Asianet News Malayalam

സത്യേട്ടന് ഓര്‍മ്മയുണ്ടാവുമോ ആ കത്ത്?

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും എം മോഹനനും കടന്നുവരുന്ന ഒരു ഒരു സിനിമാക്കഥ. ഒരു സിനിമാ മോഹിയുടെ ഓര്‍മ്മകള്‍.

An old letter to Sathyan anthikkad by Smith Anthikkad
Author
Thiruvananthapuram, First Published Jul 3, 2021, 7:15 PM IST
  • Facebook
  • Twitter
  • Whatsapp

അതിനിടയിലാവും അച്ഛന്‍ സത്യേട്ടന്റെ വിശേഷങ്ങള്‍ പറയുന്നത്. പുതിയ സിനിമകള്‍. മമ്മുട്ടിയുടെയും മോഹന്‍ലാലിന്റേയും യേശുദാസിന്റെയും ഒപ്പമുള്ള ഫോട്ടോകള്‍ മോഹനാമ്മന്‍ കാണിച്ചു കൊടുത്തത് ഒക്കെ പറയുന്നത്. കൂടെ അച്ഛന്റെ ഏറ്റവും വലിയ ഒരു മോഹവും. ഇനീം ഗള്‍ഫില്‍ പോയി കാശുണ്ടാക്കി ഒരു പടം പിടിക്കണം. അതിന്റെ സംവിധാനം സത്യന്‍ ആകണം. അച്ഛന്റെ സ്വപ്നങ്ങള്‍ ചില നേരങ്ങളില്‍ അപ്പുറത്തിരുന്നു പഠിക്കുന്ന എനിക്കും ചിറകകള്‍ നല്‍കി. കൂടെ സത്യേട്ടന്‍ എങ്ങിനെ അന്തിക്കാട് നിന്നും സിനിമയില്‍ എത്തിപ്പെട്ടു എന്നതിന്റെ വിവരണങ്ങളും. സത്യേട്ടന് അതൊക്കെ പറയുന്നതിനും എഴുതുന്നതിനു മുന്‍പേ എനിക്ക് മനപാഠമായിരുന്നു, അതൊക്കെയും.

 

Image Source: Sathyan Anthikkad FB Page 

 

80 കളുടെ അവസാനത്തിലോ 90 കളുടെ ആരംഭത്തിലോ ആണ് കഥയുടെ ആരംഭം. സിനിമകള്‍ക്ക്പിറകില്‍ നമ്മളറിയാതെ ഒരുപാട് പേരുടെ കഠിനപ്രയത്‌നം കൂടിയുണ്ട് എന്നറിഞ്ഞു തുടങ്ങിയ നാളുകള്‍. 

സിനിമകഥകള്‍ വാരികകളില്‍ വരുന്നതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കാനും മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു.അച്ഛന്‍ വീട്ടില്‍ വന്നു പറയുന്ന സിനിമയുടെ പിന്നണി കഥകള്‍. അച്ഛന്‍ പറയുന്ന കഥകള്‍ ഒക്കെയും അച്ഛന്റെ കൂട്ടുകാരന്റെ അനിയനെ കുറിച്ചായിരുന്നു. നാട്ടുകാരന്‍ കൂടിയായ സത്യന്‍ അന്തിക്കാട് ആയിരുന്നു ആ സിനിമാക്കാരന്‍. 

എന്നെ ഒന്നില്‍ ചേര്‍ക്കുമ്പോഴേ അച്ഛന്‍ ഗള്‍ഫില്‍ ആയിരുന്നു. employ in persia എന്നോ മറ്റോ ആണ് എന്റെ എസ് എസ് എല്‍ സി ബുക്കില്‍ അച്ഛന്റെ ജോലിയുടെ കോളത്തില്‍ എഴുതിയിരിക്കുന്നത്. നാട്ടില്‍ ആദ്യം ടേപ്പ് റെക്കോര്‍ഡര്‍ കൊണ്ട് വന്നത് അച്ഛനായിരുന്നു. 75 -കളില്‍ ആയിരിക്കണം. അതു കാണാന്‍ വരുന്ന നാട്ടുകാര്ക്കും അയല്‍ക്കാര്‍ക്കും മുന്‍പില്‍ അവരുടെ സംസാരം റെക്കോര്‍ഡ് ചെയ്ത് അവരെ വിസ്മയിപ്പിക്കലും കസെറ്റ് ഇട്ടു പാട്ടു കേള്‍പ്പിക്കലും നടത്താനുള്ള ചുമതല എനിക്കായിരുന്നു.

ഞാന്‍ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്, പിന്നെ അച്ഛന്‍ അബുദാബിയിലെ ജോലി നഷ്ടമായി നാട്ടില്‍ തിരിച്ചെത്തിയത്. ഞങ്ങള്‍ അപ്പോഴേക്കും അമ്മയുടെ മാമന്റെ വീടും സ്ഥലവും വാങ്ങി അങ്ങോട്ട് താമസം മാറിയിരുന്നു. ഞങ്ങള്‍ നാലുപേരും പഠിക്കുന്ന കാലം.

അന്നൊക്കെ ഗള്‍ഫില്‍ നിന്ന് ജോലി പോയി വന്നാലും അവര്‍ പഴയ ഓരോര്‍മയില്‍ തന്നെ നാട്ടിലും നടക്കും. അടുത്ത് തന്നെ വരുന്ന മറ്റൊരു വിസയെക്കുറിച്ചു മാത്രമേ അവര്‍ എപ്പോഴും പറയുകയുള്ളൂ.  പിന്നെ വിട്ടുപോന്ന നാടിന്റെ ഗുണങ്ങളും അവിടെത്തെ വീര സാഹസിക ജീവിതവും. മോശം പറയരുതല്ലോ അന്ന് നാട്ടില്‍ തീരെ മോശമില്ലാത്ത തരത്തില്‍ അവര്‍ക്ക് കേള്‍വിക്കാരും ഉണ്ടായിരുന്നു.

അച്ഛനാണെങ്കില്‍ സിനിമ ഹരമായിരുന്നു. വൈകീട്ട് മോഹനാമ്മനെ കണ്ട് സത്യേട്ടന് വന്ന ഏതെലുമൊക്ക സിനിമാ വാരികയുടെ പഴയ ലക്കങ്ങളും എടുത്ത് അച്ഛന്‍ വീട്ടിലെത്തും. അന്ന് ഇപ്പോഴത്തെ പോലെ വീട്ടുകാര്‍ സന്ധ്യ ആവുമ്പോഴേ മൊബൈലും കൊണ്ട്  വീടുകളുടെ ഓരോരോ മൂലകളില്‍ സ്ഥാനം പിടിക്കാറില്ലായിരുന്നു.

ഞങ്ങള്‍ ഊണ് കഴിക്കാന്‍ അമ്മ വിളിക്കുന്നത് വരെ പഠിക്കുകയും ശേഷം എല്ലാവരും കൂടി ഇറയത്ത് ഉറക്കം വരുന്നത് വരെ വിശേഷങ്ങള്‍ പറഞ്ഞിരിക്കുകയും ചെയ്യും.

അതിനിടയിലാവും അച്ഛന്‍ സത്യേട്ടന്റെ വിശേഷങ്ങള്‍ പറയുന്നത്. പുതിയ സിനിമകള്‍. മമ്മുട്ടിയുടെയും മോഹന്‍ലാലിന്റേയും യേശുദാസിന്റെയും ഒപ്പമുള്ള ഫോട്ടോകള്‍ മോഹനാമ്മന്‍ കാണിച്ചു കൊടുത്തത് ഒക്കെ പറയുന്നത്. കൂടെ അച്ഛന്റെ ഏറ്റവും വലിയ ഒരു മോഹവും. ഇനീം ഗള്‍ഫില്‍ പോയി കാശുണ്ടാക്കി ഒരു പടം പിടിക്കണം. 

അതിന്റെ സംവിധാനം സത്യന്‍ ആകണം. അച്ഛന്റെ സ്വപ്നങ്ങള്‍ ചില നേരങ്ങളില്‍ അപ്പുറത്തിരുന്നു പഠിക്കുന്ന എനിക്കും ചിറകകള്‍ നല്‍കി. കൂടെ സത്യേട്ടന്‍ എങ്ങിനെ അന്തിക്കാട് നിന്നും സിനിമയില്‍ എത്തിപ്പെട്ടു എന്നതിന്റെ വിവരണങ്ങളും. സത്യേട്ടന് അതൊക്കെ പറയുന്നതിനും എഴുതുന്നതിനു മുന്‍പേ എനിക്ക് മനപാഠമായിരുന്നു, അതൊക്കെയും.

കുറെ സാമ്യങ്ങള്‍ ഞങ്ങള്‍ക്ക് ഉള്ളതായി എനിക്ക് തോന്നി. മാതൃഭൂമിയിലെ ബാലപംക്തിയില്‍ ഞാനും കഥകള്‍ എഴുതി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയിരുന്നു. ശ്രീകൃഷ്ണ വായനശാലയില്‍ ഞാനും പോയി തുടങ്ങിയിരുന്നു. പോരാത്തതിന് അതിന്റെ ലൈബ്രേറിയനും കൂടിയാണ് ഞാന്‍. ഞാനും സിനിമാ സ്വപ്നം കാണാന്‍ തുടങ്ങിയിരുന്നു

വഴികള്‍ ഒരുപാട് ആലോചിച്ചു നോക്കി. ഗുരു സത്യേട്ടന്‍ തന്നെ. അതില്‍ സംശയം ഒന്നുമില്ല. സത്യേട്ടനോട് എങ്ങിനെ അവതരിപ്പിക്കും എന്നതിലാണ് ആശയക്കുഴപ്പം. ഏറ്റവും എളുപ്പം അച്ഛന്‍ ആണ്. മോഹനാമ്മാന്‍ വഴിയോ സത്യേട്ടനോട് നേരിട്ട് തന്നെയോ പറയാം.

സൗഹൃദവും നാട്ടുകാരെന്ന അടുപ്പവും തുണയാകും. പക്ഷെ അതില്‍ മറ്റൊരു അപകടവും കൂടിയുണ്ട്. സത്യേട്ടന് എന്തേലും അസൗകര്യമുണ്ടേല്‍ അത് പറയാന്‍ വിഷമം തോന്നാം. അപ്പോള്‍ പിന്നെ മറുപടി പറയാതെ ഒഴിഞ്ഞു മാറലാണ് ഒരു വഴി. .അത് അവരുടെ സൗഹൃദം തന്നെ ഇല്ലാതാക്കാനും വഴിയുണ്ട്. അപ്പോള്‍ അത് വേണ്ട.

പിന്നെ നിമ്മിയേച്ചയോട് അമ്മ വഴി പറയാം. അതിനും ഉണ്ട് വിഷമങ്ങള്‍ ഏറെ. അതിനേക്കാളൊക്കെ ഞാന്‍ സംവിധാനം പഠിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വീട്ടില്‍ പറയേണ്ടി വരും. 'നീയോ' എന്ന് ഒരു ചിരിയോടെ വീട്ടില്‍ അത് തള്ളിപോയാല്‍ പിന്നെ എന്റെ കാര്യം കട്ടപ്പൊകയാകും. എല്ലാംകൂടി ആലോചിച്ചപ്പോള്‍ ഒരു വഴിയേ മനസ്സില്‍ തോന്നിയുള്ളൂ പിന്നെ-സത്യേട്ടന്‍, സാക്ഷാല്‍ സത്യന്‍ അന്തിക്കാട് കാണിച്ചു തന്ന വഴി. ഒരിന്‍ലന്റില്‍ കാര്യം കഴിയും. വേറെ ഒരു കുഞ്ഞുപോലും ഒന്നും അറിയില്ല. എനിക്ക് പിന്നെയും പാന്തോട് നിന്ന് അഭിമാനപ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ തന്നെ വീട്ടിലേയ്ക്ക് നടന്നെത്താം. എന്തായെടാ നിന്റെ കാര്യമെന്ന് ഒരാളും ചോദിക്കാനും വരില്ല.

കാഞ്ഞാണിയില്‍ നിന്ന് തന്നെ ഇന്‍ലന്റ് വാങ്ങി. അതിലെന്റെ ആവശ്യം എങ്ങനെയൊക്കെയോ എഴുതി നിറച്ചു. ഇനി ഇതിനു മറുപടി നോ എന്നാണെങ്കിലും അത് തമ്മില്‍ കാണുമ്പോഴുള്ള അവരുടെ സൗഹൃദചിരിയെ ബാധിക്കരുതെന്ന് എന്‍ബി എന്ന് അടിയിലും എഴുതിവെച്ചു. അഡ്രസ് അറിയാവുന്നത് ആയിരുന്നതിനാല്‍ എളുപ്പമായി. ഫ്രം വെച്ചില്ല. പോസ്റ്റുമാന്‍ കാണും. വീട്ടില്‍ കൊണ്ട് കൊടുക്കുമ്പോള്‍ സത്യേട്ടന്‍ ഇല്ലെങ്കില്‍ നിമ്മിയേച്ചി കാണും. ഫ്രം ഇല്ലെങ്കില്‍ സത്യേട്ടന്  ദിവസവും വരുന്ന കത്തുകളില്‍ ഒന്ന്. ആരും ഒന്നുമറിയുന്നില്ല. കത്ത് കാഞ്ഞാണിയില്‍ നിന്ന് തന്നെ പോസ്റ്റ് ചെയ്തു.

അന്തിക്കാട്ടെ പോസ്റ്റുമാന്‍ അറിയുന്ന ആളാണ്. അത് തന്നെയുമല്ല മുന്‍പ് ഒരു പുതുവര്‍ഷത്തിനു നാട്ടില്‍ ഞങ്ങളുടെ ഡെവിള്‍സ് അമ്പലക്കാട് എന്ന ക്ലബിനു വേണ്ടി വീടിന് അടുത്തുള്ള വീട്ടുകാര്‍ക്ക് മുഴുവന്‍ പോസ്റ്റ് കാര്‍ഡില്‍ ആശംസാ കാര്‍ഡ് വരച്ചു അയച്ചിരുന്നു. അവിടത്തെ വൈശാഖി ക്ലബില്‍ ഞങ്ങളെ ചേര്‍ത്തിരുന്നില്ല. പകരം ഞങ്ങള്‍ ഡെവിള്‍സ് അമ്പലക്കാട് എന്ന പേരില്‍ വേറൊരു ക്ലബ് തുടങ്ങി. വൈശാഖി ചെയ്യുന്നതിനും അപ്പുറം പുതിയ കാര്യങ്ങള്‍, പുതിയ രീതികള്‍ ചെയ്യുക. അവരെ എങ്ങിനെയെങ്കിലും മറികടക്കുക എന്നതൊക്കെയായിരുന്നു അന്നത്തെ ചിന്തകള്‍.അങ്ങിനെ ഒരാലോചനയില്‍ നിന്നാണ് എല്ലാ വീട്ടിലേക്കും പുതുവത്സര കാര്‍ഡ് പോസ്റ്റ് കാര്‍ഡില്‍ വരച്ചു അയക്കാമെന്ന ഐഡിയ വന്നത്. അവര്‍ അറിഞ്ഞാല്‍ ഇത് പോലെ അവരും ചെയ്താലോ എന്നൊരു ഭീഷണി ഉണ്ടായിരുന്നു.

അത് പൊളിക്കാനായിരുന്നു ഇങ്ങിനെ ഒരു വഴി നോക്കിയത്. പൊളിച്ചത് പക്ഷെ പോസ്റ്റ് മാന്‍ ചേട്ടനായിരുന്നു. പുള്ളിക്ക് ഇതൊക്കെ നേരിട്ടാ വീടുകളില്‍ കൊടുത്താല്‍ മതിയായിരുന്നില്ലേ.  എന്നെ ഇങ്ങിനെ നടത്തിക്കാതെ എന്ന് അമ്മയോട് തന്നെ ചെന്ന് ചോദിച്ചു. മൂപ്പര്‍ തന്നെ അതൊക്കെ കൊടുത്തു തീര്‍ത്തെങ്കിലും. 

അത് കൊണ്ട് കാഞ്ഞാണി തന്നെയാണ് സേഫ്. രണ്ടുമൂന്നു ദിവസമാണ് കണക്ക്. ആനിയും നസീമും ഒക്കെ അയക്കുന്ന കത്തുകള്‍ അതിനുള്ളില്‍ കിട്ടാറുണ്ട്.

രണ്ടുമൂന്നു ദിവസം കഴിഞ്ഞു. 


ഒരാഴ്ചകഴിഞ്ഞു. 


അതിലും അധികമായി.

കത്ത് കിട്ടിയതിന്റെ സൂചനകള്‍ ഒന്നുമില്ല. സത്യേട്ടനോ നിമ്മി ചേച്ചിയോ അതിനെ കുറിച്ചൊന്നും പറഞ്ഞില്ല. വീട്ടിലും അച്ഛനോ മറ്റോ അറിഞ്ഞതായ ഒരു ലക്ഷണവും ഇല്ല.

ഇനി കിട്ടാതെ ആണോ?

ഞാന്‍ ഫിലിം ഡയറക്ടര്‍ എന്ന് വെച്ചിരുന്നില്ല. അതുകൊണ്ടു പോസ്റ്റ്മാന്‍ വേറെ ആര്‍ക്കെങ്കിലും കൊണ്ട് കൊടുത്തോ. 

അതോ ഇവന്‍ വേണ്ടെന്ന് സത്യേട്ടന്‍ തീരുമാനിച്ചോ? ഒരു അറിവുമില്ല.

പാന്തോടു ബസ്സിറങ്ങി കിഴക്കോട്ട് നടക്കാന്‍ എനിക്ക് മടിയായി. സത്യേട്ടന്റെ വീടിനു മുന്‍പില്‍ വെച്ചു സത്യേട്ടനോ മറ്റോ എന്തേലും ചോദിച്ചാലോ.

ഞാന്‍ ശ്രീശങ്കരയുടെ അവിടെ നിന്നും പഴയ വഴിയിലൂടെ അമ്പലക്കാട് വഴി പിന്നെയും വരാന്‍ തുടങ്ങി. ഒഴിവാക്കാന്‍ ആവാതെ ഈ വഴി വരുമ്പോള്‍ സത്യേട്ടന്റെ പടിക്കല്‍ എത്തും മുന്‍പേ അവിടെ ആരുമില്ലെന്ന് ആദ്യമേ നോക്കി ഉറപ്പിക്കും. ആരെങ്കിലുമുണ്ടെങ്കില്‍ വേറെ എന്തോ  ഗൗരവമായ ആലോചനകളില്‍ ആണ് ഞാനെന്ന ഭാവത്തില്‍ വേഗം നടക്കും.

പിന്നെ പിന്നെ എനിക്ക് ഉറപ്പായി. അത് കിട്ടിയിട്ടുണ്ടാകില്ല. അല്ലെങ്കില്‍ എന്തേലും ഒരു സൂചന എനിക്ക് കിട്ടിയേനെ. മെല്ലെ ഞാനും അത് മറന്നു.

ഒരു ദിവസം വൈകീട്ട് എപ്പോഴോ അമ്മയും ഞാനും വര്‍ത്താനം പറഞ്ഞിരിക്കുന്നതിനിടയില്‍, അമ്മ പറഞ്ഞ ഒരു വരി ഞാന്‍ എവിടെയോ കേട്ടപോലെ ഒരു തോന്നല്‍. അമ്മയുടെ മുഖത്തേക്ക്  ഒന്ന് പാളി നോക്കിയപ്പോള്‍ ഒരു കള്ള ചിരിയുടെ അലകളും. സംഭവം ചീറ്റിയെന്നു അപ്പോഴേ കത്തി. അമ്മ തന്നെ കാര്യങ്ങള്‍ വിശദമാക്കി. 

നിമ്മിയേച്ചിയാണ് അമ്മയോട് പറഞ്ഞത്.

കത്ത് കൃത്യായിട്ട്  സത്യേട്ടന് തന്നെ കിട്ടി. ആളെ മനസ്സിലായപ്പോള്‍ കത്തിന്റെ കാര്യം സത്യേട്ടന്‍ നിമ്മിയേച്ചിയോട് പറഞ്ഞു എല്ലാം കേട്ടപ്പോള്‍ നിമ്മിയേച്ചി തന്നെ എനിക്ക് വേണ്ടി ശുപാര്‍ശയായി.

എന്നിട്ടോ? 

എന്നിട്ടും ഒന്നും നടന്നില്ല. സത്യേട്ടന്റെ അടുത്ത പടം വന്നു. അത് ഹിറ്റായി. അദ്ദേഹം വീണ്ടും സിനിമ എടുത്തു. അതും തകര്‍പ്പന്‍ വിജയം. അങ്ങനെയങ്ങനെ. 

കുറേ കഴിഞ്ഞ്, ആരോ പറഞ്ഞാണ് ഞാനറിയുന്നത്, എന്നെ സഹസംവിധായകനാക്കാനൊക്കെ സത്യേട്ടനൊരു ആലോചന ഉണ്ടായിരുന്നു. എന്നാല്‍, ആ റോളിലേക്ക് മറ്റൊരാള്‍ ഒറ്റയടിക്ക് കയറി വന്നു. മറ്റാരമല്ല, നമ്മുടെ ശ്രീനിവാസന്റെ അളിയന്‍, ഇപ്പോഴത്തെ കിടിലന്‍ സംവിധായകന്‍ എം മോഹനന്‍. ഡിഗ്രിക്ക് പഠിക്കുകയായിരുന്നത്രെ പുള്ളി. മിടുക്കനായ അളിയനെ സഹസംവിധായകന്‍ ആക്കണമെന്ന് ശ്രീനിവാസന്‍ പറഞ്ഞപ്പോള്‍ അതിനു മുന്‍തൂക്കം കിട്ടിയതാണ് എന്നാണ് കേട്ടത്. (എല്ലാം കേട്ടുകേള്‍വിയാണ്, പാവം ശ്രീനിവാസന്‍ അറിഞ്ഞുപോലും കാണാന്‍ സാദ്ധ്യതയില്ല)

പണ്ട് കുറേ സങ്കടപ്പെട്ടെങ്കിലും അതുകേട്ട് ഞാനന്നേരം ചിരിച്ചു. 

മിടുക്കനായ എം മോഹനന്‍ സത്യേട്ടന്റെ 14 സിനിമകളിലാണ് അസിസ്റ്റന്റായത്. അതു കഴിഞ്ഞാണ്, 2007-ല്‍ കഥപറയുമ്പോള്‍ എന്ന കിടിലന്‍ സിനിമ എടുത്തത്. നാലു പടം പിന്നാലെ വന്നു. സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡും കിട്ടി. 

അന്നാ അവസരം മോഹനന് കിട്ടിയില്ലായിരുന്നെങ്കില്‍, പുള്ളീടെ ജീവിതം ഏത് വഴിക്കായേനെ! എന്റെ ജീവിതം ഏതേതു വഴിക്കായേനെ! 

എന്തായാലും, അന്തിക്കാടിന് മറ്റൊരു സംവിധായകനെ നഷ്ടമായി. എനിക്കാണേല്‍, ജീവിതമാകെ മാറ്റിമറിച്ച ഒരു പ്രവാസ ജീവിതം പകരമായി കിട്ടി. ഞാന്‍ അടിമുടി പ്രവാസിയായി. സത്യേട്ടന്റെ സിനിമകള്‍ക്കു മുന്നില്‍ ആവേശത്തോടെ കുത്തിയിരുന്നു. നിരന്തരം സിനിമ കണ്ടു. 

ഇതെഴുതുമ്പോഴാണ് ഒരു ദുഷിപ്പ് മനസ്സില്‍ വന്നത്. സത്യത്തില്‍, ഞാനെന്തു കൊണ്ടാണ് സംവിധായകന്‍ ആവാതെ പോയത്? 

ഒരുത്തരം വേണം. എന്നെയൊഴിച്ച് ആരെയും പ്രതിയാക്കാന്‍ കഴിയുന്ന ഒരുത്തരം!  

അങ്ങനെ ഉത്തരം കിട്ടി! സംശയമെന്ത്, ശ്രീനിവാസന്‍ തന്നെ. എന്റെ സിനിമാ ജീവിതത്തിലെ 'വില്ലന്‍!' 

അന്നേരം, സൈക്കിളില്‍നിന്നു വീണ ഒരു ചിരി മുഖത്തുവന്നു. ശ്രീനിവാസന്റെ അസംഖ്യം കഥാപാത്രങ്ങളുടെ അതേ ചിരി! 

Follow Us:
Download App:
  • android
  • ios