Asianet News MalayalamAsianet News Malayalam

നിമിഷങ്ങളുടെ വ്യത്യാസം, എയർപോർട്ടിൽ തടഞ്ഞു; 61പേരുടെ ജീവൻ നഷ്ടപ്പെട്ട അപകടത്തിൽ യുവാവ് രക്ഷപ്പെട്ടതിങ്ങനെ

അപകടത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, അസിസ് എയർപോർട്ട് ജീവനക്കാർക്ക് നന്ദി പറയുകയും വിമാനത്തിൽ കയറുന്നത് തടഞ്ഞ ഉദ്യോഗസ്ഥനെ ആലിംഗനം ചെയ്യുകയും ചെയ്തു. 

Adriano Assis man who escapes brazils voepass airlines crash shares experience
Author
First Published Aug 11, 2024, 11:23 AM IST | Last Updated Aug 11, 2024, 11:23 AM IST

ബ്രസീലിലെ വോപാസ് എയർലൈൻസ്ൻ്റെ ഒരു വിമാനം വിൻഹെഡോയിലെ ഒരു റെസിഡൻഷ്യൽ ഏരിയയിൽ തകർന്നുവീണത് അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ദൗർഭാഗ്യകരമായ ആ അപകടത്തിൽ 57 യാത്രക്കാരും 4 ജീവനക്കാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 61 പേരുടെയും ജീവൻ നഷ്ടമായിരുന്നു. ഇപ്പോൾ ആ അപകടത്തിൽ നിന്നും താൻ അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് റിയോ ഡി ജനീറോ നിവാസിയായ അഡ്രിയാനോ അസിസ്. 

അന്നേദിവസം ആ വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന ആളായിരുന്നു താനെന്നും വിമാനത്താവളത്തിൽ എത്താൻ അല്പം വൈകിയതിനെ തുടർന്ന് ജീവനക്കാർ തനിക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നുവെന്നും ആണ് ഇദ്ദേഹം പറയുന്നത്. ആ സമയത്ത് ജീവനക്കാരുടെ പ്രവർത്തിയിൽ തനിക്ക് കടുത്ത അമർഷം തോന്നിയെങ്കിലും ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും ഭാഗ്യനിമിഷങ്ങളായാണ് ആ സമയത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സമീപത്തെ ആശുപത്രിയിലെ ജീവനക്കാരനായ അസിസ് ജോലി പൂർത്തിയാക്കി എയർപോർട്ടിൽ എത്താൻ അല്പം വൈകിയതിനാലാണ് അന്ന് വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കാതെ വന്നത്. താൻ രാവിലെ 9:40 ന് ചെക്ക്-ഇൻ കൗണ്ടറിൽ എത്തിയെങ്കിലും എയർപോർട്ടിലെ തിരക്ക് കൂടി ആയപ്പോൾ തനിക്ക് കൃത്യസമയത്ത് ചെക്ക്-ഇൻ  ചെയ്യാൻ കഴിഞ്ഞില്ലെന്നും അതോടെ കാസ്‌കാവലിൽ നിന്ന് ഗ്വാറുലോസിലേക്കുള്ള വിമാനത്തിൽ കയറാൻ കഴിയാതെ വന്നതായും ആണ് ഇദ്ദേഹം പറയുന്നത്. എന്നാൽ പിന്നീട്, അപകടത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, അസിസ് എയർപോർട്ട് ജീവനക്കാർക്ക് നന്ദി പറയുകയും വിമാനത്തിൽ കയറുന്നത് തടഞ്ഞ ഉദ്യോഗസ്ഥനെ ആലിംഗനം ചെയ്യുകയും ചെയ്തു. 

സോഷ്യൽ മീഡിയയിൽ അസീസ് പങ്കുവച്ച് വീഡിയോയിലാണ് മരണത്തിൽ നിന്നും താൻ രക്ഷപ്പെട്ട അനുഭവം വിവരിച്ചത്. കുരിറ്റിബയിൽ നിന്ന് 76 കിലോമീറ്റർ അകലെയുള്ള ജനവാസ മേഖലയിലാണ് വിമാനം തകർന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios