Asianet News MalayalamAsianet News Malayalam

ദുരിതത്തിന്‍റെ മൂന്ന് വര്‍ഷങ്ങള്‍ കടന്നുപോയി, ഏകാന്ത തടവ് തീര്‍ന്നു, മിശ്രക്ക് ഈ ക്രിസ്‍മസ് വീട്ടുകാര്‍ക്കൊപ്പം

എഞ്ചിൻ തകരാറും ഇന്ധനമില്ലാത്തതും കാരണം ഞങ്ങൾ കപ്പൽ ഉപേക്ഷിക്കാൻ തന്നെ തീരുമാനിച്ചു. ഞങ്ങൾ പൂർണ്ണമായും ഇരുട്ടിലായിരുന്നു. രണ്ട് ജനറേറ്ററുകളും പ്രവർത്തിക്കാതായി. 

abandoned for three years Vikash Mishra will be home in this Christmas
Author
UAE, First Published Dec 21, 2019, 12:57 PM IST

എംവി തമീം അൽദാർ എന്ന കപ്പലിലെ എഞ്ചിനീയറായ വികാഷ് മിശ്രക്ക് ഇനി സന്തോഷത്തിന്‍റെ നാളുകളാണ്. മൂന്നുവർഷത്തോളമായി അനുഭവിക്കുന്ന ദുരിതങ്ങൾക്കൊടുവിൽ ഇപ്പോൾ അദ്ദേത്തിന്‍റെ കണ്ണുകളിൽ സന്തോഷത്തിന്‍റെ വെട്ടം കാണാം. ഈ ക്രിസ്‍മസിന് അദ്ദേഹം തന്‍റെ ഏകാന്തതടവ് കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് പോകാനായി തയ്യാറെടുക്കുകയാണ്. തന്‍റെ കുട്ടികളെയും ഭാര്യയെയും വേർപിരിഞ്ഞ് ശമ്പളം പോലുമില്ലാതെ ഈ ഉപേക്ഷിക്കപ്പെട്ട കപ്പലിൽ അദ്ദേഹം അകപ്പെട്ടിട്ട് 39 മാസം കഴിഞ്ഞിരിക്കുന്നു. ഇന്നും അതിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയം മാത്രമാണ് അദ്ദേഹത്തിന്‍റെ മനസ്സിൽ നിറയുന്നത്.

2017 സെപ്റ്റംബർ മുതൽ എഞ്ചിൻ തകരാറിനെത്തുടർന്ന് തിരക്കേറിയ ഷിപ്പിംഗ് പാതയിൽ വളരെ അപകടകരമായ അവസ്ഥയിൽ നങ്കൂരമിട്ടതാണ് ആ കപ്പൽ. അതിൽ അദ്ദേഹവും മറ്റ് മൂന്ന് ക്രൂ അംഗങ്ങളുമാണുണ്ടായിരുന്നത്. സഹായത്തിനായി പലവട്ടം അപേക്ഷിച്ചിട്ടും ഒരുഭാഗത്തുനിന്നും ഒരു പ്രതികരണവും ലഭിച്ചില്ല. അങ്ങനെ കുറേനാളത്തെ കാത്തിരിപ്പിന് ശേഷം, ഒടുവിൽ മറ്റ് വഴികളില്ലാതെ ഒരു ലൈഫ്‌ബോട്ടിൽ കയറി കപ്പൽ ഉപേക്ഷിച്ച് അവർ യാത്രയാവുകയായിരുന്നു. പക്ഷേ, അവിടെയും അവർക്ക് പ്രശ്നങ്ങളായിരുന്നു. രക്ഷപ്പെട്ട് തീരത്തടുത്ത അവരെ യു‌എഇ തീരസംരക്ഷണ സേന നിർബന്ധിച്ച് കപ്പലിലേക്കുതന്നെ മടക്കി അയക്കുകയായിരുന്നു. ഇല്ലാത്തപക്ഷം രണ്ട് വർഷത്തെ ജയിൽവാസം അനുഭവിക്കേണ്ടിവരുമെന്നാണ് അവർ മിശ്രയേയും സംഘത്തേയും അറിയിച്ചത്.

"എഞ്ചിൻ തകരാറും ഇന്ധനമില്ലാത്തതും കാരണം ഞങ്ങൾ കപ്പൽ ഉപേക്ഷിക്കാൻ തന്നെ തീരുമാനിച്ചു. ഞങ്ങൾ പൂർണ്ണമായും ഇരുട്ടിലായിരുന്നു. രണ്ട് ജനറേറ്ററുകളും പ്രവർത്തിക്കാതായി. വെളിച്ചത്തിനായി ഞങ്ങളുടെ മൊബൈൽ ഫോണുകളാണ് ടോർച്ചായി ഉപയോഗിച്ചിരുന്നത്. നിസ്സഹായരായ ഞങ്ങളാകെ തകർന്നുപോയി" ഇന്ത്യക്കാരനായ വികാഷ് മിശ്ര ആ നാളുകളെ കുറിച്ച് ഓര്‍ക്കുന്നു.

പാറ്റകളുടെയും കൊതുകളുടെയും ഇടയിൽ കൊടുംചൂടിലാണ് അവർ രാവുകളും പകലുകളും തള്ളിനീക്കിയത്. "എനിക്ക് ആദ്യം 83 കിലോഗ്രാം ഭാരമുണ്ടായിരുന്നു. എന്നാൽ ഞാൻ ഇപ്പൊ വെറും 63 കിലോഗ്രാമായി. 28 മാസമായി എനിക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ഞങ്ങൾക്ക് ഭക്ഷണമോ വെള്ളമോ ഇല്ലായിരുന്നു. നൂഡിൽസ് കഴിച്ചാണ് ഞങ്ങൾ ജീവൻ നിലനിർത്തിയത്” ഒൻപതും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളുടെ പിതാവായ മിശ്ര പറഞ്ഞു.

നീണ്ടയാതനകൾക്കൊടുവിൽ ആഗസ്‍തിൽ മിശ്രയെയും മറ്റുള്ളവരെയും ഏറ്റെടുക്കാൻ മറ്റൊരു കമ്പനിയായ മുബാറക് മറൈൻ തയ്യാറായി. അവർ ഇപ്പോള്‍ ദുബായിലാണ് താമസിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ മിശ്രയ്ക്ക് നൽകാനുള്ള ശമ്പളകുടിശ്ശികയായ 78,000 യുഎസ് ഡോളറിന്‍റെ 80% നൽകിക്കഴിഞ്ഞു.

ദുബായ് ആസ്ഥാനമായുള്ള എലൈറ്റ് വേ മറൈൻ സർവീസസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ ചരക്കുകപ്പൽ. ഇങ്ങനെ ഉപേക്ഷിക്കുന്ന കപ്പലുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കമ്പനികൾ  തയ്യാറാകാറില്ല. പലപ്പോഴും കപ്പലുകൾ ഉപേക്ഷിച്ച് പോകാനാകാതെയും ശമ്പളമില്ലാതെയും കപ്പലിൽ ജോലി തുടരാൻ ജീവനക്കാർ നിർബന്ധിതരാവുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ മൂന്നുവർഷമായി ഇങ്ങനെയുള്ള കേസുകളിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. നിർബന്ധിത തൊഴിലായും, ആധുനിക അടിമത്തവുമായിട്ടാണ് ഇത്തരം വർദ്ധിച്ചുവരുന്ന കേസുകളെ ഐ‌എം‌ഒയും മനുഷ്യാവകാശ ഗ്രൂപ്പുകളും താരതമ്യപ്പെടുത്തിയത്. യുഎഇയിലാണ് ഇത് ഏറ്റവും കൂടുതൽ നടക്കുന്നത്. ഈ വർഷം, ഉപേക്ഷിക്കപ്പെട്ട 474 പുരുഷന്മാരിൽ 50 ശതമാനത്തിലധികം നാവികർക്കർക്കും വേതനം ലഭിച്ചിട്ടില്ല. അവരുടെ കേസുകൾ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ഐ‌എം‌ഒ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം കുറഞ്ഞത് 40 കപ്പലുകളെങ്കിലും ഇങ്ങനെ ഉപേക്ഷിക്കപ്പെട്ടതായി കണക്കാക്കുന്നു. പലപ്പോഴും വേതനം ലഭിക്കാതെ, ജീവിക്കാൻ ഒരു വഴിയുമില്ലാതെ കഷ്ടപ്പെടുന്ന അവരെ ജീവകാരുണ്യ പ്രവർത്തകരാണ് രക്ഷിക്കുന്നത്.

ഏതായാലും കൊടുംയാതനകൾക്കൊടുവിൽ മിശ്രക്ക് ഇനി സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും നാളുകളാണ്. ക്രിസ്‍മസിനു വീട്ടിൽ പോകാമെന്നുള്ള സന്തോഷത്തിലാണ് മിശ്ര ഇപ്പോൾ. പക്ഷേ, ഇനിയും അനേകംപേർ സ്വന്തം വീടും വീട്ടുകാരെയും വിട്ട് മരണത്തെ ഭയന്ന് കടലിന്‍റെ അനന്തതയിൽ ദിവസങ്ങൾ തള്ളിനീക്കുന്നുണ്ടാകാം. ഉപേക്ഷിക്കപ്പെടുന്ന കപ്പലിലെ ജീവക്കാരെ സംരക്ഷിക്കാനായി യുഎഇ സർക്കാർ പുതിയനിയമനിർമ്മാണത്തിന് ഒരുങ്ങുന്നു എന്നത് എന്തായാലും പ്രതീക്ഷ നൽകുന്ന കാര്യമാണ്.  


 

Follow Us:
Download App:
  • android
  • ios