വലിയ ജാറുകളിലെ വീഞ്ഞ് ശേഖരം,കളിമൺ പാത്രങ്ങൾ, 2600 വർഷത്തോളം പഴക്കമുള്ള കല്ലറ പരിശോധിക്കാനെത്തിയ ഗവേഷകർ കണ്ടത്!
കളിമണ്‍പാത്രങ്ങളും വൈനുകളും മരിച്ചയാളുടെ സ്വകാര്യ സ്വത്തുക്കളും അടക്കം വന്‍ നിധിശേഖരമാണ് കല്ലറയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്

ഇറ്റലി: 2600 വർഷത്തോളം പഴക്കമുള്ള ശവക്കല്ലറ പരിശോധിക്കാനെത്തിയ പുരാവസ്തു ഗവേഷകരെ കാത്തിരുന്നത് അപൂർവ്വതകളുടെ വന്‍ ശേഖരം. ഈ വർഷം ആദ്യമാണ് മധ്യ ഇറ്റലിയിൽ ഈ കല്ലറ കണ്ടെത്തിയത്. നിരവധി പുരാവസ്തു ഗവേഷകരുടേയും മുന്‍സിപ്പാലിറ്റി അധികൃതരുടേയും സാന്നിധ്യത്തിലാണ് പുരാതന എട്രൂസ്കാന്‍ കല്ലറ പൊളിച്ച് പരിശോധിച്ചത്. ഒസ്റ്റീരിയ നെക്റോപൊളിസ് എന്ന സ്ഥലത്താണ് ഈ കല്ലറ കണ്ടെത്തിയത്. മെഡിറ്ററേനിയന്‍ സമുദ്ര നിരപ്പിനൊപ്പം സ്ഥിതി ചെയ്യുന്ന ഈ കല്ലറ റോമിന് വടക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് കണ്ടെത്തിയിരിക്കുന്നത്.
ആധുനിക ഇറ്റലിയുടെ ഒരു ഭാഗത്തായിരുന്നു എട്രൂസ്കാന്‍ സമൂഹം അവരുടെ സംസ്കാരം പടുത്തുയര്‍ത്തിയതെന്നാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്. റോമന്‍ റിപബ്ലികിനോട് സമാനതകളുള്ള ഒരു സംസ്കാരമാണ് 900 ബിസിക്ക് ആദ്യ കാലത്ത് എട്രൂസ്കാന്‍ സമൂഹത്തിന്റേത്. റോമാ സാമ്രാജ്യത്തിനോടുള്ള പോരാട്ടങ്ങളിലാണ് എട്രൂസ്കാന്‍ സമൂഹം ചിതറിപ്പോയത്. ഇവരുടെ കല്ലറ നിരവധി വിനോദ സഞ്ചാരികളേയും പുരാവസ്തു ഗവേഷകരേയും ഇറ്റലിയിലേക്ക് ആകർഷിച്ചിരുന്നു. ഒരു തരത്തിലുമുള്ള കേടുപാടുകളുമില്ലാതെയാണ് ഈ കല്ലറ കണ്ടെത്തിയത്. ഒക്ടോബര്‍ അവസാന വാരത്തിലാണ് ഈ കല്ലറ തുറന്നത്. കളിമണ്‍പാത്രങ്ങളും വൈനുകളും മരിച്ചയാളുടെ സ്വകാര്യ സ്വത്തുക്കളും അടക്കം വന്‍ നിധിശേഖരമാണ് കല്ലറയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്.
ഇടുങ്ങിയ കഴുത്തോട് കൂടിയതും ഇരുവശത്തും പിടികളോടും കൂടി ജാറുകളില്‍ സൂക്ഷിച്ച വീഞ്ഞിന് ഗ്രീസ് വൈനുകളോടാണ് സാദൃശ്യമെന്നാണ് പുരാവസ്തു ഗവേഷകര്‍ വിശദമാക്കുന്നത്. ഈ കല്ലറയുടെ ഉടമകള്‍ക്ക് വീഞ്ഞ് കച്ചവടവുമായുള്ള ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ഗവേഷകര്‍ വിശദമാക്കുന്നത്. പാത്രങ്ങളും, ഇരുമ്പ് ഉപകരണങ്ങളും, സെറാമിക് പാത്രങ്ങളും അലങ്കാര വസ്തുക്കളും കേടുപാടുകളൊന്നുമില്ലാത്ത അഴസ്ഥയിലാണ് കണ്ടെത്തിയിട്ടുള്ളത്.
കല്ലറയില്‍ നിന്ന് കണ്ടെത്തിയ വെങ്കല കുടത്തിനും കേടുപാടുകളൊന്നുമില്ലെന്നും ഗവേഷകര്‍ വിശദമാക്കി. അന്നത്തെ കാലത്ത് സാമ്പത്തികമായി ഉന്നത സ്ഥിതിയിലുള്ള ആരെയോ ആയിരിക്കാം ഈ കല്ലറയില്‍ അടക്കം ചെയ്തതെന്നാണ് ഉള്ളടക്ക പരിശോധനയ്ക്ക് ശേഷം പുരാവസ്തു ഗവേഷകര്‍ പ്രതികരിക്കുന്നത്. പടികളോട് കൂടിയ ഇടനാഴികളും കല്ലുകള്‍ കൊണ്ട് കെട്ടിത്തിരിച്ച മുറികളോടും കൂടിയതാണ് കണ്ടെത്തിയ കല്ലറ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം