'വീട് വിട്ടു പോവേണ്ട അവസ്ഥയിലാണിപ്പോള്‍. പുറത്തിറങ്ങാന്‍ ഭയമാണ്. തിരിച്ചറിയാതിരിക്കാന്‍ മാസ്‌കിട്ടും തൊപ്പിവെച്ചുമൊക്കെയാണ്  ടൗണിലിറങ്ങുന്നതു പോലും. ചെയ്തത് നല്ല കാര്യമാണെങ്കിലും അതിന്റെ പേരില്‍ കിട്ടുന്നത് ഭീഷണികളും വെറുപ്പുമാണ്. ഭയമാണ് എനിക്കും കുടുംബത്തിനും.''

''ബൈഡന്‍, താങ്കളെന്നെ സഹായിക്കണം. ഇല്ലെങ്കില്‍, ഞാനീ ടെറസില്‍നിന്നും താഴെച്ചാടും. തമാശ പറയുകയല്ല, ശരിക്കും ചാടും. ''-വീഡിയോയില്‍ അലി പറയുന്നു. എന്നാല്‍, ഈയടുത്ത് ന്യൂയോര്‍ക്ക് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ അലി പറയുന്നത് മറ്റൊന്നാണ്. ''അങ്ങനെ പറഞ്ഞുന്നേയുള്ളൂ. താഴെ ചാടുകയൊന്നുമില്ല. എനിക്ക് പേടിയാ...''

Image courtesy: New York Times 

വെറുതെയിരിക്കുമ്പോള്‍, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് സംസാരിക്കുന്ന ഒരു വീഡിയോ ചെയ്തു. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല, സോഷ്യല്‍ മീഡിയാ ജീവിയായ അലി ആദില്‍ എന്ന ഇറാഖി പയ്യന്. വീഡിയോ വൈറലായി. അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം ഇടപെട്ടു. സ്വന്തം പ്രധാനമന്ത്രി വിളിപ്പിച്ചു. ഒറ്റ ദിവസം കൊണ്ട്, ലോകമാധ്യമങ്ങളില്‍ അവന്‍ താരമായി. 

പക്ഷേ...

അവിടെ തീര്‍ന്നില്ല. എല്ലാ വൈറല്‍ വീഡിയോകളിലും സംഭവിക്കുന്നത് പോലെ സെലബ്രിറ്റി ആയെങ്കിലും അത് വലിയ തലവേദനയ്ക്കു തുടക്കമായി. വന്‍ ഭീഷണികള്‍ വന്നു. നാട്ടുകാരില്‍ വലിയ വിഭാഗം ശത്രുക്കളായി. സോഷ്യല്‍ മീഡിയയില്‍ തെറിവിളികളും ഭീഷണികളും വര്‍ദ്ധിച്ചു. 

'വീട് വിട്ടു പോവേണ്ട അവസ്ഥയിലാണിപ്പോള്‍. പുറത്തിറങ്ങാന്‍ ഭയമാണ്. തിരിച്ചറിയാതിരിക്കാന്‍ മാസ്‌കിട്ടും തൊപ്പിവെച്ചുമൊക്കെയാണ് ടൗണിലിറങ്ങുന്നതു പോലും. ചെയ്തത് നല്ല കാര്യമാണെങ്കിലും അതിന്റെ പേരില്‍ കിട്ടുന്നത് ഭീഷണികളും വെറുപ്പുമാണ്. ഭയമാണ് എനിക്കും കുടുംബത്തിനും.''

ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പോസിറ്റീവ് വീഡിയോയുടെ പേരില്‍ താന്‍ അനുഭവിക്കുന്നത് എന്തെന്ന് പറയുകയാണ്, 17 വയസ്സുകാരനായ അലി ആദില്‍. മറ്റെവിടെ ആയാലും ഇത്രയും സംഭവിച്ചാല്‍, വലിയ താരമാകേണ്ടതാണ്. നാട്ടുകാര്‍ക്കും പരിചയക്കാര്‍ക്കുമെല്ലാം കണ്ണിലുണ്ണി ആവേണ്ടതാണ്. എന്നാല്‍, ഇവിടെ അതല്ല സംഭവിച്ചത്. 

അതിന് ഒരൊറ്റ കാരണമേയുള്ളൂ. അലി അത് പറയും. ''ഇത് ഇറാഖാണ്. ഇവിടെ ഒന്നും സാധാരണമല്ല. എല്ലാറ്റിനും വേറെ അര്‍ത്ഥമാണ്.''

YouTube video player

അലി ഇങ്ങനെ പറയുന്നത് സ്വന്തം അനുഭവത്തില്‍നിന്നാണ്. അതൊന്ന് അറിഞ്ഞാല്‍ നിങ്ങള്‍ക്കുമത് മനസ്സിലാവും. 

ആദ്യം അലിയെക്കുറിച്ച് പറയാം. 17 വയസ്സാണ് അലിക്ക്. 11ാം ഗ്രേഡ് വിദ്യാര്‍ത്ഥി. പിതാവ് അബ്ദുല്‍ ഹുവൈദി അസീസ് ഇറാഖിലെ അമേരിക്കന്‍ സൈന്യത്തിന്റെ വിവര്‍ത്തകനായിരുന്നു. മാതാവ് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍. രണ്ട് സഹോദരങ്ങള്‍ കൂടെയുണ്ട് അവന്. അമേരിക്കയാണ് അവന്റെ സ്വപ്‌നഭൂമി. കാലിഫോര്‍ണിയയില്‍ മെഡിസിന്‍ പഠിക്കണം എന്നാണ് അവന്റെ ജീവിതാഭിലാഷം. 

ആ പ്രായത്തിലുള്ള മറ്റെല്ലാവരെയും പോലെ, സോഷ്യല്‍ മീഡിയയാണ് അവന്റെ ജീവനാഡി. നാലു വര്‍ഷമായി ടിക്‌ടോക്കറാണ് അവന്‍. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിലും സജീവം. വ്‌ളോഗര്‍ എന്ന നിലയ്ക്കാണ് അവന്‍ സ്വയം കാണുന്നത്. വീടിന്റെ ടെറസില്‍, അവനൊരു ട്രൈപോഡ് ഒരുക്കിവെച്ചിട്ടുണ്ട്, വീഡിയോ ഷൂട്ട് ചെയ്യാന്‍ മാത്രം. 

അങ്ങനെയിരിക്കെയാണ് അവനാ വൈറല്‍ വീഡിയോ ചെയ്തത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോടുള്ള അഭ്യര്‍ത്ഥന ആയിരുന്നു ആ വീഡിയോ. വിഷയം, കൊടും ചൂടും പവര്‍ കട്ടും മറ്റു പ്രശ്‌നങ്ങളും. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് എന്ന് പറയുമ്പോഴും ഇറാഖിന്റെ തന്നെ പ്രശ്‌നങ്ങളാണ് അവന്‍ പറയുന്നത്.

'അസ്സലാമു അലൈക്കും, ബൈഡന്‍. സുഖം തന്നെയാണോ?'' ഇങ്ങനെയാണ് അറബിച്ചുവയുള്ള ഇംഗ്ലീഷില്‍ ആ വീഡിയോ തുടങ്ങുന്നത്. 

''ബൈഡന്‍, താങ്കളെന്നെ സഹായിക്കണം. ഇല്ലെങ്കില്‍, ഞാനീ ടെറസില്‍നിന്നും താഴെച്ചാടും. തമാശ പറയുകയല്ല, ശരിക്കും ചാടും. ''-വീഡിയോയില്‍ അലി പറയുന്നു. എന്നാല്‍, ഈയടുത്ത് ന്യൂയോര്‍ക്ക് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ അലി പറയുന്നത് മറ്റൊന്നാണ്. ''അങ്ങനെ പറഞ്ഞുന്നേയുള്ളൂ. താഴെ ചാടുകയൊന്നുമില്ല. എനിക്ക് പേടിയാ...''

പിന്നീട് അലി തന്റെ പ്രശ്‌നങ്ങള്‍ പറയുകയാണ്. ഇറാഖിന്റെ കൂടി പ്രശ്‌നങ്ങളാണ് അവ. 

''ബൈഡന്‍, ആശുപത്രിയില്‍ തീപ്പിടിത്തമാണ്. ഇറാഖില്‍ തീപോലുള്ള ചൂടാണ്. ''-120 ഡിഗ്രി ചൂടും പവര്‍ കട്ടും കാരണം ഇറാഖിലെ ആശുപത്രിയിലെ കൊവിഡ് ഐസോലേഷന്‍ വാര്‍ഡിലുണ്ടായ തീപ്പിടിത്തത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട സംഭവം പരാമര്‍ശിച്ച് അവന്‍ പറഞ്ഞു. 

പശ്ചാത്തലത്തില്‍, വെടിയൊച്ചകള്‍ കേള്‍ക്കെ അവന്‍ പറഞ്ഞു, അതൊന്നും വലിയ കാര്യമില്ല. സാധാരണയാണ്.''

തീപോലുള്ള ചൂടും പവര്‍ കട്ടും മാത്രമല്ല, ഇറാഖ് നേരിടുന്ന മറ്റനേകം പ്രശ്‌നങ്ങളും ബൈഡന്റെ ശ്രദ്ധയില്‍ പെടുത്തുന്ന വിധത്തിലായിരുന്നു അലിയുടെ വീഡിയോ. ജുലൈ 15-ന് പോസ്റ്റ് ചെയ്ത വീഡിയോ അതിവേഗം വൈറലായി. അലിയുടെ ഇന്‍സ്റ്റഗ്രാം പേജിന്റെ ലൈറ്റുകള്‍ ഒറ്റയടിക്ക് 42 ലക്ഷമായി വര്‍ദ്ധിച്ചു. ടിക്‌ടോക് ഫോളോവേഴ്‌സിന്റെ എണ്ണം അഞ്ച് ലക്ഷത്തിലേറെയായി.

വീഡിയോ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതോടെ, അമേരിക്കയുടെ പ്രതികരണം വന്നു. അമേരിക്കന്‍ വിദേശകാര്യ അസി. സെക്രട്ടറി ജോയ് ഹുഡ് അലിയ്ക്ക് പ്രതികരണമായി ഒരു വീഡിയോ പോസ്റ്റ് ചെയ്തു. 

''അരുത് അലി, ചാടരുത്. അമേരിക്ക നിങ്ങളെയെല്ലാവെരയും സ്‌നേഹിക്കുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവും. ഞാന്‍ ഇറാഖി പ്രധാനമന്ത്രി മുസ്തഫാ അല്‍ ഖാദിമിയോട് സംസാരിച്ചു. അദ്ദേഹം ഇടപെടും.''-എന്നായിരുന്നു 10 മിനിറ്റുള്ള വീഡിയോയില്‍ വിദേശകാര്യ അസി. സെക്രട്ടറി പറഞ്ഞത്. ഇതിനു പിന്നാലെ ഇറാഖി പ്രധാനമന്ത്രി അലിയെ ചര്‍ച്ചയ്ക്കായി വിളിപ്പിച്ചു. 

''നല്ല നിലയ്ക്കായിരുന്നു ചര്‍ച്ച. ഇനിയും വീഡിയോകള്‍ ചെയ്യണമെന്നും സര്‍ക്കാറിനെ വിമര്‍ശിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഞാനുന്നയിച്ച പവര്‍കട്ട് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കഴിയാവുന്ന പരിഹാരം കാണാമെന്നും അദ്ദേഹം പറഞ്ഞു. ''

തുടര്‍ന്ന്, പ്രധാനമന്ത്രി കാര്യാലയം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോ പുറത്തുവിട്ടു. ബാഗ്ദാദിനടുത്തുള്ള പട്ടണത്തില്‍ ഐസിസ് ഭീകരവാദികള്‍ നിരവധി പേരെ വധിച്ചതിനു പിന്നലെയായിരുന്നു ഈ ഫോട്ടോ പുറത്തുവന്നത്. സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയാണ് ഐസിസിന്റെ കൂട്ടക്കൊലകള്‍ വളര്‍ത്തുന്നതെന്ന ആരോപണത്തിനൊപ്പം, ചിലര്‍ അലിയുടെ വീഡിയോയെയും ഉപയോഗിച്ചു. ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ വീഡിയോകള്‍ക്ക് മറുപടി പറയാന്‍ നടക്കുകയാണെന്നും വിമര്‍ശനമുയര്‍ന്നു. അലിക്ക് പ്രധാനമന്ത്രി പണം നല്‍കിയെന്നും ഇനി സര്‍ക്കാര്‍ വിരുദ്ധ വീഡിയോകള്‍ ചെയ്യരുതെന്ന് ഉപദേശിച്ചുവെന്നും കഥകള്‍ വ്യാപകമായി പ്രചരിച്ചു. 

അതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. സര്‍ക്കാറിനും പ്രധാനമന്ത്രിക്കും എതിരെയുള്ള ജനവികാരം അലിയ്ക്കും എതിരായി. അലിയുടെ വീഡിയോയിലുള്ള 20000 കമന്റുകളില്‍ പകുതിയും തെറിവിളികളും ഭീഷണികളുമായി മാറി. 

''അതോടെ, എനിക്ക് പുറത്തിറങ്ങാന്‍ പറ്റതായി. സമീപവാസികള്‍ ചിലരൊക്കെ ശത്രുവിനെ പോലാണ് കാണുന്നത്. വീട് മാറുക എന്നതല്ലാതെ മറ്റു വഴി ഇല്ലാതായി.''-അലി പറയുന്നു.

അമേരിക്കയ്ക്കു വേണ്ടി വിവര്‍ത്തകനായി പ്രവര്‍ത്തിച്ച അലിയുടെ പിതാവ് എങ്ങനെയെങ്കിലും നാടുവിടണമെന്ന ആഗ്രഹക്കാരനാണ്. അമേരിക്കയിലേക്ക് രക്ഷപ്പെടാനുള്ള വഴികള്‍ തിരയുകയാണ് ആ മനുഷ്യനിപ്പോള്‍.