50 വര്‍ഷമാകുന്നു ആദ്യമായി മനുഷ്യര്‍ ചന്ദ്രനില്‍ കാലുകുത്തിയിട്ട്. അത് യു എസ്സില്‍ നിന്നുള്ളവരായിരുന്നു.  യു എസ്സിനെ സംബന്ധിച്ചു മാത്രമല്ല ലോകചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം തന്നെയാണ് അപ്പോളോ 11. എങ്ങനെയാണ് അമേരിക്കയില്‍ നിന്ന് തന്നെ ഒരാള്‍  ആദ്യമായി ചന്ദ്രനിലെത്തിയത്? 

വാശിയില്‍ നിന്ന് 
1957 -ലാണ് സോവിയറ്റ് യൂണിയന്‍ ആദ്യത്തെ സ്പുട്നിക് സാറ്റലൈറ്റ് അദ്ഭുതം ലോകത്തിന് സമ്മാനിക്കുന്നത്. 1961 -ല്‍ ജോണ്‍ എഫ് കെന്നഡിയാണ് അമേരിക്കയുടെ പ്രസിഡണ്ട്. അന്ന് അമേരിക്ക കരുതി ടെക്നോളജിയുടെ കാര്യത്തില്‍ തങ്ങളുടെ സ്ഥാനം സോവിയറ്റ് യൂണിയന് വളരെ പിറകിലായതു തന്നെയെന്ന്. ശീതസമരത്തില്‍ (cold war) അമേരിക്കയുടെ മുഖ്യ ശത്രുവായിരുന്നു സോവിയറ്റ് യൂണിയന്‍. ആ സമയത്താണ് കെന്നഡി ഒരു പ്രസ്താവന ഇറക്കുന്നത്, 'ഞങ്ങള്‍ ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നു.' ബഹിരാകാശത്തെ ചൊല്ലിയുള്ള മത്സരം അവിടുന്നും നീണ്ടു. 

യു എസ്സിന്‍റെ ദൗത്യം ഇങ്ങനെ
അപ്പോളോ പ്രോഗ്രാം എന്നറിയപ്പെടുന്ന ബഹിരാകാശ യാത്രക്കായി നാസ ഏറ്റവും വിപുലമായ ഒരുക്കങ്ങള്‍ തന്നെ നടത്തി. ആ യാത്ര വിജയകരമാകണമെന്നും ആ ചരിത്രനേട്ടം തങ്ങളുടേത് മാത്രമായിരിക്കണമെന്നും നിര്‍ബന്ധമായിരുന്നു അമേരിക്കയ്ക്ക്. അപ്പോളോ 11 ദൗത്യത്തിനായി മൂന്ന് ബഹിരാകാശ യാത്രികര്‍ തെരഞ്ഞെടുക്കപ്പെട്ടു. നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു ആ മൂന്നുപേര്‍. അപ്പോളോ 11 നെയും വഹിച്ചുകൊണ്ട് സറ്റേൺ V എന്ന റോക്കറ്റാണ് അന്ന് ഉയര്‍ന്നത്. ആൽഡ്രിനും ആംസ്ട്രോങ്ങും ചാന്ദ്രപേടകത്തിൽ കടന്നു. അതേസമയം കോളിൻസ് മാതൃപേടകമായ കൊളംബിയയെ നയിച്ചു. 

ഭൂമിയില്‍ നിന്നും പറന്നുയര്‍ന്ന് 110 മണിക്കൂറിന് ശേഷം ജൂലൈ 20 -ന് നീല്‍ ആംസ്ട്രോങ്ങ് ചന്ദ്രനില്‍ കാലുകുത്തി. അങ്ങനെ ചരിത്രത്തിലാദ്യമായി ചന്ദ്രനില്‍ ഒരു മനുഷ്യന്‍റെ കാല്‍പാദങ്ങള്‍ തൊട്ടു. 20 മിനിറ്റിനു ശേഷം അദ്ദേഹത്തിന് പിന്നാലെ ആല്‍ഡ്രിനും... അന്ന് ആംസ്ട്രോങ്ങ് പറഞ്ഞത് ലോകപ്രശസ്തമായ വാക്കുകളായി, ഒരു മനുഷ്യന് അതൊരു ചെറിയ അടിവയ്പാണ്; എന്നാൽ മനുഷ്യവംശത്തിന് ഒരു ബൃഹത്തായ കുതിച്ചുചാട്ടവും (That's one small step for a man;one giant leap for mankind).

ചാന്ദ്രപേടകത്തിന് പുറത്തായി രണ്ട് മണിക്കൂറിലധികം സമയം മാത്രമാണ് അവര്‍ക്ക് ചെലവഴിക്കാനായത്. ചന്ദ്രനിൽ നിന്ന് മണ്ണിന്റെയും പാറക്കല്ലുകളുടെയും സാമ്പിളുകൾ ശേഖരിച്ചു, ചിത്രങ്ങളെടുത്തു, ശാസ്ത്രപരമായ കണ്ടുപിടിത്തങ്ങള്‍ നടത്തി അവര്‍. ജൂലായ് 24 ഇന്ത്യൻ സമയം 22:20:35 -ന് പസിഫിക് സമുദ്രത്തിൽ തിരിച്ചിറങ്ങി. ലോകത്തിലാകെ 650 മില്ല്യണ്‍ ജനങ്ങള്‍ ആ വാര്‍ത്ത കണ്ടു. അമേരിക്കയെ സംബന്ധിച്ച് സ്വന്തം ശക്തി ലോകത്താകെയുള്ള ജനങ്ങളെ ഒന്നുകൂടി ബോധ്യപ്പെടുത്തി ഈ ദൗത്യം. 

സംഘർഷഭരിതമായ ഒരു ദശാബ്ദത്തിനൊടുവിൽ അത് അമേരിക്കയുടെ ആത്മാഭിമാനം ഏറെ ഉയർത്തി. കെന്നഡി വധിക്കപ്പെട്ട,  നഗരങ്ങളിലെല്ലാം കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ട, വിയറ്റ്നാമിലെ സൈനിക നടപടിയെച്ചൊല്ലി രാജ്യത്ത് അഭിപ്രായഭിന്നത ഉടലെടുത്ത  അസ്വസ്ഥമായ പത്തു വർഷങ്ങളായിരുന്നു അത്.

ശരിക്കും അവര്‍ ചന്ദ്രനില്‍ കാലുകുത്തിയോ? എന്താണ് തെളിവ്?
അമേരിക്കയില്‍ നിന്നും ബഹിരാകാശ യാത്രികര്‍ ചന്ദ്രനില്‍ കാലുകുത്തിയെന്ന് പറയുമ്പോഴും അത് സംഭവിച്ചിട്ടില്ലെന്നും വെറുതെ ലോകത്തെ പറ്റിക്കുകയായിരുന്നുവെന്നും വാദങ്ങളുണ്ടായിരുന്നു. 

എന്നാല്‍, 2009 -ല്‍ നാസ ചന്ദ്രനിലേക്ക് പേടകങ്ങളയച്ചിരുന്നു. അത് ഹൈ റെസല്യൂഷനുള്ള ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയക്കുന്നുണ്ടായിരുന്നു തിരികെ. അതില്‍ അപ്പോളോ മിഷന്‍ വിജയകരമായതിന്‍റെ തെളിവുകളായുള്ള ചിത്രങ്ങളുണ്ടായിരുന്നു. അന്നത്തെ യാത്രികരുടെ കാല്‍പ്പാടുകളുടേയും മറ്റും ചിത്രങ്ങള്‍ അത് ശേഖരിച്ചിരുന്നു. 

ചന്ദ്രനില്‍ മനുഷ്യര്‍ കാലുകുത്തിയ ഒരേയൊരു രാജ്യം അമേരിക്കയാണ്. റഷ്യ, ജപ്പാന്‍, ചൈന, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, ഇന്ത്യ ഒക്കെ ബഹിരാകാശ വാഹനങ്ങളയച്ചിട്ടുണ്ട് എങ്കിലും. മനുഷ്യരെ അയക്കാനായാല്‍ അത് കാണിക്കുക സാങ്കേതിക വിദ്യയിലും മറ്റുമുള്ള ആ രാജ്യത്തിന്‍റെ ശക്തിയെത്തന്നെയാണ്. അത് ആ രാജ്യത്തെ എലൈറ്റ് ക്ലബ്ബില്‍ പെടുത്തുന്നു.

വിഭവങ്ങളെ ചൂഷണം ചെയ്യാനുള്ള ത്വര പോലെ  പ്രായോഗികമായ കാരണങ്ങൾ വേറെയുമുണ്ട് ഇതിലൊക്കെ. രണ്ടു ധ്രുവങ്ങളിലും കണ്ടുവരുന്ന ഐസിൽ ഹൈഡ്രജനും ഓക്സിജനുമുണ്ട്. രണ്ടും റോക്കറ്റുകൾക്ക് ഇന്ധനമായി ഉപയോഗിക്കാവുന്നതായതിനാൽ ഇത് പേടകത്തെ അന്തരീക്ഷത്തിലേക്ക് കൂടുതലായി കടന്നു ചെല്ലാൻ സഹായിക്കുന്നു. സ്വർണം, പ്ലാറ്റിനം, അപൂർവ്വധാതുക്കൾ എന്നിവയ്ക്കായി ചാന്ദ്രോപരിതലത്തിൽ  ഖനനം  നടത്തുന്നതിന്റെ സാധ്യതകളും പരിശോധിച്ചു വരികയാണ്. അത് എത്രകണ്ട് എളുപ്പമുള്ള ഒരു പ്രക്രിയയാണ് എന്നത് ഇന്നും വ്യക്തമല്ല എങ്കിലും.