Asianet News MalayalamAsianet News Malayalam

മതവിശ്വാസികളുടെയും പുരോഹിതരുടെയും സംഘത്തെ നയിക്കാൻ ഒരു നിരീശ്വരവാദി, ചരിത്രം ഈ നിയമനം!

2005 മുതൽ ഹാർവാഡിന്റെ ഹ്യുമാനിസ്റ്റ് ചാപ്ലിനാണ് ഗ്രെഗ്. കൂടാതെ, 'ഗുഡ് വിത്തൗട്ട് ഗോഡ്: വാട്ട് എ ബില്യൺ നോൺ റിലീജിയസ് പീപ്പിൾ ഡു ബിലീവ്' എന്ന പ്രശസ്ത പുസ്തകത്തിന്റെ രചയിതാവും കൂടിയാണ് അദ്ദേഹം. മ

an atheist selected as university chaplains organizations new president
Author
Harvard, First Published Aug 28, 2021, 3:09 PM IST

ഏകദേശം 400 വർഷം മുമ്പ് പ്രൊട്ടസ്റ്റന്റുകാർ സ്ഥാപിച്ച അമേരിക്കയിലെ പ്രശസ്തമായ യൂണിവേഴ്സിറ്റിയാണ് ഹാർവാർഡ്. യൂണിവേഴ്സിറ്റിയുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു കൂട്ടായ്മയാണ് ഹാർവാർഡ് ചാപ്ലെയിൻസ്. ലോകത്തിലെ വിവിധ മതങ്ങളെ പ്രതിനിധീകരിക്കുന്ന മുപ്പതിലധികം പുരോഹിതന്മാരുടെ ഒരു സംഘടനയാണ് അത്. എന്നാൽ, ഇനി ആ മതസംഘടനയെ നയിക്കാൻ പോകുന്നത് ഒരു നിരീശ്വരവാദിയായിരിക്കും. ഹാർവാർഡ് ചാപ്ലെയിൻസിന്റെ ഏറ്റവും പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ചാപ്ലിൻ ഗ്രെഗ് എപ്സ്റ്റീൻ എന്ന അവിശ്വാസിയാണ്. താൻ ദൈവത്തെയല്ല, മനുഷ്യരെയാണ് ആശ്രയിക്കുന്നതെന്നാണ് അവിശ്വാസിയായതിനെ കുറിച്ച് അദ്ദേഹത്തിന്റെ വിശദീകരണം. 

20 -ഓളം വ്യത്യസ്ത വിശ്വാസങ്ങളിൽ നിന്നും, ആത്മീയ പാരമ്പര്യങ്ങളിൽ നിന്നുമുള്ള 40 -ലധികം ചാപ്ലിൻമാരാണ് ആ 44 -കാരനെ സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ക്രിസ്തുമതം, ജൂതമതം, ഹിന്ദുമതം, ബുദ്ധമതം എന്നിവയുൾപ്പെടെ ഇരുപതോളം വ്യത്യസ്ത മതങ്ങളെയും വിശ്വാസങ്ങളെയും പ്രതിനിധീകരിക്കുന്ന ഈ ഗ്രൂപ്പിനെ ഇനി അദ്ദേഹം നയിക്കും. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു നിരീശ്വരവാദി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. "തീർത്തും യാഥാസ്ഥിതികമായ ഈ സ്ഥാപനത്തിൽ ഗ്രെഗിനെ പോലൊരാളെ അത്തരമൊരു സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തത് പ്രശ്നങ്ങൾ ഉണ്ടാക്കാമെങ്കിലും, ആ തീരുമാനം ഏകകണ്ഠമായിരുന്നു" ഹാർവാർഡിലെ ക്രിസ്ത്യൻ സയൻസ് ചാപ്ലെയിൻ മാർഗിറ്റ് ഹാമർസ്ട്രോം പറഞ്ഞു. "ഞാൻ കടപ്പെട്ടിരിക്കുന്നു, ഞാൻ കൃതാർത്ഥനാണ്" അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

2005 മുതൽ ഹാർവാഡിന്റെ ഹ്യുമാനിസ്റ്റ് ചാപ്ലിനാണ് ഗ്രെഗ്. കൂടാതെ, 'ഗുഡ് വിത്തൗട്ട് ഗോഡ്: വാട്ട് എ ബില്യൺ നോൺ റിലീജിയസ് പീപ്പിൾ ഡു  ബിലീവ്' എന്ന പ്രശസ്ത പുസ്തകത്തിന്റെ രചയിതാവും കൂടിയാണ് അദ്ദേഹം. മതപരമായ കെട്ടുപാടുകൾ ഇല്ലാതെ, ആത്മീയ പാതയിൽ സഞ്ചരിക്കാൻ താല്പര്യം കാണിക്കുന്നവരാണ് യുണൈറ്റഡ് സ്റ്റേറ്റ്സിലെ യുവാക്കൾ. മതമില്ലാതെ ആത്മീയത മാത്രം വച്ച് പുലർത്തുന്ന അവർക്ക് വേണ്ടിയാണ് ഈ നിയമനം എന്നാണ് പറയുന്നത്. "ഒരു മതത്തിനെയും പിന്തുടരാതെ, ഒരു നല്ല മനുഷ്യനായി ജീവിക്കുക എന്നത് മാത്രമാണ് വേണ്ടതെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട് ഇവിടെ" ഗ്രെഗ് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.

2019 -ലെ പ്യൂ റിസർച്ച് സെന്റർ നടത്തിയ പഠനത്തിൽ അമേരിക്ക പ്രധാനമായും ക്രിസ്ത്യൻ രാജ്യമായി തന്നെ തുടരുന്നു എന്ന് കണ്ടെത്തിയിരുന്നു. അതിൽ 43 ശതമാനം പ്രൊട്ടസ്റ്റന്റുകാരും 20 ശതമാനം കത്തോലിക്കരുമാണ് ഉള്ളത്.  യുവാക്കളിൽ 32.4% നിരീശ്വരവാദിയോ അജ്ഞേയവാദിയോ ആണെന്ന് 2017 -ൽ കണ്ടെത്തിയിരുന്നു. 2019 ആയപ്പോഴേക്കും, നിരീശ്വരവാദിയോ അവിശ്വാസിയോ ആയി മാറിയവരുടെ എണ്ണം 37.9% ആയി വർദ്ധിച്ചു. പ്രൊട്ടസ്റ്റന്റ് പുരോഹിതരെ പരിശീലിപ്പിക്കാൻ 1636 -ൽ സ്ഥാപിതമായ ഹാർവാർഡ്, അമേരിക്കയിലെ ഏറ്റവും പഴയ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്.

Follow Us:
Download App:
  • android
  • ios