്കുന്നു. ഓഹിയോ, കൊളംബസ് പൊലീസ് വെള്ളിയാഴ്‍ചയാണ് കേസില്‍ ഒരു വ്യക്തമായ നിഗമനത്തിലെത്തിയത്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട്, കൊല്ലപ്പെട്ട ആ എട്ട് വയസ്സുകാരിയുടെ മരണത്തില്‍ പ്രതിയിലേക്കുള്ള വ്യക്തമായ സൂചനകളിലേക്കെത്താന്‍ സഹായിച്ചത് ഡിഎന്‍എ ടെസ്റ്റാണ്. എന്തിരുന്നാലും കെല്ലിയെന്ന എട്ടു വയസ്സുകാരിയെ കൊന്ന കേസിലെ പ്രതിയെ ശിക്ഷിക്കാന്‍ പൊലീസിനാവില്ല. കാരണം അയാള്‍ മരിച്ചിട്ട് കുറച്ച് വര്‍ഷങ്ങളായി.

നാല്‍പതാണ്ടാവുന്ന കൊലപാതകം

1982 സപ്‍തംബര്‍ 20... കൊളംബസ് യൂണിവേഴ്‍സിറ്റി ജില്ലയില്‍ വെച്ചാണ് കെല്ലിയെ കാണാതാവുന്നതും പിന്നീട് അവളുടെ മൃതശരീരം കണ്ടെത്തുന്നതും. ഇന്‍ഡിയാനോ എലമെന്‍ററി സ്‍കൂളില്‍ നിന്ന് വീട്ടിലേക്ക് നടന്നു വരികയായിരുന്നു പതിവുപോലെ കെല്ലി ആന്‍. കടകളും റെസ്റ്റോറന്‍റുകളുമെല്ലാമുള്ള തിരക്കുള്ള വഴിയില്‍ത്തന്നെയാണ് ആളുകള്‍ അവസാനമായി അവളെ കാണുന്നതും. അവളെന്നും വരുന്ന വഴിയുമായിരുന്നു അത്. എന്നാല്‍, പതിവിനു വിപരീതമായി അവളന്ന് വീട്ടിലെത്തുകയുണ്ടായില്ല. കാണാതായി രണ്ട് ദിവസങ്ങള്‍ക്കുശേഷം അവളുടെ മൃതശരീരം മാഡിസണ്‍ കൗണ്ടിക്കടുത്തുള്ള ചോളപ്പാടത്തില്‍നിന്നും കണ്ടെത്തി. 

അറ്റോര്‍ണി ജനറലിന്‍റെ ഓഫീസില്‍ നിന്നുമുള്ള കേസ് വിവരത്തില്‍ പറയുന്നത് കെല്ലിയെ തല്ലുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‍തശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ്. വർഷങ്ങളായി കൊളംബംസ് പൊലീസ് ഡിപാര്‍ട്‍മെന്‍റ് ഈ കേസ് പരിഹരിക്കാനും കൊലപാതകിയെ കണ്ടെത്താനും ആഗ്രഹിച്ചിരുന്നു. വ്യക്തിപരമായി എല്ലാ ഉദ്യോഗസ്ഥരെയും ബാധിച്ച ഒരു കേസാണിത്. ഡിഎന്‍എ പരിശോധനയാണ് ഇത്രയും പഴക്കമുള്ള കേസില്‍ വഴിത്തിരിവായതെന്നും പൊലീസ് ചീഫ് ഗ്രേഗ് ബോഡ്‍കര്‍ പറയുന്നു. 

നാല് പതിറ്റാണ്ടുകളായിട്ടും കേസിലെ അന്വേഷണം തുടരുകയും തുമ്പിലെത്തുകയും ചെയ്‍ത പൊലീസിന് നന്ദിയുണ്ടെന്ന് കെല്ലിയുടെ വീട്ടുകാര്‍ പ്രതികരിച്ചു. '1982 സെപ്റ്റംബർ 20 ന് രാവിലെ കെല്ലി ആൻ സ്‍കൂളിൽ പോകുമ്പോൾ, അവളുമൊത്തുള്ള ഞങ്ങളുടെ സമയം ഇത്ര പെട്ടെന്ന് അവസാനിക്കുമെന്നോ, ഭാവനയിൽ പോലും കാണാനാവാത്ത വിധം എല്ലാം മാറിമറിയുമെന്നോ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങള്‍ക്ക് മിടുക്കിയായ ഒരു എട്ട് വയസ്സുകാരിയുണ്ടായിരുന്നു. പക്ഷേ, പെട്ടെന്ന് അതെല്ലാം കുറേ ഓര്‍മ്മകള്‍, പ്രായം ചെല്ലാത്ത കുറേ ഫോട്ടോഗ്രാഫുകള്‍, ഭയാനകമായ അവധിക്കാലം മാര്‍ക്കു ചെയ്യപ്പെട്ട ഒരു കലണ്ടര്‍, ഒരു ശവകുടീരം, കെല്ലിയുടെ ജീവിതത്തിന്‍റെ കഷ്‍ണങ്ങള്‍ ചേര്‍ത്തുവെക്കപ്പെട്ട ഒരു ബോക്സ് എന്നിവ മാത്രമായി അവശേഷിക്കുന്നു'വെന്നും അവര്‍ ഒരു സ്റ്റേറ്റ്മെന്‍റില്‍ പറയുന്നു. 

തുമ്പായി ഡിഎന്‍എ പരിശോധനാഫലം

ഹാരോള്‍ഡ് വാറന്‍ ജാറെല്‍ എന്നയാളാണ് കെല്ലിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് ഇപ്പോള്‍ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നും തെളിയിച്ചിരിക്കുന്നത്. 1977 -ല്‍ മറ്റൊരു എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതിന് അറസ്റ്റിലായ ആളാണ് ജാറെല്‍. കേസില്‍ അറസ്റ്റിലായ ജാറെല്‍ 1982 ജനുവരിയിലാണ് ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞിറങ്ങിയത്. അതായത്, കെല്ലിയെ കാണാതാവുന്നതിന് എട്ടുമാസങ്ങള്‍ക്ക് മുമ്പ്. കൊളംബസിലെ മറ്റേത് കേസിലും ഇതുവരെ അയാള്‍ സംശയിക്കപ്പെട്ടിട്ടുമുണ്ടായിരുന്നില്ല. 

2014-2015 -ല്‍ ശേഖരിച്ച ഡിഎന്‍എ CODIS എന്ന നാഷണല്‍ ഡാറ്റാബേസ് സാമ്പിളുകളുമായി താരതമ്യപ്പെടുത്തിയിരുന്നെങ്കിലും കെല്ലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്നും അന്ന് കണ്ടെത്താനായിരുന്നില്ല. എന്നാല്‍, ഈ മാര്‍ച്ചില്‍ പൊലീസ് ഡിപാര്‍ട്‍മെന്‍റ് അഡ്വാന്‍സ് ഡിഎന്‍എ എന്ന ഫോറന്‍സിക് ജെനോളജി റിസര്‍ച്ച് കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു തുടങ്ങി. അതായത്, കുടുംബത്തിലെ ആളുകളുടെ ഡിഎന്‍എ പരിശോധനയിലൂടെ കൂടുതല്‍ പേരുടെ വിവരങ്ങള്‍ കണ്ടെത്താനാവുന്നു. ഇതില്‍നിന്നും മരിച്ച ആളുകള്‍ പോലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനാവും. 

1970-80 കാലഘട്ടത്തില്‍ ജാറല്‍ ഒരു പ്രാദേശിക റേഡിയോ സ്റ്റേഷനില്‍ ജോലി ചെയ്യുകയായിരുന്നു. അവിടെയുണ്ടായിരുന്ന സമയത്തെല്ലാം മറ്റ് ചെറിയ ചെറിയ ജോലികളും അയാള്‍ ചെയ്‍തുവന്നു. ലാസ് വേഗാസില്‍ വെച്ച് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അയാള്‍ മരിക്കുകയും ചെയ്‍തു. ജാറെലിന്‍റെ ജീവിച്ചിരിക്കുന്ന ബന്ധുക്കളുടെ ഡിഎന്‍എയില്‍ നിന്നുമാണ് കൊലപാതകം നടത്തിയത് അയാളാവാമെന്ന നിഗമനത്തിലെത്തുന്നത്. ജാറെലിന്‍റെ തേര്‍ഡ് കസിന്‍സിന്‍റെ ഡിഎന്‍എ പരിശോധനയാണ് ഇവിടെ തുണച്ചത്. ആ സാമ്പിളുകളുമായി താരതമ്യപ്പെടുത്തിയാണ് കെല്ലിയെ കൊന്നത് ജാറെലാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. 

a murder case solved after 38 years

ഹാരോള്‍ഡ് വാറന്‍ ജാറെല്‍

കെല്ലിയെ കാണാതാവുന്നതിന് മുമ്പ് നടന്നത് ഇങ്ങനെ

നേരത്തെ പറഞ്ഞതുപോലെ 1982 സപ്‍തംബര്‍ 20... ക്ലാസ് കഴിഞ്ഞതുശേഷം കെല്ലി എന്ന എട്ട് വയസ്സുകാരി തന്‍റെ ക്ലാസിലെ സുഹൃത്തുക്കളോടും തേര്‍ഡ് ഗ്രേഡിലെ അധ്യാപികയോടും ബൈ പറഞ്ഞ് പിരിഞ്ഞതാണ്. സ്‍കൂളില്‍ നിന്നും വീട്ടിലേക്ക് 15 ബ്ലോക്കിന്‍റെ നടത്തമുണ്ട്. അവിടെയാണ് അവള്‍ അമ്മ ലിന്‍ഡയ്ക്കും രണ്ടാനച്ഛനുമൊപ്പം താമസിക്കുന്നത്. എല്ലാ ദിവസവും അവളങ്ങനെ നടന്നു തന്നെയാണ് പോകുന്നതും. അത്യാവശ്യം തിരക്കുള്ള വഴിയാണത്. ചില കടകളും ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റുകളുമെല്ലാം വഴിയിലുണ്ട്. ഒരുപാടാളുകള്‍ ആ വഴിയിലൂടെ നടന്നുപോകാറുണ്ട്. വണ്ടികള്‍ കടന്നുപോകാറുണ്ട്.അത്രയും ജനങ്ങളുള്ള ഒരിടത്തുവെച്ച് ഒരു സ്‍കൂള്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നത് വിശ്വസിക്കാന്‍ തന്നെ പ്രയാസമായിരുന്നു. 

ആ റോഡില്‍ വെച്ചാണ് അവസാനമായി അവളെ ആളുകള്‍ ജീവനോടെ കണ്ടതെന്ന് പറയുന്നു. അ വഴിയിലൂടെ തന്നെ അവള്‍ കടന്നുപോവുന്നത് കണ്ടിരുന്നു എന്ന് അന്ന് നിരവധിപ്പേര്‍ പറഞ്ഞു. പക്ഷേ, അതിനുശേഷം അവളെ ആരും കണ്ടില്ല. കെല്ലി സ്‍കൂളില്‍നിന്നും പതിവുസമയത്ത് തിരികെയെത്താതായപ്പോള്‍ അമ്മ ലിന്‍ഡ കരുതിയത് അവള്‍ ഏതെങ്കിലും സുഹൃത്തുക്കള്‍ വീട്ടില്‍ കയറിയിരുന്നിരിക്കാം അതുമല്ലെങ്കില്‍ സ്‍കൂളില്‍ എന്തെങ്കിലും അധികനേരം ചെയ്യാനുണ്ടായിരുന്നിരിക്കാം എന്നാണ്. എന്നാല്‍, സ്‍കൂളിലേക്കും കെല്ലിയുടെ സുഹൃത്തുക്കളുടെ വീട്ടിലേക്കും വിളിച്ച ലിന്‍ഡയോട് അവരെല്ലാം പറഞ്ഞത് അവരാരും അവളെ കണ്ടില്ലെന്നാണ്. ആറ് മണിയായിട്ടും മകളെത്താതായപ്പോള്‍ അവര്‍ 911 -ലേക്ക് വിളിക്കുകയും കുട്ടിയെ കാണാതായ വിവരമറിയിക്കുകയും ചെയ്‍തു. 

പൊലീസ് പെട്ടെന്ന് തന്നെ തെരച്ചിലാരംഭിച്ചു. കെല്ലിയുടെ കേസ് അവളെ കാണാതാവുന്നതിന് രണ്ടുദിവസം മുമ്പുണ്ടായിരുന്ന ഒരു കേസുമായി വളരെയധികം സാദൃശ്യമുള്ളതായിരുന്നു. കെല്ലിയുടെ തിരോധാനത്തിന് രണ്ടുദിവസം മുമ്പ് ഒരാള്‍ 911 -ലേക്ക് വിളിക്കുകയും ഒരു വിവരമറിയിക്കുകയും ചെയ്‍തിരുന്നു. അതിങ്ങനെയാണ്, റെഡ് ട്രക്കിലെത്തിയ ഒരാള്‍ ഒരു പെണ്‍കുട്ടിക്കരികില്‍ വണ്ടി നിര്‍ത്തുകയും അവളെ കടത്തിക്കൊണ്ടുപോവാന്‍ ശ്രമിക്കുകയും ചെയ്‍തുവത്രെ. എന്നാല്‍, ഫോണ്‍ വിളിച്ചയാള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാളെ പിന്തുടരുന്നുവെന്ന് മനസിലായതോടെ പെണ്‍കുട്ടിയെ അവിടെ ഉപേക്ഷിച്ച് അയാള്‍ കടന്നുകളയുകയായിരുന്നു. അയാളെ കുറിച്ചുള്ള വിവരങ്ങളും ഫോണിലൂടെ കൈമാറി. താടിയുള്ള, നാല്‍പ്പതിനും അമ്പതിനുമിടയില്‍ പ്രായമുള്ള അയാള്‍ ചുവപ്പ് നിറത്തിലുള്ള പിക്കപ്പ് ട്രക്കായിരുന്നു എടുത്തിരുന്നതെന്നായിരുന്നു വിവരം. 

a murder case solved after 38 years

കെല്ലിയുടെ അമ്മയും രണ്ടാനച്ഛനും

ഏതായാലും കെല്ലിയെ കാണാതായ കേസില്‍ വീട്ടുകാരെയാണ് ആദ്യം അന്വേഷണസംഘം ചോദ്യം ചെയ്‍തത്. അവര്‍ ആദ്യം സംസാരിച്ചത് കെല്ലിയുടെ അച്ഛനോടാണ്. അമ്മയുമായി പിരിഞ്ഞു കഴിയുന്ന അയാള്‍ മകളെ കണ്ടിട്ട് കുറച്ചുകാലമായെന്നാണ് അയാളുമായി സംസാരിച്ചതില്‍ നിന്നും വ്യക്തമായത്. പക്ഷേ, അയാള്‍ക്ക് കെല്ലിയെ കാണാതായതുമായി ബന്ധപ്പെട്ട് ഒരു പങ്കുമില്ലെന്നും അന്വേഷണ സംഘത്തിന് വ്യക്തമായി. കെല്ലിയുടെ അമ്മ ലിന്‍ഡയെയും രണ്ടാനച്ഛനെയും ചോദ്യം ചെയ്‍തതില്‍ നിന്നും അസ്വാഭാവികമായതൊന്നും പൊലീസിന് ലഭിച്ചില്ല. പിന്നീട്, പൊലീസ് നായയെ ഉപയോഗിച്ചു. എന്നാല്‍, അവസാനമായി അവളെ കണ്ടുവെന്ന് ആളുകള്‍ പറഞ്ഞയിടം വരെയെത്തിയ നായ അവിടെത്തന്നെ നില്‍ക്കുകയായിരുന്നു. ആ സ്ഥലത്തുനിന്നും ആരെങ്കിലും അവളെ ഒരു വാഹനത്തില്‍ കടത്തിക്കൊണ്ടുപോയിരുന്നിരിക്കാം എന്ന നിഗമനത്തില്‍ പൊലീസെത്തി. 

കെല്ലിയെ കാണാതായി രണ്ടുദിവസത്തിനുശേഷം ചാള്‍സ് റിച്ച്മോണ്ട് എന്നൊരാള്‍ തന്‍റെ ഹൗസ് കീപ്പറെ വിളിക്കാനായി മാഡിസണ്‍ കൗണ്ടിയിലെ ഒരു പ്രാന്തപ്രദേശത്തൂടെ കടന്നുപോവുകയായിരുന്നു. അപ്പോഴാണ് ഒരു നീലനിറത്തിലുള്ള പ്ലാസ്റ്റിക് കഷ്‍ണം റോഡില്‍ കിടക്കുന്നത് അയാളുടെ ശ്രദ്ധയില്‍പ്പെട്ടത്. അയാള്‍ വണ്ടി നിര്‍ത്തിയില്ല. പകരം ഹൗസ്‍കീപ്പറിനെ കൊണ്ടുവരുന്നതിനായി യാത്ര തുടര്‍ന്നു. അവരെയും കൂട്ടി വരുമ്പോഴും വഴിയില്‍ ആ പ്ലാസ്റ്റിക് കഷ്‍ണം കിടക്കുന്നത് ചാള്‍സ് കണ്ടു. ഇത്തവണ അയാള്‍ വണ്ടി നിര്‍ത്തി അതെന്താണെന്ന് പരിശോധിച്ചു. അതൊരു കുഞ്ഞിന്‍റെ റെയിന്‍കോട്ടായിരുന്നു. അയാള്‍ക്ക് കുട്ടിയെ കാണാതായ വാര്‍ത്തയെ കുറിച്ച് ഒരറിവും ഇല്ലായിരുന്നു. ഹൗസ്‍കീപ്പര്‍ ആ റെയിന്‍കോട്ടിലെവിടെയെങ്കിലും ഒരു പേരുണ്ടോ എന്ന് പരതിനോക്കി. എന്നാല്‍, അതും ഇല്ലായിരുന്നു. അവര്‍ റെയിന്‍കോട്ട് വണ്ടിയിലിടുകയും ഇരുവരും അതിനെ കുറിച്ച് മറന്നുപോവുകയും ചെയ്‍തു. 

അന്ന് വൈകുന്നേരം ചാള്‍സ് തന്‍റെ ഇരുപത്തിയൊന്നുകാരിയായ മകളെ ജോലി സ്ഥലത്തുനിന്നും വിളിക്കാനായി ചെന്നു. കാറില്‍ കയറിയ മകള്‍ ഈ കോട്ട് കാണുകയും അതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്‍തു. അയാള്‍ അതേക്കുറിച്ച് വിവരിച്ചതോടെ മകള്‍ ഒരു കുട്ടിയെ കാണാതായിട്ടുണ്ടെന്ന കാര്യം അയാളെ അറിയിച്ചു. ചിലപ്പോള്‍ ആ കോട്ട് കെല്ലിയുടേതാവാമെന്നും മകള്‍ ചാള്‍സിനോട് പറഞ്ഞു. ചാള്‍സ് ഉടനെത്തന്നെ പൊലീസിനെ വിളിച്ച് കാര്യം പറഞ്ഞു. കുറച്ച് മണിക്കൂറുകള്‍ക്കിടയില്‍ പൊലീസ് കോട്ട് കിട്ടിയ സ്ഥലവും പരിസരപ്രദേശവും പരിശോധിച്ചു. സമീപത്തെ ചോളപ്പാടത്തുനിന്നും കെല്ലിയുടെ മൃതദേഹം അവര്‍ കണ്ടെടുത്തു. 

എന്നാല്‍, ആരാണ് അവളെ തട്ടിക്കൊണ്ടുപോയതെന്നതിനെ കുറിച്ച് വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. എന്നാല്‍, അതുമായി സാമ്യം തോന്നുന്ന ഒരു കേസ് ആ സമയത്തുണ്ടായിരുന്നു. അറുപത്തിയഞ്ചുകാരനായ മാള്‍ട്ടര്‍ മിഷെല്‍ എന്നൊരാള്‍ തന്‍റെ പേരക്കുട്ടിയുടെ സുഹൃത്തായ ഒരു പതിനൊന്നുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നതായിരുന്നു കേസ്. കെല്ലിയെ കാണാതാവുന്ന ദിവസം തന്നെ അയാള്‍ തന്‍റെ ജന്മനാടായ വെര്‍ജീനിയയിലേക്ക് പോയതായും പൊലീസിന് വിവരം ലഭിച്ചു. ഇതോടെ ഇയാളെ പ്രതിയായി സംശയിക്കുകയും ചെയ്‍തു. എന്നാല്‍, കാര്യമറിഞ്ഞയുടനെ അയാള്‍ തിരികെയെത്തുകയും പൊലീസിനോട് സഹകരിക്കുകയും ചോദിച്ചതിനെല്ലാം മറുപടി നല്‍കുകയും ചെയ്‍തു. പിന്നീട് അയാളുടെ ഫോണ്‍രേഖകളടക്കം പരിശോധിച്ചതില്‍ നിന്നും അയാള്‍ കുറ്റം ചെയ്‍തിട്ടില്ല എന്ന് അന്വേഷണസംഘത്തിന് വ്യക്തമായി. 

പിന്നീട് നീണ്ട വര്‍ഷങ്ങള്‍ കുറ്റം നടത്തിയതായി ആരെയും കണ്ടെത്താന്‍ പൊലീസിനായിരുന്നില്ല. കെല്ലിയുടെ അമ്മ നിരന്തരം അന്വേഷണസംഘത്തോടും ഡിറ്റക്ടീവുകളോടും അന്വേഷണത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഒടുവില്‍ അഡ്വാന്‍സ് ഡിഎന്‍എ -യുമായി ചേര്‍ന്ന് അവര്‍ പ്രതിയെ കണ്ടെത്തുകയും നിഗമനത്തിലെത്തുകയും ചെയ്‍തിരിക്കുന്നു. എന്നാല്‍, കെല്ലിയെ ബലാത്ക്കാരം ചെയ്‍ത് കൊലപ്പെടുത്തിയയാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അസുഖബാധിതനായി മരിച്ച ഒരാളാണ്. ഇക്കാര്യത്തില്‍ കെല്ലിക്ക് നീതി കിട്ടിയോ എന്ന ചോദ്യം ബാക്കിനില്‍കുന്നുണ്ടെങ്കിലും അവരുടെ വീട്ടുകാരെ സംബന്ധിച്ച് നീണ്ട 38 വര്‍ഷങ്ങളുടെ ചോദ്യത്തിന് ഒരുത്തരം കിട്ടിയിരിക്കുന്നു. 

Follow Us:
Download App:
  • android
  • ios